KERALA TOP NEWS

കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നം; സിപിഎം ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും പതനത്തിന് ആക്കംകൂട്ടുമെന്നും തേജസ്വി സൂര്യ

കണ്ണൂർ: കേരളത്തിലും കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നമാണന്ന് കണ്ണൂരിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന വാർഷികത്തിൽ യുവമോർച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ പറഞ്ഞു.
സംസ്ഥാനത്ത് സിപിഎം ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും ഈ പതനത്തിന് ആക്കംകൂട്ടും. ഉദ്യോഗസ്ഥ-ജുഡീഷ്യറി-നിയമപാലന രംഗങ്ങളിലെല്ലാം കമ്മ്യൂണിസത്തിന്റെ ഏകാധിപത്യമാണ് കേരളത്തിൽ നടപ്പാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ ബെംഗളൂരുവിലേക്ക് പോകേണ്ടിവന്നു. വ്യവസായം, നിക്ഷേപം, തൊഴിൽ അവസരങ്ങൾ എന്നിവയൊന്നുമില്ലാത്ത കേരളത്തിൽ, ഉള്ള സർക്കാർ ജോലിയിൽ പിൻവാതിൽ നിയമനം നടക്കുന്നു. രാജ്യത്തെ മികച്ച നൂറ് സർവകലാശാലകളിൽ ഒന്നു പോലും കേരളത്തിൽ നിന്നല്ല. വൈസ് ചാൻസിലർമാരെ നിയമിക്കാനും കമ്മ്യൂണിസം അടിച്ചേൽപ്പിക്കാനുമാണ് സർക്കാറിന് താൽപര്യം.
വികസന പദ്ധതികളെ എതിർത്തതാണ് കമ്മ്യൂണിസ്റ്റ് ചരിത്രം. വികസനം ഉണ്ടായാൽ ദാരിദ്ര്യം നീങ്ങും. ദാരിദ്ര്യം നിലനിന്നാലെ കമ്മ്യൂണിസം നിലനിൽക്കൂ. ജയകൃഷ്ണൻ മാസ്റ്ററെ പോലെയുള്ളവരെ ഇല്ലാതാക്കി ദേശീയപ്രസ്ഥാനത്തെ തകർക്കാമെന്ന് വ്യാമോഹിച്ച കമ്മ്യൂണിസ്റ്റുകൾ സ്വയം ഇല്ലാതായിരിക്കുന്നു. ഭാരതീയ സംസ്‌ക്കാരത്തിനും പൈതൃകത്തിനും എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകൾ എതിരായിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിനടക്കം കൂട്ടു നിന്നത് ഇതിനുദാഹരണമാണ്, അദ്ദേഹം പറഞ്ഞു
യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ആമുഖ ഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ. പദ്മനാഭൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *