KERALA Main Banner TOP NEWS

തട്ടിപ്പുനടത്തിയ മഹേശൻ കുടുങ്ങുമെന്നായപ്പോൾ ആത്മഹത്യചെയ്തതാണ്. ഇതിന് ഞാനെന്ത് പിഴച്ചു?

തന്നേയും മകനേയും എസ്എൻഡിപി നേത്യത്വത്തിൽ നിന്ന് മാറ്റാനുള്ള ഗൂഢ ഉദ്ദേശ്യത്തോടെ നൽകിയ പരാതിയിലാണ് കേസെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ അട്‌സിഥാനത്തിലാണ് കേസ്. ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി റഫർ ചെയ്ത കേസാണിത്. തന്നെയും മകനെയും എസ്എൻഡിപി നേത്യത്വത്തിൽ നിന്ന് മാറ്റുന്നതിന് ഗൂഢ ഉദ്ദേശ്യത്തോടെ നൽകിയ പരാതിയിലാണ് കേസെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോ ഫൈനാൻസ് പദ്ധതിയിൽ മഹേശൻ പല തട്ടിപ്പും നടത്തി. കേസിൽ കുടുങ്ങുമെന്നായപ്പോൾ ആത്മഹത്യ ചെയ്തതാണ്. ഇതിന് താൻ എന്ത് പിഴച്ചു. ഒന്നുമല്ലാതിരുന്ന മഹേശനെ വളർത്തിയത് താനാണെന്നും വെളളാപ്പള്ളി പറഞ്ഞു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു

കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാദം. കേസിൽ സിബിഐ അന്വേഷണം വേണമെന്നന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *