പി.എം.ജി. നമ്പീശന്റെ കവിതാ സമാഹാരമായ ‘പൂത്തുമ്പികൾ’ പ്രകാശനം ചെയ്തു

കൊൽക്കത്ത: കവി, ശാസ്ത്രജ്ഞൻ, നാടകകൃത്ത് എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ തെളിയിച്ച പ്രൊഫസ്സർ പി. എം. ജി. നമ്പീശന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘പൂത്തുമ്പികൾ’ പുരോഗമന കലാസാഹിത്യസംഘം, കൊൽക്കത്തയുടെ ആഭിമുഖ്യത്തിൽ കൽക്കത്ത മലയാളി അസോസിയേഷന്റെ പറക്കോട് ശശി മെമ്മോറിയൽ ഹാളിൽ പ്രകാശനം ചെയ്തു.
മുൻ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ എം. എൽ. എ. മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ചലച്ചിത്രനിരൂപകൻ ജി. പി. രാമചന്ദ്രനാണ് പ്രകാശന കർമ്മം നിർവഹിച്ചത്. നാടക സംവിധായകനും നിരൂപകനും ആയ രവി തൈക്കാട്ട് ആദ്യപ്രതി ഏറ്റുവാങ്ങി.
ഡോക്ടർ കെ. കെ. കൊച്ചുകോശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പു.ക.സാ. സംഘം ജില്ലാ സെക്രട്ടറി സി. നാരായണൻ സ്വാഗതം ആശംസിച്ചു. കഥാകാരി പ്രഭാ മേനോൻ, തളിയിൽ ടി. വി. നാരായണൻ എന്നിവർ കവിതകളെ ആസ്പദമാക്കി സംസാരിച്ച് ആശംസകൾ നേർന്നു. പ്രൊഫ. നമ്പീശൻ തന്റെ മറുപടി പ്രസംഗത്തിൽ രചനാ കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ശശികല ജി. നായർ (സ്‌നേഹം), ശ്രീഷ്മ ബാലകൃഷ്ണൻ (പൂത്തുമ്പികൾ), നിവേദിത മനോജ് (ദീപ്തമായ സ്മരണകൾ), മൻസൂർ ഇഷാസ് (ദുഃഖങ്ങൾ ഇല്ലാത്തവർ) എന്നിവർ സമാഹാരത്തിൽ നിന്നുള്ള കവിതകൾ അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം, കൊൽക്കത്തയുടെ ബേഹാല യൂണിറ്റ് സെക്രട്ടറി ശ്രീ എ. നാരായണൻകുട്ടി നന്ദി പ്രകാശിപ്പിച്ചു.