മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ
യുവാവിന്റെ ആക്രമണം

മലയിൻകീഴ്: മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയാൻ
ശ്രമിച്ച കാരാംകോട് സ്വദേശി ഷിജു(37)വിനെ മലയിൻകീഴ് പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നു. ഇതിൽ പ്രകോപിതനായി ഇയാൾ സ്റ്റേഷനിലെ പാറവുകാരനെ ക്രൂരമായി മർദ്ദിച്ചു. സ്റ്റേഷനിലെ കമ്പ്യൂട്ടറും വയർലസ് സെറ്റും മറ്റ് ഉപകരണങ്ങളും
തകർത്തു. സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത പൊലീസിനും ഷിജുവിന്റെ ആക്രമണമുണ്ടായി. സംഭവം നടക്കുമ്പോൾ ജിഡിചാർച്ചിൽ ഉണ്ടായിരുന്ന വനിത പോലീസുകാരി അനിത, പാറവുനിന്ന വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഷിജുവിനെ സ്റ്റേഷനിൽ എത്തിക്കുമ്പോൾ ഈ രണ്ട് പോലീസ് കാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവർ സ്റ്റേഷനിൽ വിശ്രമത്തിലുമായിരുന്നു. ഇന്നലെ രാവിലെ 7.30 മണിയോടെയാണ് സംഭവം.



തച്ചോട്ടുകാവിൽ മേസ്തിരി പണിക്കാരനെ ഇന്നോവ കാർ ഇടിച്ച് പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞതായി സ്റ്റേഷനിൽ വിവരം ലഭിച്ചു. രണ്ട് പോലീസുകാർ അവിടെ എത്തി ഇന്നോവ കാറും ഡ്രൈവർ ഷിജുവിനെയും സ്റ്റേഷനിൽ കൊണ്ട് വന്നു. കാറിലുണ്ടായിരുന്ന ബാലരാമപുരം ചായ്‌ക്കോട്ടുകോണം സ്വദേശി അരുൺ,മാറനല്ലൂർ കൂവളശ്ശേരി സ്വദേശി ഹരീഷ് എന്നിവർ അപകടമുണ്ടായ ഉടനെ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നുവെങ്കിലും അവരെയും പോലീസ് പടികൂടിയിട്ടുണ്ട്. പാറാവുകാരൻ വിഷ്ണുവിനെ മർദ്ദിച്ച ശേഷം യൂണിഫോം ഷിജു കീറികളഞ്ഞു. പാറാവുകാരന്റെ നിലവിളികേട്ട് ഡ്യൂട്ടികഴിഞ്ഞ് സ്റ്റേഷന്റെ പിൻമുറിയിൽ വിശ്രമത്തിലായിരുന്ന പോലീസുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇതിലൊരു പോലീസുകാരൻ അലോഷ്യസിനും ജിഷ്ണുവിന്റെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. വിഷണുവിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കവെ തടയാനെത്തിയപ്പോഴാണ് വനിതാ പൊലീസുകാരി അനിതയ്ക്ക് നേരെയും ആക്രമണമുണ്ടായത്. മലയിൻകീഴ് സ്റ്റേഷനാകെ വിറപ്പിച്ച ഷിജു സ്വയം തല ചുവരിൽ ഇടിച്ച് മുറിവേൽപ്പിച്ചു. പരിക്കേറ്റ പോലീസുകാരായ അലോഷ്യസ്, വിഷ്ണു, അനിത, പ്രതി ഷിജു എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഇടിച്ച് ഗുരുതരപരിക്കേറ്റ കീഴാറൂർ സ്വദേശി ശശി(50)യെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷിജുവിനൊപ്പം കാറിലുണ്ടായിരുന്ന അരുൺ, ഹരീഷ് എന്നിവർ പോലീസ്
കസ്റ്റഡിയിലുണ്ട്.