ദിവ്യയേയും കുഞ്ഞിനെയും മാത്രമല്ല, രണ്ട് പേരെ കൂടി കൊല്ലാൻ മാഹിൻകണ്ണ് പദ്ധതിയിട്ടു

തിരുവനന്തപുരം: കാമുകിയേയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പൂവാർ സ്വദേശി മാഹിൻകണ്ണ് (43) രണ്ട് പേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു.
കാമുകിയായ ദിവ്യയുടെ അച്ഛനെയും അമ്മയേയും വകവരുത്താനാണ് ഇയാൾ പദ്ധതിയിട്ടത്. ദിവ്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം അച്ഛനമ്മമാരെ പൂവാറിലെത്തിക്കാൻ പ്രതി ശ്രമിച്ചിരുന്നെന്നാണ് വിവരം. ദിവ്യയുടെ അമ്മ രാധയെ 2011 ഓഗസ്റ്റ് 24ന് രാത്രി ഏഴ് മണിയോടെ മാഹിൻകണ്ണ് വിളിച്ചിരുന്നു.

പൂവാറിലേക്ക് വന്നാൽ മകളെയും കൊച്ചുമകളെയും കാണിച്ചുതരാമെന്ന് പ്രതി രാധയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം 598 സെക്കന്റ് നീണ്ടുനിന്നു. 2011 ഓഗസ്റ്റ് 18നാണ് പ്രതി ദിവ്യയേയും കുഞ്ഞിനെയും കേരള – തമിഴ്‌നാട് അതിർത്തിയിൽ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
ഭാര്യയും മക്കളുമുള്ള മാഹിൻകണ്ണ് ഇക്കാര്യം മറച്ചുവച്ച് ദിവ്യയെ പ്രണയം നടിച്ച് വശീകരിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയുമായിരുന്നു. ദിവ്യയുടെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് മുങ്ങിയ ഇയാൾ, പിന്നീട് നാട്ടിലെത്തി ദിവ്യയ്ക്കൊപ്പം താമസിച്ചു. ഇതിനിടയിലാണ് പങ്കാളിക്ക് വേറെ ഭാര്യയും മക്കളുമുള്ള വിവരം ദിവ്യ അറിയുന്നത്.
എന്നിട്ടും മാഹിൻകണ്ണിനെ പിരിയാൻ കൂട്ടാക്കാതിരുന്ന ദിവ്യ തന്നെ രണ്ടാം ഭാര്യയാക്കി കൂടെ താമസിപ്പിക്കണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ മാഹിൻകണ്ണിന്റെ ആദ്യ ഭാര്യ റുക്കിയയും കുടുംബവും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ സമ്മർദ്ദത്തിലായ മാഹിൻകണ്ണ് ദിവ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഓട്ടോയിൽ മീൻ കച്ചവടക്കാരനായെത്തിയപ്പോഴാണ് മാഹിൻകണ്ണിനെ ദിവ്യ പരിചയപ്പെടുന്നത്. വീട്ടുകാർ ബന്ധം എതിർത്തെങ്കിലും ദിവ്യ കാമുകനൊപ്പം വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് ദിവ്യയുടെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് മുങ്ങി. ഈ സമയമാണ് ദിവ്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് നാട്ടിലെത്തിയ പ്രതി ദിവ്യയ്ക്കൊപ്പം താമസം തുടങ്ങി. ഇതിനിടയിലാണ് മാഹിൻ കണ്ണിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് ദിവ്യയ്ക്ക് മനസിലായത്.
ഒരു ദിവസം മാഹിൻ ബാത്തിറൂമിലായിരുന്നപ്പോൾ ഇയാളുടെ ഫോണിലേക്ക് ആദ്യ ഭാര്യ റുക്കിയയുടെ ഫോൺ വരികയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. എന്നിട്ടും ഇയാളെ പിരിയാൻ കൂട്ടാക്കാതിരുന്ന ദിവ്യ തന്നെ രണ്ടാം ഭാര്യയാക്കി കൂടെ താമസിപ്പിക്കണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ റുക്കിയയും കുടുംബവും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ സമ്മർദ്ദത്തിലായ മാഹിൻകണ്ണ് ദിവ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
കൊലപാതകപദ്ധതി ആസൂത്രണം ചെയ്ത ഇയാൾ 2011 ആഗസ്റ്റ് 11ന് ഇരുവരെയും കൂട്ടി ബൈക്കിൽ പൂവാറിനപ്പുറം തമിഴ്‌നാട് അതിർത്തിയിലുള്ള കടപ്പുറത്തെത്തുകയും അവിടെ വിജനമായ സ്ഥലത്തുവച്ച് ദിവ്യയെയും കുഞ്ഞിനെയും കടലിലേക്ക് തള്ളി വീഴ്ത്തുകയുമായിരുന്നു. തിരയിൽപ്പെട്ട് ഇരുവരും മുങ്ങിത്താഴ്‌ന്നെന്ന് ഉറപ്പാക്കിയശേഷം അവിടെ നിന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ദിവ്യയുടെ മൃതദേഹം 2011 ആഗസ്റ്റ് 19നും ഗൗരിയുടേത് ജീർണിച്ച നിലയിൽ ആഗസ്റ്റ് 24നും തമിഴ്‌നാട് തീരത്ത് അടിയുകയും അജ്ഞാത മൃതദേഹങ്ങളെന്ന നിലയിൽ ഡി.എൻ.എ സാമ്ബിളുകളും ഫോട്ടോയും ശേഖരിച്ചശേഷം തമിഴ്‌നാട് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി അവിടെ മറവുചെയ്യുകയുമായിരുന്നു.

മൃതദേഹങ്ങളുടെ ഫോട്ടോയിൽ നിന്ന് വീട്ടുകാർ ദിവ്യയെ തിരിച്ചറിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചറിഞ്ഞില്ല. ദിവ്യയുടെ വീട്ടുകാരുടെയും മാഹിന്റെയും രക്ത സാമ്ബിളുകൾ ശേഖരിച്ച് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളായിരുന്നുവെന്ന് ഉറപ്പാക്കാൻ അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്.
മകളെയും കുഞ്ഞിനെയും കാണാതായി രണ്ട് ദിവസമായിട്ടും ഇവരെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ദിവ്യയുടെ അമ്മ രാധ 2011 ആഗസ്റ്റ് 20ന് മാറനല്ലൂർ പൊലീസിലും തൊട്ടടുത്ത ദിവസം മാഹിന്റെ സ്ഥലമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. പൂവാർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ മാഹിൻ കണ്ണിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ദിവ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ഇയാൾ അടുത്തദിവസം അവരെ കൂട്ടിക്കൊണ്ടുവരാമെന്നേറ്റശേഷം മുങ്ങുകയായിരുന്നു. 2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും മാഹിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.
ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മാഹിൻ മനുഷ്യാവകാശ കമ്മിഷനിലും കോടതിയിലും പോയി തന്നെ അനാവശ്യമായി സ്റ്റേഷനിൽ വിളിപ്പിക്കുന്നത് തടഞ്ഞു. ഇതോടെ അന്വേഷണം വഴിമുട്ടിയ കേസ് അൺനോൺ കേസുകളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോഴാണ് 2021ൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ദിവ്യയുടെ ബന്ധുക്കളെയും മാഹിൻകണ്ണിനെയും കുടുംബാംഗങ്ങളെയും നേരിൽക്കണ്ട് നടത്തിയ അന്വേഷണവും ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവ് ശേഖരണവുമാണ് ഇരട്ടക്കൊലപാതകക്കേസിന് തുമ്പായത്. ദിവ്യയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് മാഹിൻ കണ്ണിന്റെ പേര് രേഖപ്പെടുത്തിയതും ഏറ്റവും അവസാനം ദിവ്യയെയും ഗൗരിയെയും മാഹിൻകണ്ണാണ് കൂട്ടിക്കൊണ്ടുപോയതെന്ന മൊഴികളും ഇയാളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കാനിടയാക്കി.
കഴിഞ്ഞ രണ്ട് ദിവസമായുള്ള നിരന്തര ചോദ്യം ചെയ്യലിനൊടുവിൽ നിവൃത്തിയില്ലാതെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇയാളെക്കൂടാതെ ഭാര്യയ്ക്കോ കുടുംബാംഗങ്ങൾക്കോ കൊലപാതകത്തിലോ കൊലപാതക പ്രേരണയിലോ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കൊലപാതകം റുക്കിയയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. അങ്ങനെയെങ്കിൽ കൊലപാതകവിവരം മറച്ചുവച്ചതിന് കേസിൽ പ്രതിയാകും. റൂറൽ എസ്.പി ഡി.ശില്പയെ കൂടാതെ അഡിഷണൽ എസ്.പി സുൾഫിക്കർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ, നെയ്യാറ്റിൻകര എ.എസ്.പി ഫറാസ് എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.