സർക്കാരിന് വീണ്ടും തിരിച്ചടി; ;
ഡോ.സിസ തോമസിന് വി.സി.യായി തുടരാം;
സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സർവ്വകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്റ് ഡയറക്ടറായ ഡോ. സിസ തോമസിന് നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വി.സിയായി സർക്കാർ നിർദ്ദേശിച്ചവർ നിർദ്ദിഷ്ട യോഗ്യതയുള്ളവരായിരുന്നില്ല. മറ്റു വി.സി.മാർക്ക് അധിക ചുമതല കൊടുക്കാതിരുന്ന ചാൻസലറുടെ നടപടിയും തെറ്റെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് ഗവർണർ വിശദീകരിച്ചിട്ടുണ്ട്.
എത്രയും വേഗം സ്ഥിരം വി.സി. നിയമനം നടത്താൻ നടപടിയെടുക്കാനും ജസറ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
ഇതിനുവേണ്ടി സെലക്ഷൻ കമ്മിറ്റി ഉടൻ രൂപീകരിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
സിസാ തോമസിന് യോഗ്യതയില്ല എന്നും ഗവർണറുടെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമെന്നുമൊക്കെയായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞിരുന്നത്. പക്ഷേ, കോടതി പ്രധാനമായും ശ്രദ്ധിച്ചത് ഏതൊക്കെ കാര്യങ്ങളിലൂടെയാണ് ഗവർണർ കടന്നുപോയത്, എങ്ങനെയാണ് സിസാ തോമസിലേക്ക ്എത്തിയത് തുടങ്ങിയ കാര്യങ്ങളാണ്. അതിൽ പ്രധാനമായും കോടതിക്ക് മുന്നിൽ വന്നത് സർക്കാർ സമർപ്പിച്ച പട്ടികയിലുണ്ടായിരുന്നവർക്ക് വേണ്ടത്ര യോഗ്യതയുണ്ടായിരുന്നില്ല എന്നതാണ്. ഇക്കാര്യം ഗവർണർ നിരീക്ഷിച്ചിരുന്നു.
ഗവർണർ തനിക്ക് മുന്നിൽ വന്ന കാര്യങ്ങളെ കൃത്യമായി അപഗ്രഥിച്ചുകൊണ്ടാണ് ശരിയായ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്നും കോടതി പറഞ്ഞു.


