അടുത്ത വർഷം മുതൽ നാല് വർഷ ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകൾ

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ഡിഗ്രി ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങൾ പഠിക്കാനും നാല് വർഷ ബിരുദ കോഴ്‌സിലൂടെ അവസരമുണ്ടാകും.

രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അദ്ധ്യയന വർഷം മുതൽ നാല് വർഷ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വർഷ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുന്നത്. 45 കേന്ദ്രസർവകലാശാലകൾ, കൽപിത സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ എന്നിവർ ഇതിനോടകം താൽപര്യം അറിയിച്ചതായും ചെയർമാൻ വ്യക്തമാക്കിയിരുന്നു. കോഴ്സിന്റെ മാർഗരേഖയ്ക്ക് യുജിസി അന്തിമരൂപം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളിൽ ഡിഗ്രി മുതൽ തന്നെ ഗവേഷണ ആഭിമുഖ്യം വളർത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. നാലാം വർഷം ഗവേഷണവും ഇന്റേൺഷിപ്പും ഒരു പ്രോജക്ടും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാദ്ധ്യമാക്കും. മാത്രമല്ല, ഇവർക്ക് പിജി രണ്ടാം വർഷത്തിലേയ്ക്ക് ലാറ്ററൽ എൻട്രിയും നൽകും. നാല് വർഷ കോഴ്‌സുകൾക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നൽകുക. മൂന്ന് വർഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും നൽകും.
പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ കൂടി ഉൾപ്പെടുത്തിയാകും കോഴ്സുകൾ എന്നാണ് സൂചന. അടുത്ത അദ്ധ്യയന വർഷത്തെ കോഴ്സുകൾ ആരംഭിക്കുമ്പോൾ നാല് വർഷ ബിരുദകോഴ്സുകൾക്കും പ്രവേശനം നേടാം. പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങൾ ഏകീകരിക്കുന്നതിനായി സർവകലാശാലകൾക്കായി പൊതു അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
