സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധസമരങ്ങളെ അടിച്ചമർത്തി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് സർവ്വേ നടപടികളുമായി മുന്നോട്ടുപോയ സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ചു വിളിച്ചു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.


ഭൂമിയേറ്റെടുക്കുന്നതിന് പ്രാരംഭമായുള്ള സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെയാണ് സിൽവർലൈനിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് രൂക്ഷമായ എതിർപ്പുയർന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിൻമാറില്ലെന്ന പിടിവാശിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. ഇതിനിടക്ക് തൃക്കാക്കര ഇലക്ഷനിൽ തിരിച്ചടിയേറ്റതോടൊണ് സർക്കാരിന് ബോധോദയമുണ്ടായത്.
അനുമതി നൽകാത്തത് കേന്ദ്രം; സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി
സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്‌നമെന്നുമാണ് ബാലഗോപാലിന്റെ പ്രതികരണം. ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് ധനമന്ത്രിയുടെ പ്രതികരണം.
സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണമെന്നും സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.


