‘കളിയാണ് ലഹരി ‘ ഫുട്‌ബോൾ മാമാങ്കം കോട്ടൂരിൽ

കോട്ടക്കൽ: ലഹരിയുടെ നീരാളി പിടുത്തത്തിലേക്ക് വഴുതി വീഴുന്ന പുതിയ തലമുറയെ നൻമയിലേക്ക് കൈപിടിച്ച് നടത്തുകയെന്ന സർക്കാറിന്റെ ‘ജീവിതമാണ് ലഹരി’ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ‘എ.കെ.എം വേൾഡ് കപ്പ് ‘ സംഘടിപ്പിച്ചു. ഖത്തറിലല്ല കോട്ടൂരിൽ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്‌സൺ ബുഷ്റ ഷബീർ അധ്യക്ഷത വഹിച്ചു.സൂപ്പർ സ്റ്റുഡിയോ മാനേജർ അഷ്‌റഫ് ബാവ മുഖ്യാതിഥിയായി.സ്‌കൂൾ മാനേജ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉപഹാര സമർപ്പണം നടത്തി. നഗരസഭ കൗൺസിലറും എസ്.എം.സി ചെയർമാനുമായ എം സി മുഹമ്മദ് ഹനീഫ പദ്ധതി വിശദീകരിച്ചു.
കളിയാണ് ലഹരി എന്ന മുദ്രാവാക്യത്തിലൂടെ അച്ചടക്കമുള്ള, രാജ്യസ്‌നേഹമുള്ള ഒരു പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം സമീപഭാവിയിൽ ലോകകപ്പിൽ കളിക്കുവാൻ ഇന്ത്യയുടെ യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൂടി ഈ എളിയ ശ്രമത്തിൽ ഉണ്ട്. 32 രാജ്യങ്ങളുടെ ജെഴ്‌സി അണിഞ്ഞ് 352 കുട്ടികളാണ് ഫുട്‌ബോൾ മാമാങ്കത്തിൽ പങ്കാളികളാകുന്നത്.ചെണ്ടമേളം, കോൽക്കളി, പൂരക്കളി, വട്ടപ്പാട്ട്, ദഫ് മുട്ട്, തിരുവാതിര തുടങ്ങി വിവിധ കലാരൂപങ്ങളവതരിപ്പിച്ചാണ് വിദ്യാർത്ഥികൾ മന്ത്രിയെ വരവേറ്റത്. വേദിയിൽ വിദ്യാർത്ഥികളുടെ വിവിധ കായിക പ്രകടനങ്ങളും അരങ്ങേറി.
ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ടി കബീർ മാസ്റ്റർ, കെ സഫീർ അസ് ലം, പി.ടി.എ വൈസ് പ്രസിഡന്റ് കെ സുധീഷ് കുമാർ,എസ്.എം.സി വൈസ് ചെയർമാൻ സമീറുദ്ധീൻ ഇരണിയൻ, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ,പ്രിൻസിപ്പാൾ അലി കട വണ്ടി, സ്റ്റാഫ് സെക്രട്ടറി എം.ടി ജുമൈല എന്നിവർ സംസാരിച്ചു.


