ALAPUZHA

വീയപുരത്ത് ഒരു കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി

ഹരിപ്പാട്: വീയപുരത്ത് ഇക്കോ ടൂറിസത്തിന് ഒരുകോടി രൂപ അനുവദിച്ചു. ബന്ധപ്പെട്ടവർ പദ്ധതി പ്രദേശം സന്ദർശിച്ചു.കേന്ദ്ര സർക്കാരിൻറെ നഗരവാടിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുക. രാജ്യത്ത് 721 സ്ഥലത്തും, സംസ്ഥാനത്ത് 12 സ്ഥലത്തും ഈ സാമ്പത്തികവർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. റാന്നി ഡി.എഫ്.ഒയുടെ മേൽനോട്ടത്തിലാണ് പദ്ധതിനടപ്പാക്കുക.
പദ്ധതി അതിവേഗം നടപ്പാക്കുന്നതിന്റെ ഭാഗമായി വനസംരക്ഷണ സമിതി രൂപീകരിച്ചു. ഒരു ഉദ്യോഗസ്ഥനെ പ്രോഗ്രാം കോർഡിനേറ്റർ ആയി നിയമിച്ചുകഴിഞ്ഞു. ഡിപ്പോയിലെ തടി ഇറക്കു തൊഴിലാളികൾ, കുടുംബശ്രീ, പരിസരവാസികൾ എന്നിവരെ ഉൾകൊള്ളിച്ച് സ്വയം സഹായസംഘങ്ങൾ രൂപീകരിച്ചു. ഇക്കോ ടൂറിസം യാഥാർത്ഥ്യമാകുന്നതോടെ ഇവർക്ക് ജോലിസാധ്യതയും യാഥാർത്ഥ്യമാകും.ഇരുപത് പേരടങ്ങുന്ന 12 ഗ്രൂപ്പകൾ രൂപീകരിച്ചാണ് പ്രവർത്തനം. രണ്ട് കരകളിലായി വ്യാപിച്ചുകിടക്കുന്ന സംരക്ഷത വനം ഉൾകൊള്ളുന്ന തടിഡിപ്പോയെ ബന്ധിപ്പിക്കുന്നതിന് കയർ പാലം നിർമിക്കും.
ഡിപ്പോ ആഫീസിനോട് ചേർന്നുള്ള ഏക്കർകണക്കിനുള്ള കുളം ആധുനീകരിച്ച് കുട്ടവഞ്ചി സവാരി നടത്തും. തൊട്ടടുത്തുള്ള ആറുകളിൽ ബോട്ടിംഗും,കുട്ടവഞ്ചി സവാരിയും നടത്താൻ പദ്ധതി വിഭാവനംചെയ്യുന്നു. ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ യുള്ള കളിവള്ളങ്ങൾ പ്രദർശനവസ്തുക്കളാകും. അതുപോലെപൂന്തോട്ടം, പാർക്ക്, മുളംകാട്,ഇക്കോ ഷോപ്പ്,കുടുംബശ്രീ ഷോപ്പുകൾ എന്നിവയുമുണ്ടാകും.
അച്ചൻ കോവിൽ പമ്പ നദികളുടെ സംഗമകേന്ദ്രമായ ഇവിടെ പതിനാലര ഏക്കറിൽ പരന്നു കിടക്കുന്ന സംരക്ഷിത വനമുണ്ട്.ഈ പ്രദേശം വിനോദ സഞ്ചാര മേഖലയിലേക്ക് ഉയരുന്നതോടെ പ്രാദേശികമായ വികസനത്തിന് വലിയ മുതൽകൂട്ടുമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *