കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവ സ്റ്റേജിനങ്ങൾ തിങ്കൾ മുതൽ;
നാല് നാൾ വടകരയിൽ സർഗോത്സവം

വടകര: നാളെ (തിങ്കൾ ) മുതൽ നാല് നാൾ കടത്തനാട്ടുകാർക്ക് കലാവിരുന്നുണ്ട് ഉറക്കമില്ലാത്ത രാത്രികൾ. കോഴിക്കോട് ജില്ല സ്‌കൂൾ കലോത്സവം വടകരയിൽ സെന്റ് ആന്റണീസ് ഗേൾസ് സ്‌കൂൾ കേന്ദ്രീകരിച്ച് ഡിസമ്പർ ഒന്ന് വരെ തുടരും. മീഡിയേ സെന്ററിന്റെ പ്രവർത്തനം ശനിയാഴ്ച മുതൽ സജീവമായി. ജനകീയ കലവറ നിറക്കൽ രണ്ടിത്ത് പഴയ ബസ്് സ്റ്റാന്റിനു സമീപത്തും നാരായണനഗറിലും കഴിഞ്ഞ ദിവസം എം.എൽ.എ, മുനിസിപ്പൽ ചെയർ പേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ കേമമായി നടന്നു. തുടർന്ന് ഞായറാഴ്ച ഊട്ടുപുരയുടെ പാല് കാച്ചലും നഗരസഭ അധ്യക്ഷ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

തിങ്കളാഴ്ചവടകര ടൗൺ ഹാൾ അടക്കമുള്ള ഇരുപതോളം വേദികളിൽ ജില്ല കലോത്സവത്തിന്റെ സ്റ്റേജിന മത്സരത്തിന്റെ ആരവമുയരുന്നതിന്റെ മുന്നോടിയായി സ്വാഗതഗാനം ഒഴുകിയെത്തുമ്പോൾ മറ്റുള്ള ജില്ലാ കലോത്സവത്തിൽ നിന്നും വ്യത്യസ്തമായൊരു സവിശേഷതക്കായി അധ്യാപകരും കുട്ടികളും കാണികളും കാതോർക്കും. കോഴിക്കോട് ഡി.ഡി.ഇ യും വടകര മണിയൂർ സ്വദേശിയുമായ സി മനോജ്കുമാർ രചിച്ച സ്വാഗതഗാനമാണ് വേദിയിൽ 30 ഓളം സംഗീത അധ്യാപകരുടെ കൂട്ടായ്മയിൽ ആലപിക്കപ്പെടുന്നത്. 14 ജില്ലകളിലും കലോത്സവം നടക്കുന്നുണ്ടെങ്കിലും വടകരയിൽ മാത്രമാണ് കടത്തനാടിന്റെ കലാ വൈഭവം കൂടി വിളിച്ചോതുന്ന വരികൾക്ക് ജില്ല വിദ്യാഭ്യാസ ഉപഡയരക്ടർ തൂലികയേന്തിയത്.
‘ഒരു ചുവടോതിരകടകമൊടിടയും കളരിയിലായ് വളരാം, കരുത്ത് കാട്ടും കടത്തനാടിൻ കഥകളിലായ് മുഴുകാം’എന്ന് തുടങ്ങുന്ന വരികൾക്ക് അത്തോളി ഗവ.വി.എച്ച്.എസ്.എസിലെ സംഗീത അധ്യാപിക ഡോ ദീപ്ന അരവിന്ദാണ് സംഗീതം ചിട്ടപ്പെടുത്തിയത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂരിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 26 സംഗീത അധ്യാപകരുടെ സ്വരമാധുരിയിലാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.