ഗുരുദേവനും ടാഗോറും സമ്മേളിച്ചതിന്റെ ചെറുശിൽപം കേന്ദ്രീയ സർവകലാശാലയുടെ മ്യൂസിയത്തിലേക്ക്

കൽക്കട്ട :1922ൽ ശിവഗിരിയിൽ ശ്രീനാരായണഗുരുദേവനും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും സമ്മേളിച്ചതിന്റെ സ്മരണ ഉണർത്തുന്ന ചെറുശിൽപ്പം കൽക്കട്ടയിലെ വിശ്വഭാരതി കേന്ദ്രീയ സർവകലാശാലയുടെ മ്യൂസിയത്തിലേക്ക് സമർപ്പിക്കപ്പെട്ടു.
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ കൽക്കട്ട വിശ്വഭാരതിയിൽ കേന്ദ്രീയ സർവ്വകലാശാലയിൽ എത്തിയാണ് വൈസ് ചാൻസിലർ പ്രൊഫ. വിദ്യുത് ചക്രവർത്തിക്ക് ശില്പമാതൃക കൈമാറിയത്.

ഈ ശില്പം ദർശിക്കുന്നതിലൂടെ ചരിത്രാന്വേഷികൾക്കും സന്ദർശകർക്കും, രാജ്യത്തിൻറെ വടക്കും തെക്കും നവോത്ഥാനത്തിന് തിരിതെളിയിച്ച വിശ്വഗുരുക്കന്മാരുടെ സമാഗമത്തിന്റെ ചരിത്രത്തെ കുറിച്ച്, ഒരു വിശേഷ അനുഭവം ലഭ്യമാകുമെന്ന് വൈസ് ചാൻസിലർ പ്രൊഫ. വിദ്യൂത് ചക്രവർത്തി അഭിപ്രായപ്പെട്ടു.
1922 നവംബർ 15ന് ശിവഗിരിയിലെ വൈദികമഠത്തിൽ നടന്ന ചരിത്ര മുഹൂർത്തത്തിലെ മഹാഗുരുക്കന്മാരുടെ നിശബ്ദ സംവേദനത്തിന്റെ സ്മരണ ഉണർത്തുന്ന ശില്പ സമുച്ചയം കൊല്ലം ജില്ലയിലെ മുട്ടറ മരുതിമലയിൽ നിർമ്മിക്കുന്നത് ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ആണ്.
ശില്പത്തിനൊപ്പം ഗുരുദേവന്റെയും ടാഗോറിന്റെയും ജീവിത ചരിത്രത്തിലേക്ക് വെളിച്ചം വിശന്ന ചരിത്രമ്യൂസിയവും സജ്ജീകരിക്കുന്നുണ്ട്. ആയതിനുവേണ്ട വിവരശേഖരണത്തിന് വേണ്ടി കൂടിയാണ് ട്രസ്റ്റ് ഭാരവാഹികൾ വിശ്വഭാരതി സന്ദർശിച്ചത്.
ട്രസ്റ്റ്‌ചെയർമാൻ ശ്രീ സുരേഷ്, ട്രഷറർ ശ്രീ ആർ ഷിബു കുമാർ, ജോയിൻ സെക്രട്ടറി ശ്രീ അഭിലാഷ്. അംഗങ്ങളായ ശ്രീ സജീവ് നാണു.ശ്രീ സുധൻ ഭാസ്‌കരൻ , ( വൈസ് പ്രസിഡണ്ട് ,ശ്രീനാരായണ സേവസംഘം കൽക്കട്ട) ശ്രീ.സുധി ഇല്യാസ്, ശ്രീപാദം ശ്രീകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.