GURUSAGARAM KERALA Main Banner TOP NEWS

ശിവഗിരി തീർത്ഥാടനം
ഡിസംബർ 15 മുതൽ ജനുവരി 5 വരെ

ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് ആരംഭിച്ച് 2023 ജനുവരി 5 ന് അവസാനിക്കും.ശിവഗിരി തീർത്ഥാടനം നവതി ബ്രഹ്മവിദ്യാലയം കനകജൂബിലി, മഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദി, മഹാകവി കുമാരനാശാന്റെ 150-ാം ജയന്തി എന്നിവ പരിഗണിച്ച് വിശേഷാൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നരബലി തുടങ്ങിയ അനാചാരങ്ങളിലേയ്ക്കും അന്ധവിശ്വാസങ്ങളിലേയ്ക്കും വഴുതി പോയ സമൂഹത്തിന് ശാസ്ത്രീയ മാർഗം ചൂണ്ടിക്കാട്ടുന്നതിന് പര്യാപ്തമായ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും തീർത്ഥാടന ഭാഗമായി സംഘടിപ്പിക്കും.


മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേയ്ക്കും യുവാക്കളിലേയ്ക്കും വ്യപിച്ചിരിക്കുന്ന പരിതസ്ഥിതിയിൽ അതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാവശ്യമായ പരിപാടികൾ പ്രത്യേകമായി സംഘടിപ്പിക്കുന്നതാണ്.
ഡിസംബർ 15 മുതൽ മഹാഗുരുപൂജ , പുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി കുട്ടികളുടെ വിദ്യാഭ്യാസ വർദ്ധനവിന് വേണ്ടി പേന പ്രസാദമായി നൽകിക്കൊണ്ടുള്ള ശാരദാപൂജ, മഹാശാന്തി ഹവനം എന്നിവ നടത്തും.
ഡിസംബർ 20 മുതൽ 25 വരെ രാവിലെ 10 മുതൽ ഗുരുദേവകൃതികളേയും മേൽപ്പറഞ്ഞ വിഷയങ്ങളേയും ആസ്പദമാക്കി പ്രഭാഷണങ്ങളും പഠനക്ലാസ്സുകളും നടക്കും.
ഗുരുദേവനുപദേശിച്ച തീർത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൈത്തൊഴിൽ, കച്ചവടം, സംഘടന, ശാസ്ത്രസാങ്കേതിക പരിശീലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി അതാത് വിഷങ്ങളിൽ പ്രാഗൽഭ്യം നേടിയവരുടെ പ്രഭാഷണങ്ങളും സമ്മേളനങ്ങളും നടക്കും. ശിവഗിരി തീർത്ഥാടനത്തിൻറെ ഭാഗമായി ഗുരുധർമ്മപ്രചരണസഭയുടേയും എസ്.എൻ.ഡി.പി. യോഗം അടക്കമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ വിളംബര സമ്മേളനങ്ങൾ നടത്തേണ്ടതാണ്. ഗുരുധർമ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗികമായ തീർത്ഥാടന പദയാത്ര നാഗമ്പടം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്നതാണ്. രാജ്യത്തിൻറെ നാനാഭാഗത്ത് നിന്നുമായി സംഘടിപ്പിക്കുന്ന തീർത്ഥാടന പദയാത്രകൾ ഡിസംബർ 29 ന് ശിവഗിരിയിൽ എത്തിച്ചേരും.
ശിവഗിരി തീർത്ഥാടന സന്ദേശം ഇനിയും കടന്നു ചെല്ലാത്ത പ്രദേശങ്ങളിലൂടെ പദയാത്രകൾ സംഘടിപ്പിക്കേണ്ടതാണ്.
ശിവഗിരി തീർത്ഥാടനത്തിൻറെ നവതിയുടെ നിറവിൽ ഇക്കൊല്ലം വിശേഷറാലി സംഘടിപ്പിക്കുന്ന പരിപാടികൾ വിജയപ്രദമാക്കുന്നതിന് എല്ലാ ഗുരുഭക്തരും സുമനസുകളും മുന്നോട്ട് വരണമെന്ന് ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഖജാൻജി ശാരദാനന്ദ സ്വാമി, തീർത്ഥാടന സെക്രട്ടറി വിശാലാനന്ദ സ്വാമി എന്നിവർ അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *