KERALA TOP NEWS

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു; ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം; എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. 59 വയസ്സായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരുളള ഫ്‌ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടിൽ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാല സ്വദേശിയായ സതീഷ് ബാബു 1963ലാണ് ജനിച്ചത്. കാഞ്ഞങ്ങാടു നെഹ്രു കോളജിലും തുടർന്നു പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. ചെറുപ്പത്തിലെ എഴുത്തിനോട് താൽപ്പര്യമുണ്ടായിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിൻറെ കീഴിലുള്ള ഭാരത് ഭവൻറെ മെമ്ബർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *