KERALA OBITURY

തെയ്യം കലാകാരൻ മുരളീധരൻ ചേമഞ്ചേരി ശബരിമല തീർത്ഥാടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

പൂക്കാട്: പ്രശസ്ത തെയ്യം കലാകാരനും ക്ലാസിക്കൽ നാടോടി വാദ്യോപകരണങ്ങളിൽ പ്രഗത്ഭനുമായ മുരളീധരൻ ചേമഞ്ചേരി ശബരിമല തീർത്ഥാടനത്തിനിടെ അപ്പാച്ചിമേട്ടിൽവെച്ച് അന്തരിച്ചു. 48 വയസ്സായിരുന്നു.
ഇന്നലെ പുലർച്ചെ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെയ്യവും കെട്ടിയാട്ടവും എല്ലാ തരം താളവാദ്യങ്ങളും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. 2010ൽ വിവിധതരം സംഗീതോപകരണങ്ങളുടേയും നാടൻ പാട്ടുകളുടേയും തെയ്യത്തിന്റേയും സമന്വയം അദ്ദേഹം ഏകോപിപ്പിച്ച് അവതരിപ്പിച്ചിരുന്നു.
മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ കലാപ്രതിഭ പുരസ്‌കാരം, ബോംബെ ഓൾ മലയാളി കലാപ്രതിഭ പുരസ്‌കാരം, റോട്ടറി രാമായണ പാരായണ കലാരത്‌നം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്.
അച്ഛൻ പരേതനായ നാണു. അമ്മ ശാന്ത. ഭാര്യ: വിജിത. മകൾ: വേദലക്ഷ്മി.

വിട വാങ്ങിയത് കലാരംഗത്തെ ബഹുമുഖ പ്രതിഭ

മുരളീധരൻ ചേമഞ്ചേരി എന്ന കലാകാരന് വഴങ്ങാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ 37 വർഷമായി നാടോടി, ക്ലാസിക്കൽ, വാദ്യോപകരണങ്ങൾ ഉൾപ്പെടുന്ന വിവിധ കലാരൂപങ്ങളിൽ സജീവമായി ഇടപെട്ട കലാകാരനായിരുന്നു മുരളീധരൻ. കലാരംഗത്ത് മുന്നേറാനുള്ള ഒരുപാട് മോഹങ്ങൾ ബാക്കിവെച്ചാണ് മുരളീധരൻ അകാലത്തിൽ വിട വാങ്ങിയത്.
മലബാർ സുകുമാരൻ ഭാഗവതർ, ശിവദാസ് ചേമഞ്ചേരി എന്നിവരുടെ ശിഷ്യനായി ആറാം വയസ്സിലാണ് മുരളീധരൻ കലാരംഗത്ത് എത്തിയത്. തബലയിലായിരുന്നു തുടക്കം. ക്രമേണ മൃദംഗം, ചെണ്ട, തകിൽ, ഗഞ്ചിറ, ഘടം എന്നിവയും സ്വായത്തമാക്കി. പിതാവ് പറമ്പിൽ നാണുവും ചെറിയച്ഛൻ ശ്രീധരനുമായിരുന്നു തെയ്യത്തിന്റ ബാലപാഠങ്ങൾ മുരളീധരൻ പഠിപ്പിച്ചത്.
ആദ്യ അരങ്ങേറ്റം പതിമൂന്നാം വയസ്സിൽ ചേമഞ്ചേരി വെള്ളാരി ഭഗവതിക്ഷേത്രത്തിലായിരുന്നു. ലളിതഗാനം, മോണോ ആക്ട്, മിമിക്രി എന്നിവയിലും പ്രതിഭ തെളിയിച്ചു. ചേമഞ്ചേരി പഞ്ചായത്തിനെ പ്രതിനിധാനം ചെയ്ത് കേരളോത്സവ വേദികളിലും തിളങ്ങി. ഭഗവതി, അഗ്നഘണ്ടാകർണ്ണൻ, തീക്കുട്ടിച്ചാത്തൻ എന്നീ കോലങ്ങൾ അത്യന്തം തന്മയത്വത്തോടുകൂടിയാണ് മുരളീധരൻ കെട്ടിയാടിയിരുന്നത്. ഇതോടൊപ്പം തെയ്യങ്ങളുടെ ചമയനിർമ്മാണം, മുഖത്തെഴുത്ത്, തോറ്റം എന്നിവയിലും കഴിവുതെളിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *