ചാൻസലർ സ്ഥാനം സർക്കാരിന്റെ ഔദാര്യമല്ല; പ്രിയാ വർഗീസിന്റെ നിയമന നീക്കത്തിൽ മുഖ്യമന്ത്രിയും കുറ്റക്കാരനെന്ന് ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലറായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യമല്ല. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവർണറുടെ ചാൻസലർ സ്ഥാനം. അത് സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് തന്റെ ശ്രമം. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാൻ കഴിയില്ലെന്നും കെടിയു താൽക്കാലിക വിസിയെ തടയുന്നത് കുറ്റകരമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പ്രിയാ വർഗീസിന്റെ നിയമന നീക്കത്തിൽ മുഖ്യമന്ത്രിയും തുല്യ അളവിൽ കുറ്റക്കാരനാണ്. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തം ഉണ്ട്. നിയമന നീക്കം അറിഞ്ഞില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമത ഇല്ലായ്മയാണ്. നയപ്രഖ്യാപനത്തിൽ നിന്ന് മാറ്റി നിർത്തുന്നത് കാര്യമാക്കുന്നില്ല. എത്രനാൾ നയപ്രഖ്യാപനം നീട്ടിവെക്കാനാകുമെന്നും ഗവർണർ ചോദിച്ചു.