CRIME STORY KERALA TOP NEWS

കൂട്ടബലാത്സംഗ കേസ് പ്രതിയായ സിഐ ഡ്യൂട്ടിക്കെത്തി; വിവാദമായതോടെ അവധിയിൽ പോവാൻ നിർദേശം

കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സി.െഎ പി.ആർ സുനു വീണ്ടും ജോലിക്കെത്തി. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെകറായ സുനു ഞായറാഴ്ചയാണ് ഡ്യൂട്ടിക്കെത്തിയത്.
കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ.
തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും തെറ്റുകാരനല്ലെന്ന് വകുപ്പിന് ബോധ്യമുണ്ടെന്നുമാണ് ഡ്യൂട്ടിക്കെത്തിയ ശേഷം സുനു മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയെ അറിയില്ലെന്നും ഒരു കേസുപോലും തൻറെ പേരിലില്ലെന്നുമാണ് ഇയാളുടെ വാദം. ബലാത്സംഗ കേസിലെ പ്രതി ജോലിക്കെത്തിയത് വിവാദമായതോടെ സുനുവിനോട് വീണ്ടും അവധിയിൽ പ്രവേശിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നിർദേശം നൽകി.
അതേസമയം, സുനുവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡി.ജി.പി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. സുനു പ്രതിയായിട്ടുള്ള ആറ് ക്രിമിനൽ കേസുകളിൽ നാലെണ്ണവും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടവയാണ്. കൊച്ചി. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ.
ആറ് മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ഒമ്ബത് തവണ വകുപ്പ്തല നടപടി നേരിടുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. വകുപ്പ്തല അന്വേഷണം, ഡി.ജി.പിയുടെ റിപോർട്ട് മുഖ്യമന്ത്രി അംഗീകരിക്കൽ എന്നിങ്ങനെ നിരവധി ഘട്ടങ്ങൾ കഴിഞ്ഞാലേ സുനുവിനെതിരെയുള്ള നടപടികൾ ആരംഭിക്കാൻ സാധിക്കു.
പത്ത് പേർ പ്രതികളായ തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ അഞ്ച് പേരെ യുവതി ഇനിയും തിരിച്ചറിയാനുണ്ട്. കേസിൽ ചോദ്യം ചെയ്യലിന് ശേഷം സുനുവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. ആവശ്യമായ തെളിവുകൾ ഇല്ലാത്തതിനാലാണ് ഇതെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇരയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടക്കുന്നതിനിടെയാണ് സുനു ഡ്യൂട്ടിക്കെത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *