KERALA Second Banner TOP NEWS

അപ്രഖ്യാപിത വിലക്ക്:’ സെമിനാറിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പിൻമാറ്റത്തിൽ അന്വേഷണം വേണം’ ശശി തരൂർ

പരിപാടി സംബന്ധിച്ച് അനാവാശ്യ വിവാദം സൃഷ്ടിച്ചത് ശരിയായില്ല. യൂത്ത് കോൺഗ്രസിൻറെ പിൻമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന എം കെ രാഘവൻറെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും ശശി തരൂർ.

കോഴിക്കോട്:ശശി തരൂരിൻറെ നാലു ദിവസം നീണ്ടു നിൽക്കുന്ന മലബാർ പര്യടനത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള യുത്ത് കോൺഗ്രസിൻറേയും ഡിസിസിയുടേയും നിലപാട് സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക്. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലുളള കോഴിക്കോട്ടെ പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയിരുന്നു. ഇതേകുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. പരിപാടിക്ക് അനാവശ്യ വിവാദം സൃഷ്ടിച്ചത് ശരിയായില്ല. യൂത്ത് കോൺഗ്രസിൻറെ പിൻമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന എം കെ രാഘവൻ എംപിയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേണമെന്ന ശശി തരൂരിൻറേയും എംകെ രാഘവൻറേയും ആവശ്യത്തെ കരഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.

എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് തരൂരിൻറെ പരിപാടി പ്ലാൻ ചെയ്തതെന്ന് എം.കെ രാഘവൻ വ്യക്തമാക്കി.യൂത്ത് കോൺഗ്രസ് സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണാനുള്ള കമ്മീഷനെ കെപിസിസി അധ്യക്ഷൻ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്ന് എം.കെ രാഘവൻ പറഞ്ഞു. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഈ വിഷയത്തിൽ കെ. സുധാകരനും കെ. മുരളീധരനും സ്വീകരിച്ച നിലപാടുകൾ സ്വാഗതാർഹമാണ്. ഇന്നുതന്നെ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്നും എം കെ രാഘവൻ വ്യക്തമാക്കി.

വിവാദങ്ങൾക്കിടെ ശശി തരൂർ നാലു ദിവസത്തെ മലബാർ സന്ദർശനം തുടങ്ങി. രാവിലെ എംടി വാസുദേവൻ നായരെ സന്ദർശിച്ചാണ് തരൂർ സന്ദർശനത്തിന് തുടക്കമിട്ടത്. അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുളള ചോദ്യത്തിന് രാഷ്ട്രീയത്തെയും സ്‌പോർട്‌സ്മാൻ സ്പിരിറ്റിലാണ് കാണുന്നതെന്നും തൻറെ സ്ഥാനം സെൻറർ ഫോർവേഡാണെന്നുമായിരുന്നു തരൂരിൻറെ മറുപടി.കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്. ഇതിൽ പാർട്ടിക്ക് പങ്കാളിത്തമുളള പൊതുപരിപാടികളിൽ എല്ലാം പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് എംകെ രാഘവൻറെയും തരൂർ അനുകൂലികളുടെയും നീക്കം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *