Main Banner SPECIAL STORY SPORTS

ഖത്തറിൽ പന്തുരുളുമ്പോൾ

എൻ. ബഷീർ മാസ്റ്റർ

വീണ്ടുമൊരു ലോകകപ്പിന് ആരവമുയരുകയാണ്. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ്. പ്രത്യേകതകൾ ഏറെയാണ് ഇത്തവണ. ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നത്. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം മഹാമാരിയും യുദ്ധങ്ങളും അധിനിവേശങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ പിന്നിട്ടാണ് ലോക ഫുട്ബോൾ മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുന്നത്. ഇതിനു മുമ്പും മഹാമാരിയും യുദ്ധങ്ങളും ലോകകപ്പിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
ലോകകപ്പ് വിജയികൾക്ക് നൽകുന്നത് ഫിഫ കപ്പാണ്.1974 മുതലാണ് ഇന്ന് കാണുന്ന ഫിഫ കപ്പിന്റെ ഉദയം.ഇപ്പോൾ നൽകി വരുന്ന കപ്പ് ചാമ്പ്യന്മാർ തിരികെ നൽകണം എന്നാണ് വ്യവസ്ഥ.എത്ര തവണ വിജയിച്ചാലും അങ്ങനെ തന്നെ. കപ്പ് തിരികെ നൽകുമ്പോൾ കപ്പിന്റെ ഒരു മാതൃക വിജയികൾക്ക് നൽകും. മാത്രമല്ല കപ്പിൽ അവരുടെ പേരും രേഖപ്പെടുത്തും. ഇറ്റാലിയൻ ശിൽപ്പിയായ സിൽവിയോ ഗസാനിഗ്ഗ രൂപകൽപ്പന ചെയ്ത ഫിഫ കപ്പിന്റെ ഭാരം 6.142 കി.ഗ്രാം ആണ് .18 കാരറ്റ് സ്വർണത്തിൽ നിർമിച്ചിട്ടുള്ള ഈ കപ്പിൽ 2038 വരെയുള്ള വിജയികളുടെ പേര് രേഖപ്പെടുത്താനുള്ള സ്ഥലമുണ്ട്.ലോകം മുഴുവൻ കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് ഉയരുന്ന നാളുകളാണ് ഓരോ ലോകകപ്പ് ടൂർണമെന്റുകളും. പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത ഉറുഗ്വായിൽ നടന്ന പ്രഥമ ലോകകപ്പിൽ നിന്നും ഇരുപത്തിരണ്ടാമത് ഖത്തർ ലോകകപ്പിൽ എത്തുമ്പോൾ 32 രാജ്യങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ് ഫുട്‌ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം.

ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്‌ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ ഇരു ടീമിലെയും ഗോൾകീപ്പർമാർക്ക് പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും.
നല്ലൊരു ഫുട്ബോൾ കളിക്കാരനെ സംബന്ധിച്ചിടത്തോളം നിരവധി അഭ്യാസമുറകൾ സ്വായത്തമാക്കേണ്ടി വരും. ഫുട്ബോൾ തട്ടിക്കൊണ്ട് മുന്നോട്ട് നീക്കുന്ന അടവാണ് ഡ്രിബ്ലിങ്. എതിർ ടീം അംഗങ്ങളെ കബളിപ്പിച്ച് വിവിധ ദിശയിലേക്ക് പന്ത് മാറ്റാൻ ഡ്രിബിളിങ് ഉപയോഗപ്പെടുത്തുന്നു.ശിരസ്സ് കൊണ്ട് പന്തിന്റെ ദിശ നിയന്ത്രിക്കുകയോ തട്ടിയകറ്റുകയോ ചെയ്യുന്ന രീതിയാണ് ഹെഡിംഗ്, ഒരു താരം സഹതാരത്തിന് പന്ത് നൽകിയോ സ്വന്തമോ പന്ത് എതിർടീമിന്റെ ഗോൾ വലയത്തിലേക്ക് നീക്കാൻ ഉപയോഗിക്കുന്ന ആയാസ രഹിത നീക്കമാണ് പാസ്സിങ്, ഗോൾ പോസ്റ്റിലേക്കുള്ളഅതി ശക്തമായ കിക്കാണ് ഷൂട്ടിങ്, എതിർ താരത്തെ പ്രതിരോധിച്ച ശേഷം പന്ത് തട്ടിയെടുക്കുന്ന രീതിയാണ് ടാക്ലിങ്….


ഫുട്‌ബോളിനെ രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുന്നത് ഫിഫയാണ്. ഫിഫയുടെ കീഴിൽ ഓരോ ഭൂഖണ്ഡങ്ങൾക്കും കോൺഫെഡറേഷനുകളും അവയ്ക്കു കീഴിൽ ദേശീയ അസോസിയേഷനുകളുമുണ്ട്. ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണെന്ന് പറയേണ്ടതില്ലല്ലോ.നാലു വർഷം കൂടുമ്പോൾ ഫിഫയാണ് ഈ ഫുട്‌ബോൾ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തിൽ മത്സരിക്കുന്ന 190 ദേശീയ ടീമുകളിൽ നിന്നും 32 ടീമുകൾ ഒരു മാസം നീണ്ടു നിൽക്കുന്ന ലോക കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടുന്നു. ലോക കപ്പ് മത്സരങ്ങൾ നടക്കുന്നതിനു മുൻപുള്ള 3 വർഷക്കാലയളവിൽ നടക്കുന്ന യോഗ്യതാ റൗണ്ട് മൽസരങ്ങളിലൂടെയാണ് ഇപ്രകാരം 32 രാജ്യങ്ങൾ യോഗ്യത നേടുന്നത്. വൻകരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്.
ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താ

ണ് ഫുട്‌ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്.ഫുട്‌ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്. അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെടുന്നു. അസോസിയേഷൻ ഫുട്‌ബോൾ എന്നത് മറ്റൊരു പേരാണ്.
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ, ഫിഫ ആണ് ഈ കളിയുടെ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങളുമാണ് ഫുട്‌ബോളിനെ ജനപ്രിയമാക്കുന്നത്. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഫുട്‌ബോളിന് ഏറ്റവും പ്രചാരമുളളത്.ഫിഫയുടെ അംഗീകാരമില്ലാത്ത സെവൻസ് ഫുട്ബാളിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരമുണ്ട്. ലോകം കണ്ട മികച്ച രണ്ട് ഫുട്ബാൾ താരങ്ങളാണ് പെലെയം മറഡോണയും. ലോകം കണ്ട മികച്ച രണ്ട് ഗോളുകളും ഇവരുടേതായിരുന്നു.
വേൾഡ് കപ്പ് ഫുട്ബോളിൽ മാറ്റുരയ്ക്കാൻ നമ്മുടെ രാജ്യത്തിന് ഒരിക്കൽ അവസരം ലഭിക്കുകയുണ്ടായി. 1950 ൽ ആയിരുന്നു അത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്ന ആ കാലം ഭീമമായ യാത്രാചെലവ് ഇന്ത്യൻ ഫുട്ബോൾ ടീമിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മാത്രമല്ല അന്നത്തെ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് ബൂട്ട് ഉപയോഗിച്ചുള്ള കളി വശമില്ലായിരുന്നു. ബൂട്ട് ഉപയോഗിക്കാതെ നഗ്‌നപാദരായി ഫുട്ബോൾ കളിക്കാൻ അനുവദിക്കില്ലെന്ന നിലപാടും ഇന്ത്യയുടെ ഫുട്ബോൾ സ്വപ്‌നങ്ങൾക്ക് വിള്ളൽ വീഴ്ത്തി.


കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരിയാണ്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരളസംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്‌ബോളിനെ നെഞ്ചോടു ചേർത്തു. അങ്ങ് തിരുവനതപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല. സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്നത്.
മലയാളികളുടെ ഫുട്ബാളിനോടുള്ള പ്രണയം ഭ്രാന്തമാണ്. മറ്റുള്ള ആരാധകരിൽ നിന്ന് വ്യത്യസ്തമായി ഫുട്ബാളിന്റെ സാങ്കേതികവും ചരിത്രപരവുമായ കാര്യങ്ങളെപ്പറ്റി അറിവുള്ളവരാണ് മലയാളികളായ ഫുട്‌ബോൾ ആരാധകർ.


എന്നും ഫുട്‌ബോൾ ലോകകപ്പ് മലയാളികളുടെ ഉത്സവമാണ്. ഫുട്‌ബോൾ ലോകകപ്പ് സമയത്ത് ഒരു വീട്ടിൽ തന്നെ പല ടീമിന്റെ ആരാധകർ ഉണ്ടാകും. വീഥികളിൽ പ്രശസ്ത താരങ്ങളുടെ ബാനറുകളും പോസ്റ്ററുകളും പ്രതിമകളും ഉയരും. ആരോഗ്യകരമായ പന്തയങ്ങളും വരവേൽപ്പുകളും നടക്കും. തെരുവുകളിൽ പടുകൂറ്റൻ സ്‌ക്രീനുകൾ സ്ഥാപിക്കപ്പടും. ഒരു ഉത്സവത്തിനുള്ള കൂട്ടമുണ്ടാകും ഓരോ സ്‌ക്രീനിനും താഴെ. ഷോപ്പിംഗ് മാളുകളിലെ സ്‌ക്രീനുകൾ കളികളുടെ തത്സമയ സംപ്രേഷണത്തിനുള്ളതായി മാറും. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള രാജ്യങ്ങളുമായും അന്നാട്ടിലെ താരങ്ങളുമായും അവർ തങ്ങളെത്തന്നെ ബന്ധപ്പെടുത്തും. ബാർബർ ഷോപ്പുകളിൽ താരങ്ങളുടെ ഹെയർ സ്‌റ്റൈലിനനുസരിച്ചുള്ള കട്ടിങ്ങുകൾ പ്രശ്‌സതകും. മെസ്സിയും നെയ്മറുമെല്ലാം അവരുടെ ആരാധ്യപുരുഷന്മാരാകും.സാധാരണ ലോകകപ്പിന്റെ സമയത്ത് നാട്ടിലേക്ക് പറന്നിറങ്ങുന്ന മലയാളി പ്രവാസികളുടെ എണ്ണം കൂടുതലാണെന്ന് കാണാറുണ്ട്. എന്നാൽ ഇത്തവണ മിഡിൽ ഈസ്റ്റിൽ ഉള്ള ഫുട്‌ബോൾ പ്രേമികളായ മലയാളി ളൊക്കെയും ഖത്തറിലേക്കാണ് ചേക്കേറിയത് എന്നു കാണാം. മാത്രമല്ല ഇന്ത്യക്കാർക്ക് ഏറ്റവും ചിലവ് കുറച്ച് ലോകകപ്പ് കാണാൻ ഇത്രയും നല്ല ഒരു അവസരം വന്നുകൊള്ളണമെന്നില്ല.
ഖത്തറിൽ പന്തുരുളുമ്പോൾ നമുക്കു കാത്തിരിക്കാം പ്രവചനങ്ങൾക്കെല്ലാം എത്രത്തോളം സാധ്യതയുണ്ടായിരുന്നെന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *