അപ്പീലിന് പോകില്ല, റാങ്ക് പട്ടിക പുന:ക്രമീകരിക്കുമെന്ന് കണ്ണൂർ വി.സി.

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.
ഗോപിനാഥ് രവീന്ദ്രൻ. യു.ജി.സിയുടെ ചട്ടങ്ങൾ അനുസരിച്ചാണ് നിയമന നടപടികളുമായി മുന്നോട്ടുപോയതെന്നും വിധിപകർപ്പ് കിട്ടിയാലുടൻ തുടർനടപടികൾ റാങ്ക് പട്ടിക പുനക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി ചൂണ്ടിക്കാട്ടി ഗവർണർ വിശദീകരണം ചോദിച്ചപ്പോൾ, പ്രിയാ വർഗീസിനെ നിയമിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് നിയമ പരിശോധനയ്ക്ക് അയച്ചെന്നും മറുപടി നൽകിയിരുന്നു. ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോയെന്ന് ചോദിച്ച് യു.ജി.സി ചെയർമാന് താൻ കത്തെഴുതിയിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. വീണ്ടും കത്ത് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടുപോയതെന്ന് വിസി വിശദീകരിച്ചു.
എന്തായാലും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല. കോടതി വിധി നടപ്പിലാക്കേണ്ട ചുമതല യൂണിവേഴ്സിറ്റിക്കുണ്ടെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഓരോ പ്രാവശ്യവും കേസിന് പോകുമ്പോൾ കുറേ പണം യൂണിവേഴ്സിറ്റിക്ക് ചെലവാകുന്നുണ്ട്. ഇത് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റിക്കും ബാധകമാകുന്ന വിധിയാണ്. ഇന്നലെ കോടതിയിൽ നടന്ന വാദത്തിൽ ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോയെന്ന ചോദ്യത്തിന്, കഴിയില്ല എന്നാണ് യു.ജി.സിയുടെ അഭിഭാഷകൻ പറഞ്ഞത്. ഇത് നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
ഓരോ അപേക്ഷകന്റെയും വിവരങ്ങൾ വൈസ് ചാൻസലർ എന്ന നിലയിൽ തനിക്കറിയില്ല. അപേക്ഷയിൽ പറയുന്ന വിവരങ്ങൾ വച്ചാണ് യൂണിവേഴ്സിറ്റി മുന്നോട്ടു പോകുന്നത്. എന്നാൽ 01-08-22ൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ പ്രിയാ വർഗീസിനോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടെങ്കിലും അവർ നൽകിയില്ല. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇനി അതൊക്ക പരിശോധിക്കേണ്ടതാണെന്നും കണ്ണൂർ വിസി പ്രതികരിച്ചു.