ചാരിറ്റി പേരിനും പ്രശസ്തിയ്ക്കുമല്ല, ലിസ്റ്റിൽ പേര് വരാൻ ചാരിറ്റി ചെയ്യുന്നയാളല്ല താനെന്ന് യൂസഫലി

പത്തനാപുരം: താൻ ഹ്യദയം തുറന്ന് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഹൃദയത്തിനുള്ളിൽ നിന്നാണ് ചെയ്യുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പലർക്കും നന്മ ചെയ്തിട്ടുണ്ട്. അതൊന്നും പാടി പുകഴ്ത്താറില്ല. ഇതും എന്റെ ഹൃദയത്തിൽ നിന്നാണ് ചെയ്തിട്ടുള്ളത്. തന്റെ എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും ഹൃദയത്തിൽ നിന്നാണ് ചെയ്തിട്ടുള്ളത്. മനുഷ്യരുടെ കൈയ്യിൽ നിന്ന് നന്ദി പ്രതീക്ഷിച്ചിട്ടല്ല അത് ചെയ്യുന്നത്. അങ്ങനെ പ്രതീക്ഷിയ്ക്കാൻ പാടില്ല. ദൈവത്തിൽ നിന്ന് കരുണ പ്രതീക്ഷിച്ചാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ ദൈവം എവിടെയും പരാജയപ്പെടുത്തിയിട്ടില്ല. ഉറച്ച ഒരു ഈശ്വര വിശ്വാസിയാണ് താൻ.

ചാരിറ്റി പേരിന് വേണ്ടി ചെയ്യുന്നവർക്കല്ലേ പേര് വരാതിരിക്കുമ്പോൾ വിഷമമുള്ളൂ. എനിക്ക് ആ വിഷമമില്ല. ഞാനൊരു കച്ചവടക്കാരനാണ്. ലിസ്റ്റിൽ പേര് വരാൻ വേണ്ടി ചെയ്യുന്ന ചാരിറ്റി, അത് ചെയ്യുന്നവർ ചെയ്‌തോട്ടെ. ലിസ്റ്റിൽ പേര് വരണമെന്നോ, അതിന്റെ പേരിൽ ബഹുമതി കിട്ടണമെന്നോ, പത്രത്തിൽ പേര് വരണമെന്നോ തനിക്ക് ഒരാഗ്രഹവുമില്ല.തന്റെ പേരുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. തനിക്ക് സംതൃപ്തിയുള്ള തനുസരിച്ച് താൻ ചെയ്യും. അത് കുറെ പാടി പുകഴ്ത്തീട്ട് ഒരു കാര്യവുമില്ല. അതിൽ നിലനിൽപുണ്ടെന്ന് വിശ്വസിയ്ക്കുന്നവനല്ല ഞാൻ. കച്ചവടക്കാരൻ എന്ന നിലയ്ക്ക് അറിയപ്പെടാനാണ് ആഗ്രഹിയ്ക്കുന്നത്. ആ നിലയ്ക്കാണ് അറിയപ്പെടുന്നതും.
