എൻ എസ് എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന പ്രശ്നത്തിൽ സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.എൻഎസ്എസ് പ്രവർത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു.
സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവിൽ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണെന്ന് പറഞ്ഞ കോടതി എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി. അദ്ധ്യാപന പരിചയം എന്നാൽ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. പ്രിയാ വർഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ സർവകലാശാല രജിസ്ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു. പത്ത് വർഷം അദ്ധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസർക്ക് വേണ്ടതെന്നും പ്രിയാ വർഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു.