ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിയമനിർമ്മാണം നടത്തി ശാശ്വതമായി പരിഹരിക്കണം;
ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി സ്പീക്കർ എ.എൻ. ഷംസീറിന് നിവേദനം സമർപ്പിച്ചു

കോഴിക്കോട് : യാക്കോബായ സഭാ വിശ്വാസിയായ വയോധികയുടെ മൃതദേഹം യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കം മൂലം വീട്ടിൽ സൂക്ഷിച്ച് 38 ദിവസത്തിനു ശേഷമാണ് കുടുംബ കല്ലറയിൽ സംസ്കരിക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ ആദ്യം ഓർഡിനൻസും, തുടർന്ന് സെമിത്തേരി ബില്ലും പാസാക്കിയത്. എന്നിട്ടും ചില പള്ളികളിൽ തടസ്സങ്ങളും തർക്കങ്ങളും നിലനിൽക്കുകയാണ്. കൂടാതെ ഓർത്തോഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ വിവാഹ ബന്ധങ്ങളെയും, കുടുംബബന്ധങ്ങളെയും മറ്റും ദോഷകരമായി ബാധിച്ചിരിക്കുന്നു. കട്ടച്ചിറ ഉൾപ്പെടെയുള്ള പല പള്ളികളിലും ശവസംസ്കാര – ആഘോഷ – ആരാധന സമയങ്ങളിൽ ക്രമസമാധാനത്തിന് വലിയ പോലീസ് സേനയെ വിന്യസിപ്പിക്കേണ്ടി വരുന്നു. ഇത്തരം ആവശ്യങ്ങളും അനിഷ്ട സംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനാണ് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത ബിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഇടപെടലുകൾ അഭ്യർത്ഥിച്ചാണ് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയും, സൊസൈറ്റി വൈസ് ചെയർമാൻ റാഫി പി ദേവസിയും നിവേദനം സമർപ്പിച്ച് ചർച്ച നടത്തിയത്.
നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം നിവേദന സംഘത്തെ അറിയിച്ചു.
