സുധാകരന്റേത് ഒരു വാചകത്തിൽ വന്ന പിഴവ്, വിവാദമുണ്ടാക്കേണ്ട കാര്യമില്ല: ചെന്നിത്തല

തിരുവനന്തപുരം: ആർ.എസ്.എസുമായി ബന്ധപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്റെ പ്രസ്താവനകൾ നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ ഇനി വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല.
മതേതര നിലപാടിൽ പാർട്ടി ഒരിക്കലും വെള്ളം ചേർത്തിട്ടില്ല. വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു മണിക്കൂറുള്ള പ്രസംഗത്തിനിടയിൽ ഒരു വാചകത്തിൽ വന്ന ഒരു പിഴവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അത് നാക്കുപിഴയാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ ഇനി അതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. കെ. സുധാകരൻ മേതതരവാദി തന്നെയാണ്. അദ്ദേഹത്തിന് മാർക്‌സിസ്റ്റു പാർട്ടിയുടെയും ബി.ജെ.പിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിഷയത്തിൽ മുസ്ലിം ലീഗിനുള്ള ആശങ്കകൾ പരിഹരിക്കും. ലീഗ് നേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാളെ കൊച്ചിയിൽ നടത്താനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചു. കെ. സുധാകരൻ ചികിത്സയിലായിരുന്നതിനാലാണ് യോഗം മാറ്റിവെച്ചത്.