ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിൽ സസ്യശാസ്ത്ര ജൈവ വൈവിധ്യ പ്രദർശനവും സെമിനാറും നടത്തി

ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളജിൽ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സസ്യശാസ്ത്ര ജൈവ വൈവിധ്യ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. ‘സസ്യങ്ങളിലെ ജൈവ വൈവിധ്യം’ എന്ന പേരിൽ നടന്ന സെമിനാറും പ്രദർശനവും കോളേജ് ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാനജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ടി.ജി. ചന്ദ്ര പ്രകാശ് ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും പുത്തനറിവുകൾ വിദ്യാർത്ഥികളുമായി അദ്ദേഹം പങ്ക് വെച്ചു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സുലീന വി.എസ് ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാക്കി വിദ്യാർത്ഥികളുമായിസംവദിച്ചു.
സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. ആർ. നിഷ നായർ വിദ്യാർത്ഥികളോട് ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു .കണ്ടൽകാടുകളിലെ ജൈവവൈവിധ്യം , വനവിഭവങ്ങൾ, പരമ്പരാഗത ഔഷധസസ്യങ്ങൾ, സസ്യങ്ങളിലെ വനയിനങ്ങൾ, ആദിവാസികളുടെ പാചക രീതികൾ,
പരമ്പരാഗത കാർഷികരീതികൾ, അധികം ഉപയോഗിക്കാത്ത തദ്ദേശീയ പഴങ്ങൾ – സുഗന്ധദ്രവ്യങ്ങൾ- കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള സസ്യശേഖരങ്ങൾ പ്രദർശനത്തിന് മിഴിവേകി.
ആലപ്പുഴ ജില്ലയിലെ സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾ പ്രദർശനത്തിൽ പങ്കെടുത്തു. ജൈവവൈവിധ്യത്തെ ക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുതുതലമുറയെ ബോധവൽക്കരിക്കുന്ന പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. കോളജ് ബോട്ടണി വിഭാഗവും ജൈവ വൈവിധ്യ ബോർഡും സംയുക്തമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.