KERALA TOP NEWS

ഗവർണറുടേത് ജനാധിപത്യവിരുദ്ധ നടപടികൾ; ഈ സമരം ഒരു വ്യക്തിക്കെതിരേയല്ല, നയങ്ങൾക്കെതിരേയെന്നും യെച്ചൂരി;
രാജ്ഭവൻ വളഞ്ഞ് പതിനായിരങ്ങൾ

തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

തെരഞ്ഞടുക്കപ്പെട്ട സർക്കാരിന്റെ നിർദേശാനുസരണം പ്രവർത്തിക്കേണ്ട ചാൻസലർ അതിന് ബദലായി തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. അതിനെതിരായുള്ള ഈ സമരം ഒരു വ്യക്തിക്കെതിരെയല്ല, നയങ്ങൾക്കെതിരെയാണെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ആരിഫ് മുഹമ്മദ് ഖാനുമായി തനിക്ക് 30 വർഷത്തെ പരിചയമുണ്ട്. ഒരിക്കലും വ്യക്തിപരമായി തെറ്റേണ്ടി വന്നിട്ടില്ല. ഇപ്പോഴും അദ്ദേഹവുമായി വ്യക്തിപരമായ ഒരു പ്രശ്നവമില്ല. നയപരമായ പ്രശ്നങ്ങളിലാണ് വിയോജിപ്പെന്നും യെച്ചൂരി പറഞ്ഞു.
തമിഴ്നാട്ടിലും, ബംഗാളിലും ഗവർണർമാർ സംസ്ഥാന സർക്കാരുകളുടെ നിർദേശാനുസരണം പ്രവർത്തക്കാത്തതിനെ തുടർന്ന് പുതിയ നിയമം നിർമ്മിക്കേണ്ട അവസ്ഥയുണ്ടായി. ഗവർണർ എന്നത് ഒരു ഭരണഘടനാപദവിയാണ്. എന്നാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നിർദേശാനുസരണം പ്രവർത്തിക്കുന്ന രീതിയിലേക്ക് ഗവർണർമാർ മാറുന്നതാണ് നാം കാണുന്നത്. പകർച്ചവ്യാധിയുടെ കാലാവസ്ഥ ഉപയോഗിച്ച് പുതിയ വിദ്യാഭ്യാസനയം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും യെച്ചൂരി പറഞ്ഞു.

രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാർച്ച്. രാവിലെ 10നാണ് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്ന് പ്രകടനം ആഭംഭിച്ചത്. കർഷക, തൊഴിലാളി, വിദ്യാർഥി സംഘടനകളും പിന്തുണയുമായി പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്. രാജ്ഭവന് പുറമെ ജില്ലാ ആസ്ഥാനങ്ങളിൽ വൈകിട്ട് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്മകളും ഇന്ന് ചേരും.
പ്രതിഷേധകുട്ടായ്മയിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി, മാത്യു ടി തോമസ്, പിസി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പിസി ജോസഫ്, കെ ബി ഗണേഷ്‌കുമാർ, ബിനോയ് ജോസഫ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *