കലോത്സവ അതിഥികൾക്ക് രുചിക്കൂട്ടൊരുക്കി കൊച്ചു കൂട്ടുകാർ;
അറിവ് പകരാൻ പുസ്തകശാല

ജിജു മലയിൻകീഴ്
തിരുവനന്തപുരം: കാട്ടാക്കട സബ്ജില്ലാ യുവജനോത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്ന മലയിൻകീഴ് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ കലോത്സവ അതിഥികൾക്കായി രുചിയൂറും ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി പാചകകലയിലുള്ള അവരുടെ മിടുക്ക് തെളിയിച്ചു. സ്‌കൂൾ അങ്കണത്തിൽ സജ്ജീകരിച്ച ഫുഡ് സ്റ്റാളിലൂടെ ഈ ഭക്ഷണവിഭവങ്ങൾ മിതമായ നിരക്കിൽ വിൽപന നടത്തി ശ്രദ്ധ നേടുകയാണ് ഈ മിടുക്കന്മാരും മിടുക്കികളും.
ഇവർക്ക് സഹായത്തിനായി അധ്യാപകരും ഒപ്പമുണ്ട്.

കലോത്സവത്തിന്റെ ആദ്യ ദിവസത്തെ വിഭങ്ങളിൽ ചായക്കും വടക്കും പുറമേ ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈയും ഇലയടയും ജ്യൂസുമൊക്കെയുണ്ടായിരുന്നു. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ഓരോ ദിവസങ്ങളിലും വ്യത്യസ്തതയാർന്ന ഭക്ഷണങ്ങളാണ് ഫുഡ് സ്റ്റാൾവഴി നൽകുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

വലിയ തോതിൽ ആഹാരം പാകം ചെയ്യേണ്ടതിനാൽ ഒരാളെ സഹായത്തിനായ് നിയമിച്ചിട്ടുണ്ടെങ്കിലും പാചകത്തിന് നേതൃത്വമായി വിദ്യാർത്ഥികളും അധ്യാപകരും സജീവമായിത്തന്നെയുണ്ട്. കുട്ടികളൊരുക്കുന്ന ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുള്ള ചർച്ച നാട്ടിൽ പാട്ടായതോടെ നാടിന്റെ ഉത്സവമായി മാറിയ കലോത്സവവേദിയിലെത്തി ഭക്ഷണംകഴിക്കാൻ നാട്ടുകാർക്കും ഉത്സാഹം. ഫുഡ് സ്റ്റാളിനോട് ചേർന്ന് ഇവരുടെ തന്നെ മേൽനോട്ടത്തിൽ ഒരു പുസ്തകശാലയും പ്രവർത്തിക്കുന്നുണ്ട് ഇവിടെ നിന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും മറ്റ് പബ്ലിക്കേഷനുകളുടെയും പുസ്തകങ്ങൾക്ക് പുറമേ എല്ലാ പത്രങ്ങളും ലഭിക്കും.
2016ൽ ആണ് ആദ്യമായി മലയിൻകീഴ് സ്‌കൂളിൽ ഫുഡ് ഫെസ്റ്റിവൽ നടത്തുന്നത്. സ്‌കൂൾതല വൊക്കേഷണൽ എക്‌സ്‌പോയുടെ ഭാഗമായിട്ടായിരുന്നു അത്. തൊട്ടടുത്ത വർഷങ്ങളിൽ സ്‌കൂൾതല യുവജനോത്സവത്തിനും ശാസ്ത്രമേളക്കും കായിക മേളക്കുമൊക്കെ ഫുഡ് ഫെസ്റ്റിവൽ നടത്തി. ഓരോ പ്രാവശ്യവും ഇതിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം സേവന പ്രവർത്തനങ്ങൾക്കായിട്ടാണ് ഇവർ വിനിയോഗിക്കുന്നത്.
ഈ വർഷത്തെ ഫുഡ് ഫെസ്റ്റിവലിൽ നേടുന്ന ലാഭ വിഹിതം എന്തിന് വിനിയോഗിക്കണമെന്ന ചർച്ചയിൽ നിന്നാണ് വിദ്യാലയത്തിന് മുന്നിൽ മഹാത്മാ ഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന ആശയം ഉടലെടുത്തത്.
തൊഴിലധിഷ്ടിത വിദ്യാഭ്യാസമെന്നത് സിലബസിൽ പറയുന്നത് മാത്രം പഠിച്ച് പോകുക മാത്രമല്ല എന്നും ജീവിത യാത്രയിൽ ചെയ്യേണ്ടതായതെല്ലാം അതിൽ പെടും എന്നും തെളിയിച്ചിരിക്കുകയാണ് മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ. എൻ.എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠികൾക്ക് സഹായമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിരവധി സഹായങ്ങൾ ഇവിടത്തെ കുട്ടികൾ ചെയ്തു വരുന്നുണ്ട്. ഈ അധ്യായന വർഷത്തിൽ സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ചികിത്സാ സഹായവും നൽകുകയുണ്ടായി. പഠനത്തോടൊപ്പം മറ്റുള്ളവരെ സഹായിക്കാനും കുട്ടികളെ സാമൂഹികബോധവാൻമാരാക്കുവാനുമായിട്ടുള്ള മലയിൻകീഴ് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്