Main Banner TOP NEWS

അങ്ങനെ രണ്ടാം വിക്കറ്റും വീണു;
കുഫോസ് വിസിയും പുറത്തേക്ക്…
നിയമനം ഹൈക്കോടതി റദ്ദാക്കി;

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിസിമാരോട് രാജിവെച്ചുപോകാൻ പറഞ്ഞ ഗവർണർക്കെതിരെ പോരിനിറങ്ങിയ സർക്കാരിന്റെ മണ്ടക്കിട്ട് ഹൈക്കോടതിയുടെ കൊട്ട്

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽനിന്ന് തുരത്താൻ കച്ചകെട്ടിയിറങ്ങിയ പിണറായി സർക്കാരിന്റെ മണ്ടക്കിട്ട് കൊടുത്ത് ഹൈക്കോടതി. ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല ( കുഫോസ് ) വൈസ് ചാൻസലറായി ഡോ. കെ. റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
എപിജെ അബ്ദുൽകലാം സാങ്കേതിക സർവ്വകലാശാലയുടെ (കെടിയു) വി.സി ഡോ. എം. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നുവല്ലോ. അതിന് ചുവടുപിടിച്ചാണ് ഇപ്പോൾ കുഫോസ് വി.സിയെ ഹൈക്കോടതിയും പുറത്താക്കിയത്. ഇതോടെ മറ്റു സർവ്വകലാശാലകളിലെ വി.സി.മാരുടെ നെഞ്ചിൽ തീയാളാൻ തുടങ്ങിയിട്ടുണ്ട്.
സർവ്വകലാശാലകളിൽ ചട്ടവിരുദ്ധമായി വി.സി.മാരെ നിയമിച്ച് സർവ്വകലാശാലാ ഭരണം കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച പിണറായി സർക്കാരിന് ഈ കോടതി വിധി വലിയ ക്ഷീണമുണ്ടാക്കും. പ്രത്യേകിച്ചും ഈ ഗവർണർമാരോടൊക്കെ മാന്യമായി രാജിവച്ചുപോകാൻ നിർദ്ദേശിച്ച ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് തെറിപ്പിക്കാനുള്ള പദ്ധതികളുമായി നീങ്ങുന്നതിനിടയിൽ…
ഗവർണർ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുകയാണെന്നായിരുന്നുവല്ലോ പിണറായി സർക്കാരിന്റെ ആരോപണം. പക്ഷേ, സുപ്രീംകോടതിക്ക് പിന്നാലെ ഹൈക്കോടതി കൂടി വിസിമാരുടെ രണ്ടാം വിക്കറ്റും വീഴ്ത്തിയതോടെ ഗവർണറുടെ നിലപാടാണ് ശരിയെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട വി.സിമാർക്ക് മാന്യമായ രീതിയിൽ പടിയിറങ്ങാനുള്ള അവസരമാണ് താൻ നൽകിയതെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നത്. ഗവർണറുടെ വാക്കുകൾ ശരിയാണെന്ന് ഈ കോടതി ഉത്തരവ് സാക്ഷ്യപ്പെടുത്തുകയാണ്.


കുഫോസ് വി.സി. നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ. വിജയൻ ഉൾപ്പെടേയുള്ളവർ നൽകിയ ഹർജികളിലാണ് ഡോ. കെ.റിജി ജോണിന്റെ വി.സി. നിയമനം ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. യുജിസി ചട്ടപ്രകാരം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ച് നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.
യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ. വിജയൻ, ഡോ. ജി. സദാശിവൻ നായർ എന്നിവർ നൽകിയ ഹരജിയിലാണ് വിധി.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ കുഫോസ് വി.സിയായി നിയമിച്ചത്. തമിഴ്‌നാട് ഫിഷറീസ് സർവകലാശാലയിൽനിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പി.എച്ച്.ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തിപരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
തമിഴ്‌നാട് സർവകലാശാലയിൽ നിരവധി തവണ വകുപ്പുതല അന്വേഷണം നേരിട്ട ഡോ. റിജിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്നാണ് അവിടെനിന്ന് രാജിവെക്കേണ്ടി വന്നതെന്നും ഹരജിക്കാർ ആരോപിച്ചു. വി.സിയാകാൻ ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് യു.ജി.സി മാനദണ്ഡം.
യു.ജി.സി ചട്ടമനുസരിച്ചുള്ള സെർച്ച് കമ്മിറ്റിയല്ല വൈസ് ചാൻസലറായി റിജി ജോണിനെ തിരഞ്ഞെടുത്തതെന്നും, ഈ സെർച്ച് കമ്മിറ്റി മൂന്ന് പേര് മുതൽ അഞ്ച് പേര് വരേയുളള ലിസ്റ്റിന് പകരം ഒറ്റപ്പേരാണ് നൽകിയതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുകയുണ്ടായി.
വി.സി.സ്ഥാനത്ത് നിന്ന് പുറത്താകാതിരിക്കാൻ കുഫോസ് വിസിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏതായാലും പന്ത് ഗവർണറുടെ കോർട്ടിൽത്തന്നെ കിടന്ന് കറങ്ങുകയാണ്. ഈ ഹൈക്കോടതി വിധി മറ്റു വി.സി.മാരുടെ കാര്യത്തിലും ബാധകമായേക്കുമെ്ന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
സെർച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിർദ്ദേശിച്ചത് യുജിസി നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക് യോഗ്യതയില്ലാത്തവരാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. മിനിമം മൂന്നുപേരുടെ പട്ടികയാണ് സെർച്ച് കമ്മിറ്റി ഗവർണർക്ക് നൽകേണ്ടിയിരുന്നത്. അതിന് പകരം ഒരു പേര് മാത്രം നൽകിയത് നിയമവിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദങ്ങളും അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കെടിയു വിസിയുടെ നിയമനം റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞതും ഇതുതന്നെയായിരുന്നു. യുജിസി ചട്ടപ്രകാരമല്ല കെടിയു വൈസ് ചാൻസലർ ഡോ. രാജശ്രീയുടെ നിയമനമെന്നും അതുകൊണ്ട് അത് നിയമനപ്രക്രിയയുടെ തുടക്കംമുതലേ സാധുതയില്ലാത്തതുമാണെന്നുമായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാനവിധി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലാ മുൻ ഡീൻ പി.എസ്. ശ്രീജിത്തിന്റെ ഹരജിയിൽ ജസ്റ്റിസ് എം ആർഷാ അദ്ധ്യക്ഷനായ ബഞ്ചാണ് ആ വിധിപ്രസ്താവം നടത്തിയത്. അതിന് ചുവടുപിടിച്ചാണ് ഇതേപോലെ ചട്ടവിരുദ്ധമായി നിയമനം നേടിയ മുഴുവവൻ വിസിമാരോടും രാജിവച്ചുപോകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചിരുന്നത്.
രാജശ്രീയുടെ നിയമനം റദ്ദാക്കാൻ സുപ്രീംകോടതി നാല് കാരണങ്ങളാണ് എടുത്തുപറഞ്ഞിരുന്നത്.
1) 2015ലെ കെടിയു നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വി.സി നിയമനത്തിനായി മൂന്നിൽ കുറയാത്ത പേരുള്ള പാനലാണ് സെർച്ച് കമ്മിറ്റി ചാൻസലർക്ക് നൽകേണ്ടത്. ഇവിടെ ഒരു പേര് മാത്രമാണ് നൽകിയത്.
2) സെർച്ച് കമ്മിറ്റിയുടെ രൂപീകരണം യുജിസി ചട്ടങ്ങൾക്ക് അനുസൃതമല്ല.
3) 2010ലെ യുജിസി ചട്ടം കേരളം അനുവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് 2013ൽ വന്ന ചട്ടഭേദഗതി പ്രത്യേകമായി അനുവർത്തിച്ചിട്ടില്ലാത്തതിനാൽ അത് ബാധകമല്ലെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാനാവില്ല.
4) സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടണ്ടെങ്കിൽ കേന്ദ്രനിയമമാകും ബാധകമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാന നിയമങ്ങൾ എന്തുതന്നെയായാലും യുജിസി ചട്ടമാണ് ബാധകം.
കുഫോസ് വി.സിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സുപ്രീംകോടതിയുടെ വിധി കെടിയു വിസിക്ക് മാത്രം ബാധകമായതാണെന്ന സർക്കാരിന്റെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. സാങ്കേതിക സർവ്വകലാശാലക്ക് പുറമെ സംസ്ഥാനത്തെ അഞ്ച് സർവ്വകലാശാലകളിൽകൂടി വൈസ് ചാൻസലർമാരെ നിയമിച്ചത് ചട്ടപ്രകാരമുള്ള പാനൽ ഇല്ലാതേയാണ്. കണ്ണൂർ, സംസ്‌കൃതം, ഫിഷറീസ്, എംജി, കേരള സർവ്വകലാശാലാ വിസിമാരുടെ സ്ഥാനത്തേക്ക് ഓരോ പേര് മാത്രമാണ് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഇവരിൽ സംസ്‌കൃതം, ഫിഷറീസ് ഒഴികേയുള്ള വിസിമാരെ നിയമിച്ചത് മുൻ ഗവർണർ പി. സദാശിവമായിരുന്നു.
സംസ്‌കൃത സർവ്വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേര് മാത്രം സെർച്ച് കമ്മിറ്റി നിർദ്ദേശിച്ചപ്പോൾ അത് യുജിസി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലിൽ ഒപ്പുവയ്ക്കാതെ അദ്ദേഹം രണ്ടു മാസത്തോളം മാറ്റിവയ്ക്കുകയും ചെയ്തു. ഒടുവിൽ സർക്കാരിന്റെ നിർബന്ധത്തെത്തുടർന്നാണ് ഒപ്പിട്ടത്. ഫിഷറീസ്, കണ്ണൂർ സർവ്വകലാശാലകളിലെ വി.സി. നിയമനത്തിനെതിരേയും കേസ്സുണ്ട്.
ഏതായാലും ഗവർണറുടെ നിലപാടുകൾ ശരിവയ്ക്കുന്നതാണ് ഈ ഹൈക്കോടതി വിധി. ഒമ്പത് വി.സിമാരുടേയും നിയമനങ്ങളിൽ ചട്ടവിരുദ്ധമായ നടപടികളുണ്ടെന്നായിരുന്നു രാജ്ഭവന്റെ കണ്ടെത്തൽ. കണ്ണൂർ, സംസ്‌കൃതം, കുഫോസ്, എംജി, കേരള വിസിമാരുടെ സ്ഥാനത്തേക്ക് ഓരോ പേരുകൾ മാത്രമാണ് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്.
കാലിക്കറ്റ്, കുസാറ്റ് എന്നിവിടങ്ങളിൽ മൂന്നു പേരുടെ പട്ടികയും മലയാളം സർവ്വകലാശാലിയിലേക്ക് രണ്ട് പേരുടെ പട്ടികയും നൽകിയിരുന്നെങ്കിലും സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ദ്ധർ മാത്രമേ പാടുള്ളൂവെന്ന യുജിസി നിബന്ധന തെറ്റിച്ചു. അക്കാദമിക് വിദഗ്ദ്ധനല്ലാത്ത ചീഫ് സെക്രട്ടറി ഈ സെർച്ച് കമ്മിറ്റികളിൽ അംഗമായിരുന്നു.


ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട വിസിമാരോട് മാന്യമായ രീതിയിൽ രാജിവച്ചുപോകാൻ ഗവർണർ നിർദ്ദേശിച്ചപ്പോൾ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഗവർണർക്ക് നേരെ സിപിഎമ്മിൽനിന്നും സർക്കാർ അനുകൂല കേന്ദ്രങ്ങളിൽനിന്നുമുണ്ടായത്. കെടിയു വിസി സ്ഥാനത്ത് നിന്ന് രാജശ്രീ പടിയിറങ്ങിയതിന് പിന്നാലെ ഇപ്പോൾ കുഫോസിൽനിന്ന് റിജി ജോണും പടിയിറങ്ങുമ്പോൾ ഗവർണറുടെ നിലപാടുകൾ ശരിയെന്ന് അംഗീകരിക്കപ്പെടുകയാണ്.


ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവർണർ നടത്തുന്ന ഇടപെടലിനെതിരെ ഇന്ന് രാജ്ഭവന് മുന്നിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഇടതുമുന്നണിക്ക് ഹൈക്കോടതിയുടെ വിധി മണ്ടക്കിട്ട് കിട്ടിയ അടി തന്നെയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *