അല്പം ശ്രദ്ധിച്ചാൽ നമുക്ക് പ്രമേഹത്തെ അതിജീവിക്കാം

ഡോ. നാഗരാജ് അശോക് ദേശായി
മെഡിസിൻ & ജനറൽ ഫിസിഷ്യൻ
മലബാർ ഹോസ്പിറ്റൽസ്
കോഴിക്കോട്
ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. പണ്ടൊക്കെ ഷഷ്ടിപൂർത്തിയോട് അടുക്കുമ്പോഴാണ് പ്രമേഹം പിടിമുറുക്കിയിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായിട്ടാണ് കാണുന്നത്. പ്രമേഹവുമൊത്തുള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നാൽ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കൃത്യമായ ചികിത്സയും ചിട്ടയായ ഭക്ഷണശീലവും യോജ്യമായ ജീവിതശൈലിയുമാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിച്ചു നിറുത്താൻ നമുക്ക് സാധിക്കും.
പ്രമേഹം പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല. പ്രമേഹം വരാതെ നോക്കുക. ഭക്ഷണശൈലി, ദിനചര്യകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നമ്മുടെ വരുതിയിൽ നിറുത്താനാകും. ജീവിതശൈലീരോഗങ്ങൾ എന്നറിയപ്പെടുന്ന രോഗങ്ങളിൽ പ്രഥമസ്ഥാനമാണ് പ്രമേഹത്തിനുള്ളത്. നേരത്തെ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരത്തിലെ പ്രധാന അവയവങ്ങളായ കണ്ണുകളേയും നാഡികളേയും വൃക്കകളേയും ഹൃദയത്തേയും കാർന്നു തിന്നുന്ന രോഗമാണിത്. പ്രമേഹം നിയന്ത്രിക്കേണ്ടതിന് രോഗിയും ഒപ്പം രോഗമുള്ളവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കേണ്ടതുമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉല്പാദിപ്പിക്കാതിരിക്കുകയോ ഉല്്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയേയാണ് പ്രമേഹം എന്ന് പറയുന്നത്.
ഒരു പരിധിവരെ നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റം മൂലം ഊർജ്ജസാന്ദ്രവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം ഇടക്കിടെ കഴിക്കുന്നിനാൽ കൂടുതൽ ഇൻസുലിൻ ഉപയോഗിക്കേണ്ടിവരുന്നു. എന്നും ബേക്കറി വിഭവങ്ങളും മധുരപലഹാരങ്ങളും മറ്റും ഇടക്കിടെ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ തോത് നോർമലാക്കുന്നതിന് വേണ്ടി ശരീരം കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കേണ്ടിവരുന്നു. ഇത്തരം ജീവിതരീതി തുടരുന്നവരിൽ ഏകദേശം 50 വയസ്സിന് മുകളിൽ പ്രായമാകുന്നതോടെ ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ അളവിൽ കുറവുണ്ടാകുകയോ അതിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടാകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കില്ല. ഇതാണ് നേരത്തേ തന്നെ ഒരാൾ പ്രമേഹത്തിന് അടിമപ്പെടുന്നതിന് പിന്നിലെ വസ്തുത. കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞ ആഹാരങ്ങൾ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശീലിക്കുകയും ചെയ്താൽ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമവും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കണം. അവഗണിച്ചാൽ അത്യന്തം ഗരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രമേഹം മനസ്സുവച്ചാൽ നിയന്ത്രിക്കാനാകും.
അമിതവിശപ്പ്, ദാഹം, അമിതമായ മൂത്രശങ്ക, അകാരണമായ ക്ഷീണം, ഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാനുള്ള കാലതാമസം മുതലായവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് വർദ്ധിക്കുന്നതുമൂലം വർദ്ധിച്ച ദാഹം, വിശപ്പ്, കുടെക്കൂടെ മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്ന ഒരു രോഗമാണ പ്രമേഹം.
ആഹാരത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്കെത്തിക്കുവാൻ ഇൻസുലിൻ സഹായിക്കുന്നു. നമുക്ക്് പ്രമേഹമുണ്ടെങ്കിൽ, ശരീരം പര്യാപ്തമായ അളവിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നില്ല. അല്ലെങ്കിൽ ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ ഉപയോഗിക്കാൻ ശരീരത്തിന് കഴിയുന്നില്ല. ഇതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നുനിൽക്കുന്നു.
പ്രമേഹം ഉണ്ടെന്ന് നിശ്ചയിച്ചുകഴിഞ്ഞാൽ ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നുകൾ കഴിക്കുന്നതോടൊപ്പം തന്നെ കഴിക്കുന്ന ആഹാരത്തിന്റെ കലോറിയും ഉപ്പും കുറച്ച് ശരീരഭാരവും രക്തസമ്മർദ്ദവും യഥാക്രമം നിയന്ത്രിക്കണം. ആഹാരം കൃത്യസമയത്ത് കഴിക്കുകയും ആഹാരത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുകയും വേണം. ദിവസേന 45-60 മിനുട്ട് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗികൾ പുകവലി, മദ്യപാനം, കൊഴുപ്പേറിയതും മധുരമുള്ളതും ഉപ്പ് കൂടുതലുള്ളതുമായ ആഹാരം പൂർണമായും ഒഴിവാക്കണം.

പ്രമേഹത്തിന്റെ ദീർഘകാല സങ്കീർണതകൾ പലതാണ്. ഡയാലിസിസിലേക്ക് അഥവാ വൃക്കകളുടെ പരാജയത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കരോഗമാണ് അതിലൊന്ന്. പരിശോധനയിലൂടെ ഇത് നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. മറ്റൊന്ന് ഹൃദയാഘാതവും ഉയർന്ന രക്തസമ്മർദ്ദവുമാണ്. പ്രമേഹരോഗികൾക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. അന്ധതയിലേക്ക് നയിച്ചേക്കാവുന്ന നേത്രരോഗമാണ് മറ്റൊരു അപകടം. വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹരോഗമുള്ളവർ നേത്രരോഗവിദഗദ്ധനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.