Main Banner SPECIAL STORY

പനിനീർപൂവിന്റെ
പരിശുദ്ധിയുമായ്
ഒരു ശിശുദിനം കൂടി

എൻ.ബഷീർ മാസ്റ്റർ, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ

ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെതാണ്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ശിശുദിനമായി ആചരിക്കുന്നത്.1889 നവമ്പർ 14 നാണ് ജവഹർലാൽ നെഹറു വിന്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അടുപ്പവും ഏറെ പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്‌റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്നും നാളെത്തെ ഭരണചക്രം തിരിക്കേണ്ടത് അവരാണെന്നും വിശ്വസിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു നെഹ്‌റു.

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശിശുദിനം ആഘോഷിക്കുന്നത്.. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.

ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസ്സുകളെ സാമൂഹികവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ പൂതപ്പാട്ടിൽ പറയുന്നതുപോലെ കണ്ണും കാതും ഉറച്ചുകഴിഞ്ഞ കുഞ്ഞിനെ സ്‌കൂളിൽ ചേർക്കാവൂ എന്നിരിക്കെ, മിക്ക രാജ്യങ്ങളിലും ഏഴാം വയസ്സിലാണ് കുട്ടികളെ ഒന്നാം തരത്തിൽ ചേർക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആറ് വയസ്സ് പൂർത്തിയായാലേ കുട്ടികളെ പള്ളിക്കൂടത്തിലേയ്ക്ക് പറഞ്ഞയക്കുകയുള്ളൂ. എന്നാൽ കേരളത്തിലോ, കുഞ്ഞിക്കാലുകൾ നിലത്തൊന്നുറച്ചു കഴിഞ്ഞാലുടൻ വിടുകയായി പഠിപ്പിക്കാൻ! കുഞ്ഞുങ്ങളെ എത്രയും നേരത്തെ എഴുത്തും വായനയും പഠിപ്പിക്കാൻ കഴിയുമോ അത്രയും നേരത്തെ ‘പഠിപ്പിക്കുക’, എന്നതാണ് രക്ഷിതാക്കളുടെ ആഗ്രഹം.ഇതിനും മുമ്പേ തന്നെ പ്ലേ സ്‌കൂളിലേക്ക് തള്ളുന്നവരും കുറവല്ല. എന്നാൽ ഇത് അപടകരവും അശാസ്ത്രീ യവുമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.എന്തു തന്നെയായാലും, ഒന്നാം തരത്തിൽ ചേർത്ത് പഠിക്കുന്നതിനുമുമ്പുള്ള, ശിശുവിന്റെ വിദ്യാഭ്യാസത്തിന്, കേരളത്തിൽ അനുദിനം പ്രാധാന്യം കൂടിവരികയാണ്. കുട്ടികളുടെ സമഗ്രമായ വളർച്ച ഉറപ്പാക്കുന്നതിനുവേണ്ടി പ്രത്യേക സ്ഥാപനങ്ങൾ ആവശ്യമാണെന്ന് രക്ഷിതാക്കൾക്കും ബോധ്യമായിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള ശിശുക്കളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ധാരാളം സ്ഥാപനങ്ങൾ – പ്രീസ്‌കൂളുകൾ കേരളത്തിൽ നിലവിലുണ്ട്. പ്രീ പ്രൈമറി, നഴ്‌സറി, ബാലവാടി, അങ്കണവാടി, കിൻറർ ഗാർട്ടനുകൾ, ഡെ-കേർ കേന്ദ്രങ്ങൾ ശിശുവിഹാരങ്ങൾ, ക്രെഷ്, മോണ്ടിസോറി സ്‌കൂളുകൾ എന്നിങ്ങനെ വിവിധ നാമധേയങ്ങളിൽ ഇവ പ്രവർത്തിച്ചുവരുന്നു. ന്യൂഡൽഹിയിലെ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻറ് ട്രെയിനിങ്ങ് (NCERT) സംസ്ഥാന സർക്കാരുമായി സഹകരിച്ചുകൊണ്ട് 1993ൽ നടത്തിയ ഒരു സർവ്വേ പ്രകാരം കേരളത്തിൽ 17,679 അംഗീകൃത സ്ഥാപനങ്ങൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്നു മുതൽ അഞ്ചു വയസ്സു വരെയുള്ള കാലഘട്ടത്തെയാണ് പ്രീസ്‌കൂൾ ഘട്ടമെന്ന് വിളിക്കുന്നത്. കേരളത്തിന്റെ ജനസംഖ്യയിൽ ഈ പ്രായപരിധിയിൽ വരുന്ന കുട്ടികളുടെ എണ്ണം 10 ലക്ഷത്തിലേറെയാണ്. വിദ്യാഭ്യാസകാര്യങ്ങളിൽ അതീവ താൽപര്യമുള്ള അതിവിപുലമായൊരു രക്ഷാകർതൃ സമൂഹവുമിടെയുണ്ട്. മനുഷ്യജീവിതത്തിലെ ആദ്യ അഞ്ചാറു വർഷക്കാലം അതിനിർണായകമാണ്. മറ്റൊരു ഘട്ടത്തിലുമുണ്ടാകാത്ത വളർച്ചാനിരക്ക് അനുഭവപ്പെടുന്ന പ്രായമാണിത്. ശിശുവിന്റെ മുഴുവൻ കഴിവുകളും വികാസം പ്രാപിക്കുവാൻ ആവശ്യമായ ബാഹ്യ പ്രേരണയും പ്രചോദനവും അത്യാവശ്യമായ സമയം കൂടിയാണിത്. കാര്യങ്ങൾ പറഞ്ഞവതരിപ്പാക്കാനുള്ള ശേഷി വളർന്നു വരേണ്ട കാലം. മറ്റുള്ളവരുമായും ചുറ്റുപാടുമായും ഇടപെടാനും അനുഭവം നേടാനും ധാരാളം അവസരങ്ങൾ ലഭിക്കേണ്ടതും ഇക്കാലത്തുതന്നെ. കുട്ടിക്ക് ഇന്ദ്രിയവേദ്യമാക്കുന്നതെന്തും അനുഭവമായി മാറുന്ന കാലമാണിത്. ഇക്കാലത്ത് നല്ല അനുഭവങ്ങൾ എത്രത്തോളം ലഭിക്കുന്നുവോ അത്രത്തോളം സമ്പന്നമായിരിക്കും ശിശുവിന്റെ ഭാവിജീവിതവും. ഈ പ്രായപരിധിയിലാണ് കുഞ്ഞുങ്ങളിൽ മസ്തിഷ്‌ക കോശങ്ങളുടെ വളർച്ച ഏറ്റവും കൂടുതൽ ത്വരിതപ്പെടുക. ഒരു വ്യക്തിക്ക് പതിനേഴ് വയസിനുള്ളിൽ സംഭവിക്കുന്ന ആകെ ബുദ്ധിവികാസത്തിന്റെ പകുതി ഭാഗവും നേടുന്നത് നാല് വയസിനുള്ളിലാണെന്നോർക്കേണ്ടതുണ്ട്. ഈ പ്രായത്തിൽ കാര്യങ്ങൾ ശരിയായ രീതിയിലല്ല കുട്ടി സ്വാംശീകരിക്കുന്നതെങ്കിൽ പിൽക്കാലങ്ങളിൽ അവ മാറ്റിയെടുക്കുക ഏറെ പ്രയാസകരമായിരിക്കും.

എന്തുകൊണ്ടും ഇക്കാലം കുട്ടി ചെലവഴിക്കേണ്ടത് വീട്ടിൽ തന്നെയായിരിക്കണം. അമ്മയുടെ മടിത്തട്ടാണ് കുഞ്ഞിന്റെ ആദ്യത്തെ വിദ്യാലയം എന്നു പറയുന്നത് ഈ അർഥത്തിലാണ്. ആദ്യകാലശിശു വിദ്യാഭ്യാസം പൂർണ്ണമായും നടക്കേണ്ടത് വീട്ടിൽ വച്ചു തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ ശിശുവിനു പാട്ടുപാടിക്കൊടുക്കുന്ന, കഥ പറഞ്ഞു രസിപ്പിക്കുന്ന, ക്ഷമാപൂർവ്വം പെരുമാറുന്ന ഒരു മുത്തശ്ശി, ഓടിനടന്നു കളിക്കാൻ പറ്റിയ വിസ്തൃതമായ പ്രദേശം, സ്‌നേഹ വാത്സല്യ നിർഭരമായ പെരുമാറ്റവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന സാഹചര്യം, ഇവയെല്ലാം ഒത്തിണങ്ങിയ ശിശുവിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് സഹായകരമായ, ചുറ്റുപാടുള്ള വീടുകൾ ഇന്ന് സ്വപ്‌നസമാനമായ ഒരവസ്ഥാവിശേഷമാണ്. വീടുകളിൽ ധാരാളം അംഗങ്ങളുണ്ടായിരുന്ന, വീടിനു ചുറ്റും ഓടിക്കളിക്കാൻ, പ്രകൃതിയിലിടപെടാൻ ധാരാളം ഇടങ്ങളുണ്ടായിരുന്ന പഴയ കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബങ്ങളിലേയ്ക്കുള്ള മാറ്റം നാം കാണേണ്ടതുണ്ട്.

കേരളത്തിലെ അമ്മമാർ മിക്കവരും പല തുറകളിലുമായി ജോലിയെടുക്കുന്നവരാണ്.ജീവിത സാഹചര്യങ്ങൾ ഇവരെ വിവിധ തൊഴിൽ മേഖലകളിലെത്തിച്ചിരിക്കയാണ്. കാർഷിക ചെറുകിട- കുടിൽ വ്യവസായം, സേവനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പണിയെടുക്കുന്നവരാണധികവും. വീടുമായി ബന്ധപ്പെട്ട ജോലികളിൽ അവിശ്രമം വ്യാപൃതരായവർ എത്രയോപേർ!മടിത്തട്ട് കുട്ടിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ഇക്കാരണങ്ങളാൽ സമഗ്ര വികാസത്തിൽ നിർണായകമായ, അമ്മയുടെ പരിചരണത്തിന്റെ പങ്ക് ശിശുവിന് വേണ്ടത്ര ലഭിക്കുന്നില്ല. കൂലിവേല പോലും ലഭിക്കാത്തതിനാൽ കഷ്ടപ്പെടുന്ന അതിദരിദ്രമായ കുടുംബങ്ങളിലെ കുട്ടികളുടെ കാര്യം പറയാനുമില്ല.

ഈ സാഹചര്യത്തിൽ ശിശുവിദ്യാ കേന്ദ്രങ്ങൾക്ക് പ്രസക്തി വർദ്ധിച്ചിരിക്കുന്നു. മൂന്നു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളിൽ മൂന്നു ലക്ഷം മാത്രമേ ഇന്ന് പ്രീ പ്രൈമറിയിൽ എത്തുന്നുള്ളൂ.250 വീടിന് ഒരു ശിശുവിദ്യാ കേന്ദ്രം എന്ന തോതിലാണെങ്കിൽ പോലും കേരളത്തിൽ ചുരുങ്ങിയത് ഇരുപതിനായിരം പ്രീ സ്‌കൂളുകളെങ്കിലും ഇനിയും വേണ്ടിവരും. ഇതിന്റെയൊക്കെ ഫലമായി എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ മുതൽമുടക്ക് വളരെ കുറഞ്ഞ ഒരു വ്യവസായമായി പ്രീ സ്‌കൂൾ കേന്ദ്രങ്ങൾ മാറികൊണ്ടിരിക്കുന്നു. ശിശുവിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യം കച്ചവട താത്പര്യത്തിന് വഴിമാറി കൊടുക്കുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്! സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ നമ്മുടെ നാട്ടിലേറെയുണ്ട്. ആഗ്രഹമുണ്ടെങ്കിലും ദാരിദ്ര്യം കാരണം കുട്ടികളുടെ സർവ്വതോമുഖമായ വളർച്ചയ്ക്കാവശ്യമായ സാഹചര്യം അത്തരം കുടുംബങ്ങളിലില്ലയെന്നതാണ് യാഥാർഥ്യം. അവർക്കാകട്ടെ മനഃശാസ്ത്രപരമായ സമീപനത്തോടെ കുഞ്ഞുങ്ങളെ വളർത്താനുള്ള കഴിവും വളരെ കുറവാണ്. ചില വീടുകളിൽ അനുഭവപ്പെടുന്ന കുടുംബശൈഥില്യവും കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുകൂലമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്ന ഘടകങ്ങളിലൊന്നാണ്. പോഷകാഹാരക്കുറവിനോടൊപ്പം മനസ്താപമുണ്ടാക്കുന്ന കുടുംബസാഹചര്യം കൂടിയാകുമ്പോൾ ശൈശവം ഏറെ പരിതാപകരമായി തീരുന്നു. മാനസികവും ശാരീരികവുമായ പോഷണമാണ് ശിശുക്കൾക്കാവശ്യം. ആദ്യകാല ശിശുസംരക്ഷണവും വിദ്യാഭ്യാസവും ഒരുമിച്ചു ചേരുമ്പോൾ ഈ ലക്ഷ്യം പൂർത്തീകരിക്കുക എളുപ്പമാണ്.

ശിശു വിദ്യാഭ്യാസം എന്ന പേരിൽ ഇന്നു പലയിടത്തും നടക്കുന്നത് ശിശുഹത്യയാണെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. നാളത്തെ ലോകത്തെയാണ് ഇവിടങ്ങളിൽ കുരുതി കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ കൊടുംക്രൂരതയിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള നടപടികൾ ഭരണതലത്തിൽ ഉണ്ടായാൽ മാത്രമേ ആദ്യകാല ശിശുസംരക്ഷണവും വിദ്യാഭ്യാസവും നാടിനു ഗുണം ചെയ്യുകയുള്ളൂ. അമിതമായ പഠനഭാരത്തിന്റെ കൂറ്റൻ പാറകൾ ചുമലിൽ കേറ്റി വേച്ചുവേച്ചു നടക്കുന്ന തടവു പുള്ളികളെ പോലുള്ള അടിമക്കൂട്ടങ്ങൾ! അവർ നമ്മുടെ പിഞ്ചോമനകളാണ്. കൂരിയിരുട്ട് തളം കെട്ടി നൽക്കുന്ന ജയിലറകൾക്കു സമാനമായ കുടുസു മുറികളിൽ കുടുങ്ങി കിടക്കുന്ന ശൈശവത്തെ മോചിപ്പിക്കാൻ ഇനിയും നമുക്കായിട്ടില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.ഈ തമസ്സിനെ തകർക്കാൻ, നടത്തുന്ന എത്ര ചെറിയ ശ്രമംപോലും വാഴ്ത്തപ്പെടേണ്ടുന്ന ഒരു സത്കർമ്മമായി ഇവിടെ പരിണമിക്കുന്നു. ഒരു ചെറുതിരി കൊളുത്തുന്നതിൽ പോലും മാനവികതയുടെ മഹാസാഗരമുണ്ടെന്ന് നാം മനസ്സിലാക്കുന്നു. കൂടുതൽ നല്ലൊരു കേരളത്തിന്റെ സൃഷ്ടിക്കായി കരുത്തുറ്റ ഒരു കൂട്ടായ്മയുടെ അനിവാര്യത കാലം നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്. പ്രഥമ പരിഗണന നൽകി അതിശക്തമായി ഇടപെടേണ്ടുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു നമ്മുടെ ശിശുവിദ്യാഭ്യാസരംഗം.

നെഹ്റുവും ആസാദും പട്ടേലുമുൾപ്പെടുന്ന, ദീർഘദർശനവും ഇച്ഛാശക്തിയും കൈമുതലായ പ്രഗത്ഭരുടെ നിരയെത്തന്നെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം നിർണയിക്കാൻ ലഭിച്ചുവെന്നത് രാഷ്ട്രത്തിനും വൈവിധ്യമാർന്ന ജനസഞ്ചയത്തിനും കൈവന്ന മഹാഭാഗ്യമായിരുന്നു. അവർക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാഷ്ട്രശിൽപ്പിയുമായ ജവഹർലാൻ നെഹറു വിന് ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് ഉള്ളത്. വിഭജനവും വർഗ്ഗീയ കലാപവും നാട്ടുരാജ്യങ്ങളുടെ സംയോജനവും കോളനി വാഴ്ച തകർത്തെറിഞ്ഞ ആടിയുലയുന്ന സാമ്പത്തിക ഘടനയും ഏതു നിമിഷവും അഭ്യന്തര യുദ്ധത്തിലേക്കോ ഏകാധിപത്യത്തിലേക്കോ അരാജകത്തത്തിലേക്കോ വഴി മാറിയേക്കാവുന്ന രാജ്യത്തെ ഇന്ന് ഈ നിലയിലേക്ക് മാറ്റിയെടുത്തത് പണ്ഡിറ്റ്ജിയാണ്. എതിരാളികളെ പോലും ഒപ്പം കൂട്ടി രാജ്യത്തിന്റെ ഉയർച്ചക്കായി പ്രവർത്തിച്ച നെഹറു. സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ടാഴ്ച മുമ്പേ സ്വതന്ത്ര ഇന്ത്യയുടെ കാബിനറ്റ് എങ്ങിനെയായിരിക്കണമെന്ന കാഴ്ചപ്പാട് ആ ക്രാന്തദർശിക്കുണ്ടായിരുന്നു. കാബിനറ്റ് റാങ്കിൽ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്സിൽ തന്നെ ധാരാളം പേർ ഉണ്ടായിരിക്കേ സങ്കീർണമായ ഒരു പ്രതിസന്ധി മറികടക്കാൻ തന്റെ കൂടെ ചേർക്കുന്നവർക്കും പ്രവർത്തന മികവ് കൂടിയേ തീരൂ എന്ന് അദ്ദേഹം തീരുമാനിച്ചു. എത്ര കഴിവുറ്റ ഭരണാധികാരിക്കും ചുവട് പിഴച്ചു പോകാവുന്ന അസാധാരണ അവസ്ഥയിലൂടെയാണ് പുതിയ ഇന്ത്യ കടന്നു പോകുന്നത് എന്ന ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു.അതു കൊണ്ട് ആദ്യത്തെ കാബിനറ്റ്, എതിർസ്വരങ്ങളെ ബഹുമാനിച്ചുകൊണ്ട് മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന എല്ലാ പ്രഗത്ഭരെയും ഉൾപ്പെടുത്തിക്കൊണ്ടാകണമെന്ന് നെഹറു തീരുമാനിച്ചു.അങ്ങിനെയാണ് മുപ്പതുകളിലും നാൽപ്പതുകളിലും ഗാന്ധിജിക്കും കോൺഗ്രസ്സിനുമെതിരെ അതിശക്തമായ വിമർശനം ഉയർത്തിയ അംബേദ്ക്കറെ നിയമമന്ത്രിയാക്കിയത്.മറ്റൊരു ഉദാഹരണമാണ് കടുത്ത കോൺഗ്രസ് വിമർശകൻ ആയിരുന്ന ജസ്റ്റീസ് പാർട്ടിയുടെ നേതാവ് ഷൺമുഖം ഷെട്ടി ധനമന്ത്രിയായതും. എന്തിനേറെ ദേശീയ പ്രസ്ഥാനത്തിന് നേരെ എന്നും പുറം തിരിഞ്ഞു നിന്ന ഹിന്ദു മഹാസഭയുടെ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ മന്ത്രിയാക്കുന്നതിൽ വരെ എത്തി.ഇത്രയും ഉദാത്തമായ ജനാധിപത്യ മര്യാദ നെഹറുവിൽ നിന്നല്ലാതെ മറ്റാരിൽ നിന്നു കിട്ടാൻ. ഇന്നത്തെ ഒരു നേതാവിനു പോലും സ്വപ്‌നം കാണാൻ കഴിയാത്ത രാഷ്ട്രീയ ബോധം.

ഗാന്ധിജിയും നെഹറുവും പട്ടേലുമൊക്കെ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷ് ബ്യൂറോക്രസിയുടെ പര്യായമായിരുന്ന വി പി മേനോനിനും തർലോകസിങ്ങിനും സുകുമാർ സെന്നിനും അദ്ദേഹം ഉത്തരവാദിത്വങ്ങൾ നൽകി. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കുന്നതിൽ പട്ടേലിനൊപ്പം നിർണായക പങ്കുവഹിച്ചത് വിപി മേനോനായിരുന്നു.പൊതു തെരെഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം സുകുമാർ സെന്നിനും പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തെ നിയന്ത്രിക്കുന്ന ചുമതല തർലോക്‌സിങ്ങിനും നൽകി.എതിരാളികളുടെ പ്രഗത്ഭ്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നെഹറു ശ്രദ്ധിച്ചത്.അങ്ങനെയാണ് എകശിലാരൂപമല്ലാത്ത ഒരു ദേശരാഷ്ട്ര മാതൃക സമാനതകളില്ലാത്ത ധൈഷണികതയോടെ അതിലേറെ പ്രയോഗികതയോടെ നെഹറു കെട്ടിപ്പടുത്തത്. അതു കൊണ്ടു തന്നെയാണ് രാഷ്ടശില്പി എന്ന നാമത്തിന് അദ്ദേഹം അർഹമായതും.

ജവഹർലാൽ നെഹറുവിന്റെ ‘മഹാക്ഷേത്രങ്ങൾ’അയോധ്യയിലോ സോമനാഥിലോ മധുരയിലോ ആയിരുന്നില്ല. ആ മഹാക്ഷേത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹം ഇന്ത്യൻ ജനതയെ ധ്രുവീകരിച്ചിട്ടുമില്ല.അത് കോടിക്കണക്കിന് മനുഷ്യർക്ക് തൊഴിൽ സുരക്ഷയും രാജ്യത്തിന് വ്യാവസായിക പുരോഗതിയും നൽകിയ നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളായിരുന്നു. ഇന്ന് മഹാക്ഷേത്രങ്ങളിൽ ബാക്കിയുള്ളത് കൂടി സ്വകാര്യ മേഖലക്ക് വിറ്റഴിക്കുമ്പോഴാണ് ജവഹർലാൽ നെഹറു രാഷ്ട്രീയ ഭൂമികയിൽ അത്രമേൽ പ്രസക്തനാവുന്നത്.നെഹറുവിന്റെ മാർഗം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെതുമായിരുന്നു. സിക്കീമിലെ സോംഗോ തടാകത്തെയും ഗാംഗ്‌ടോക്കിലെ നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹറു റോഡിന്റെ പേര് നരേന്ദ്ര മോദി മാർഗ് എന്നാക്കി മാറ്റായിരിക്കുന്നു.ഇത് കേവലം ഒരുദാഹരണം മാത്രം.അദ്ദേഹത്തിന്റെ ഓർമകൾ പോലും രാഷ്ട്ര ശരീരത്തിൽ നിന്ന് മാഴ്ചു കളയാൻ നിരന്തരം ശ്രമിക്കുമ്പോഴും പണ്ഡിറ്റ് എന്ന ക്രാന്തദർശി ഇന്നും ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് അദ്ദേഹത്തിന്റെ കയ്യൊപ്പ് ആഴത്തിൽ പതിഞ്ഞത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ആയത് കൊണ്ടാണ്. മോദിക്ക് നെഹറു ആരുമല്ലായിരിക്കാം. പക്ഷേ ഇന്ത്യക്ക് തലയുയർത്തി നിന്നു പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളു. അത് മോത്തിലാലിന്റെ പ്രിയപുത്രൻ ജവഹർലാൽ നെഹറു ആണ്.ഇന്ന് ഓരോ ഇന്ത്യക്കാരനും അതോർക്കേണ്ട സന്ദർഭവുമാണ്.സംസ്‌കാരത്തിന്റെ ബഹുസ്വരതയും നാനാത്വത്തിന്റെ സൗന്ദര്യവും അവസാനം വരെ മുറുകെപ്പിടിച്ച് ഇന്ത്യക്ക് ജീവശ്വാസം നൽകിയ, സതന്ത്ര ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഭരണാധികാരിയെ ഓർക്കേണ്ട ചരിത്ര സന്ദർഭം ഇതല്ലെങ്കിൽ പിന്നെ മറ്റേതാണ്!

നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ ദർശനത്തിൽ അണുകിട വിട്ടുവീഴ്ച ചെയ്യാൻ നെഹ്റു തയ്യാറല്ലായിരുന്നു. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും സിക്കുക്കാരനും ജൈനനും ബുദ്ധമതക്കാരുമെല്ലാം ഒരേ ചെടിയിലെ പൂക്കളാണെന്നദ്ദേഹം ഓർമിപ്പിച്ചു. ഒരു മതവിശ്വാസി അല്ലാതിരുന്ന പണ്ഡിറ്റ്ജി എല്ലാ മതങ്ങളെയും ആദരിക്കുകയും എന്നാൽ തന്റെ വിശ്വാസം രാഷ്ട്രത്തിനും ജനതയ്ക്കും ഒരുതരത്തിലും സ്വാധീനമാകാതിരിക്കാൻ അതീവശ്രദ്ധ പുലർത്തുകയും ചെയ്തു.

ജവഹർലാൽ ആരായിരുന്നു? രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ അദ്ദേഹം ലോകം അറിയപ്പെടുന്നൊരു കവി ആവുമായിരുന്നുവെന്ന് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ചരിത്രവും രാഷ്ട്രമീമാംസയും തത്വശാസ്ത്രവും എല്ലാം അദ്ദേഹത്തിന്റെ സഹചാരികളായിരുന്നു. ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും അദ്ദേഹം വെച്ചുപുലർത്തി. കുട്ടികളാണ് നാളത്തെ രാഷ്ട്രപൗരന്മാരായി വളരേണ്ടവർ എന്ന തിരിച്ചറിവായിരിക്കാം പണ്ഡിറ്റ്ജി കുട്ടികളെ ഇത്രമാത്രം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യാനുള്ള കാരണം. കുട്ടികൾ അദ്ദേഹത്തെ സ്നേഹപൂർവം ‘ചാച്ചാജി’ എന്നും വിളിച്ചു. ‘വിശ്വചരിത്രാവലോകനം’, ‘ഇന്ത്യയെ കണ്ടെത്തൽ’ തുടങ്ങിയ മികച്ച ഗ്രന്ഥപരമ്പരകൾ പണ്ഡിറ്റ്ജിയിൽ നിന്നും രാഷ്ട്രത്തിന് ലഭിച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി രചിച്ച, (മകൾ ഇന്ദിരാഗാന്ധിക്ക് ജയിലിൽനിന്നും അയച്ച കത്തുകൾ) ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഉൾപ്പെടെയുള്ള ബാലസാഹിത്യകൃതികളും ഏറെ ചർച്ചചെയ്യപ്പെട്ടവ തന്നെ. ഭരണാധികാരിയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ തട്ടി മാറ്റിയ നാടാണ് നമ്മുടേത്.കാറിൽ ചാരി നിന്നതിന് ഗണേഷ് എന്ന രാജസ്ഥാനി ബാലന് ചവിട്ടിത്തെറിപ്പിച്ച നമ്മുടെ നാട്ടിൽ തന്നെയാണ് ഭക്രാനംഗൽ അണക്കെട്ട്.പ്രധാനമന്ത്രിയായിരിക്കെ നെഹറു അത് ഉദ്ഘാടനം ചെയ്യാൻ വേണ്ടി വേദിയിലേക്ക് വിളിച്ചത് ബുധിനി എന്ന ഒരു ആദിവാസി പെൺകുട്ടിയെയായിരുന്നു.താൻ ക്യാമറയുടെ ഫ്രെയിമിൽ ഉണ്ടോ എന്നതിനെപ്പറ്റി നെഹറു ആശങ്കപ്പെട്ടില്ല. ഇവിടെയാണ് നെഹറു വിന്റെ മഹത്വം തിരിച്ചറിയേണ്ടത്.

എല്ലാ വർഷവും നവംബർ 14 ന് ശിശുദിനമായി ആചരിക്കുമ്പോൾ രാഷ്ട്രം അദ്ദേഹത്തിന്റെ ദീപ്തസ്മരണ പുതുക്കുകകൂടിയാണ് ചെയ്യുന്നത്. ഇന്ത്യയിലെന്നല്ല,ഭൂരിഭാഗം ലോകരാജ്യങ്ങളിലും ആചരിക്കുന്ന ശിശുദിനം ലോകത്താകമാനമുള്ള കുട്ടികളുടെ ക്ഷേമവും ഐശ്വര്യവുമാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ ശിശുദിനാചരണം 1954 ലായിരുന്നു.ഇന്ത്യ കണ്ട പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനും മുൻ പ്രതിരോധമന്ത്രിയുമായ വി.കെ കൃഷ്ണമേനോൻ ആയിരുന്നു ഇത് വിഭാവനം ചെയ്തത്. അന്താരാഷ്ട്ര ബാലദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ ബോധ്യപ്പെടുത്തിയത് കൃഷ്ണമേനോൻ ആയിരുന്നു.അതിനുശേഷമാണ് ലോകമാകെ ശിശുദിനം ആചരിച്ചുതുടങ്ങിയത്.

ശിശുദിനം ആദ്യം ആചരിച്ചിരുന്നത് ആഗോളതലത്തിൽ ഒക്ടോബറിലായിരുന്നു. 1959നുശേഷമാണ് നവംബർ 20ന് ശിശുദിനം ആചരിക്കാൻ ആരംഭിച്ചത്. ബാലാവകാശം ഒരു ഭരണഘടനാ അവകാശമായി യു.എൻ അംഗീകരിച്ചതിന്റെ വാർഷികദിനമായിരുന്നു അത്. 1989ൽ കുട്ടികളുടെ അവകാശത്തിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ ഒപ്പുവച്ചതും ഈ ദിനമായിരുന്നു.എന്നാൽ ഇന്ത്യയിൽ ഇത് നെഹുറുവിന്റെ ജന്മദിനത്തിലാണ് ആചരിച്ചുവരുന്നത്. അതേസമയം മറ്റുരാജ്യങ്ങളിൽ ഇപ്പോഴുമിത് നവംബർ 20 നാണ്. നെഹുറിവനേയും കുട്ടികളേയും ആദരിക്കുക എന്നതാണ് ഇന്ത്യയിലെ ശുശിദിനാചരണത്തിന്റെ ലക്ഷ്യം. 1964ൽ നെഹ്റുവിന്റ മരണശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

ചാച്ചാനെഹ്റുവിന്റെ ചിത്രം അലങ്കരിച്ച് അതിൽ ഒരുപിടി പൂക്കൾ അർപ്പിക്കുന്നതോടെ തീരുന്നതല്ല അദ്ദേഹത്തോടുള്ള നമ്മുടെ ആദരം. ശുചീകരണമായാലും ഭരണ സ്ഥിരതയായാലും മതേതര ജീവിതമായാലും രാഷ്ട്രത്തിന്റെ കെട്ടുറപ്പായാലും എല്ലാം നെഹ്റുവിനെപ്പോലുള്ള, മഹാത്മാഗാന്ധിയെപ്പോലുള്ള, മൗലാനാ ആസാദിനെപ്പോലുള്ള, പട്ടേലിനെപ്പോലുള്ള നമ്മുടെ രാഷ്ട്രശിൽപ്പികൾ നമുക്കു പകർന്നുതന്ന മഹാജ്ഞാനങ്ങളാണ്. ഏതെങ്കിലും തരത്തിലെ രാഷ്ട്രീയപ്പകപോക്കൽ ലക്ഷ്യംവച്ചുള്ള ശുചീകരണ മാമാങ്കവും പ്രതിമനിർമാണ മഹോത്സവവുമെല്ലാം ഇന്ത്യയുടെ അഖണ്ഡതയെ ശക്തിപ്പെടുത്താനല്ല, തകർക്കാനേ ഉപകരിക്കൂ എന്ന സത്യവും ഭരണാധികാരികൾ ഈ സുദിനത്തിൽ ഓർക്കുന്നത് നന്നായിരിക്കും. പണ്ഡിറ്റ് ജിയുടെ നൂറ്റി മുപ്പത്തി മൂന്നാം പിറന്നാളിൽ രാഷ്ട്രപുനർനിർമാണത്തിൽ പങ്കാളികളാവുക എന്നതാവട്ടെ നമ്മുടെ പ്രതിജ്ഞ.

മുകളിൽ പ്രസ്താവിച്ച കുട്ടികളുടെ അവകാശങ്ങളായാലും ബാലാവകാശ നിയമമായാലും അവർക്ക് പരിരക്ഷ നൽകി പോരുന്നു.എല്ലാവിധ ചൂഷണത്തിനും ദ്രോഹപരമായ സാഹചര്യങ്ങൾക്കും എതിരെ രക്ഷ നേടാനുള്ള അവകാശം കുട്ടികൾക്കുണ്ട്. അദ്ധ്യാപകരെന്ന നിലയിൽ ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള അറിവ് നമ്മൾ മനസ്സിലാക്കിയിരിക്കണം. കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അവയുടെ നിയമപരമായ പരിഹാരങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുഞ്ഞുങ്ങളുടെ നന്മയ്ക്കായി മാറ്റാൻ കഴിയുന്ന പദ്ധതികളെ കുറിച്ചും ബോധവാന്മാരാകുന്നതുവഴി മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
കുട്ടികൾക്ക് ചിലപ്പോൾ നിയമ സഹായമോ, സംരക്ഷണമോ വേണ്ടി വന്നേയ്ക്കാം.ഇത് സമയബന്ധിതമായി ചെയ്തു കൊടുക്കാൻ ഏതൊരു മുതിർന്ന പൗരനും സാധിക്കണം.

എന്നാൽ നാം കുട്ടികൾക്കു നൽകുന്ന പരിരക്ഷയുടെ പേരിൽ പഴയ തലമുറയെ അപേക്ഷിച്ച് പുതുതലമുറ വഴി തെറ്റുകയാണോ?ഈയടുത്ത കാലത്തു പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ അത്ര ആശാവഹമല്ല. കുട്ടികളെ തല്ലി വളർത്തിയ ഒരു കാലമുണ്ടായിരുന്നു. നോക്കി പേടിപ്പിച്ച കാലവും. ഇന്ന് ന്യൂ ജനറേഷൻ വരുത്തി വെക്കുന്ന വിനകൾക്ക് വില നൽകാൻ സമയം തികയാതെ പോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മക്കൾ അരുതായ്മകളിലേക്ക് സഞ്ചരിക്കുമ്പോൾ അവരെ തടയാൻ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ സാധിക്കാതെ വരുന്നു. ഇതൊക്കെ നിയന്ത്രിക്കാനും മക്കളെ അനുസരണ പഠിപ്പിക്കാനും പണ്ടത്തെ പോലെ ഇപ്പോൾ പറ്റാതെ വരുന്നതിനു കാരണം നേരത്തേ പറഞ്ഞ അവർക്ക് പരിരക്ഷ നൽകുന്ന അവകാശങ്ങളും നിയമങ്ങളും അല്ലേ?

സ്‌കൂൾ വരാന്തയിൽ ചൂരലും പിടിച്ച് ഗാംഭീര്യത്തോടെ നടന്നിരുന്ന അധ്യാപകർ ഇന്നും സ്‌കൂൾ കേമ്പസിലുണ്ട്. എന്നാൽ ഇന്ന് കയ്യിൽ വടിയില്ലാതെ അനുസരണ പഠിപ്പിക്കുന്ന ഒരു നോട്ടത്തിനു പോലും കഴിയാതെ വരാന്തയിൽ തല കുനിച്ച് പോകേണ്ടി വരുന്ന അധ്യാപക സമൂഹം നോക്കുകുത്തിയായി മാറുകയല്ലേ? ഒരു വിദ്യാലയത്തെ മുഴുവനും നിശബ്ദമാക്കുന്ന അയാളുടെ ശബ്ദം തൊണ്ടയിൽ തന്നെ അടക്കിവെച്ചിരിക്കുന്നു. ക്ലാസ് റൂമിൽ അരുതായ്മ കണ്ട ഒരധ്യാപിക, അരുതെന്ന് പറയാൻ കെൽപ്പില്ലാതെ, അവസാനം അധ്യാപനം തന്നെ മതിയാക്കി പോയത് എവിടെയോ വായിച്ചത് ഓർമയിൽ വരുന്നു. വേറൊരധ്യാപകൻ നല്ലവനായിരുന്നു.പരീക്ഷാഹാളിൽ കോപ്പിയടിക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ തടഞ്ഞത്, കുട്ടി നന്നാവണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്. അയാളത് കണ്ടതാണ് തെറ്റായിപ്പോയത്.അരുതാത്തത് കണ്ട നിമിഷത്തെയോർത്ത് പിന്നീടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹം ഖേദിച്ചിരിക്കണം.കാരണം പിടിക്കപ്പെട്ട കുട്ടി അധ്യാപകനെ പോക്‌സോ കേസിൽപ്പെടുത്തിയിരക്കുന്നു. നമ്മൾ അദ്ദേഹത്തിന് നൽകിയത്, ജയിൽവാസവും പിഴയുമായിരുന്നു. ഇനി അയാൾ സർവ്വീസ് കാലത്തിനിടക്ക് അത്തരം കാഴ്ചകൾ കാണില്ല. കാഴ്ചകയില്ലാത്തത് കൊണ്ടല്ല, കാണേണ്ടാത്തത് കാണാതിരിക്കാൻ ജയിലി നകത്ത് വെച്ച് അദ്ദേഹം പരിശീലിച്ചിട്ടുണ്ടാകും.

എന്നാൽ അധ്യാപകർ തന്റേടത്തോടു കൂടി ഗുണദോഷവുമായി മുന്നോട്ടു വന്നാലോ, ചാനലുകളും സാംസ്‌കാരിക നായകൻമാരും ചേർന്ന് അവരെയൊക്കെ നിലക്ക് നിർത്തുന്ന കാഴ്ചയല്ലേ കാണുന്നത്. കേസ് കൊടുത്തും ഭീഷണിപ്പെടുത്തിയും സദാചാര ഗുണ്ടാപ്പണി ചെയ്തും മൂലക്കിരുത്തിയ ശേഷം ഈ നാടിനെന്ത് പറ്റി എന്ന് വിലപിച്ചിട്ടെന്ത് കാര്യം?

പരിഷ്‌കൃത സമൂഹം മുന്നോട്ടുവച്ച ഒരാശയമായിരുന്നു മതാപിതാക്കൾ മക്കളെ തല്ലി വളർത്താൻ പാടില്ല എന്നത്. അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാൻ പോലും പാടില്ലെന്നും വാശി പിടിച്ചു.അതിന്റെ ദോഷഫലങ്ങൾ യൗവനത്തിലെത്തിയ മക്കളിൽ നിന്നും ഇന്ന് മതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പണ്ട് സ്‌കൂളിൽ നിന്ന് അധ്യാപകരുടെ അടി കൊണ്ട കുട്ടി വീട്ടിൽ പറയാറില്ലായിരുന്നു, കാരണം വീട്ടിൽ നിന്നും കിട്ടുമായിരുന്നു അടി.പരീക്ഷക്ക് മാർക്ക് കുറഞ്ഞാൽ, അനുസരണക്കേട് കാണിച്ചാൽ ,സ്‌കൂളിൽ നിന്ന് അധ്യാപകനോട് അടി കിട്ടി എന്നറിയുന്ന അച്ഛനമ്മമാർ ഏറെ സന്തോഷിക്കാറായിരുന്നു പതിവ്. എന്നാൽ ഇന്നോ? രക്ഷിതാക്കൾ എത്ര സമ്പന്നരായാലും മുൻപ് കുട്ടികളുടെ ആവശ്യങ്ങൾ അറിഞ്ഞ് മാത്രമേ പണം നൽകിയിരുന്നുള്ളു. കൊടുത്ത പണം എന്തിനൊക്കെ ചിലവാക്കി എന്ന് ബോധ്യപ്പെടുത്തുക പതിവായിരുന്നു.ഇന്ന് പാവപ്പെട്ടവന്റെയും പണക്കാരന്റെയും മക്കൾ യഥേഷ്ടം പണം ചിലവാക്കുന്നതാണ് കാണുന്നത്. രക്ഷിതാക്കളിൽ നിന്ന് ഒരന്വേഷണവും ഇല്ലതാനും.കുട്ടിയെ സംബന്ധിച്ചിടത്തോളം ഈ ലോകം അവനു പുതിയതാണ്. തെറ്റേത് ശരിയേത് എന്നറിയാത്ത അവരുടെ വഴികാട്ടികളാണ് മാതാപിതാക്കളും അധ്യാപകരും. തെറ്റിൽ നിന്നു മാറി ശരിയുടേയും നന്മയുടേയും ലോകത്തിലൂടെ തന്റെ കുഞ്ഞു നടന്നു നീങ്ങണം എന്നു തന്നെയാണ് എല്ലാ മതാപിതാക്കളുടെയും ആഗ്രഹം. തെറ്റുകാട്ടുമ്പോൾ തിരുത്താനും വേണ്ടിവന്നാൽ ശാസിക്കാനും ആവർത്തിച്ചാൽ തല്ലുനൽകാനുമുള്ള നിയമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ തെറ്റിന്റെ ആഴം മനസ്സിലാക്കി പാശ്ചാത്തപിക്കാനും തെറ്റുതിരുത്താനും സാധിക്കൂ.

കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന പോല എല്ലാവർക്കും അവരവരുടെ മക്കൾ പ്രിയപ്പെട്ടവരാണ്. പക്ഷേ അതിരു കടന്ന വാൽസല്യത്തിനിടയിലും അവരെ നേർവഴിക്ക് നടത്തേണ്ടത് മാതാപിതാക്കളും അധ്യാപകരും ആണെന്ന കാര്യം മറക്കാതിരിക്കുക. കേവലം ന്യൂനശതമാനം കുട്ടികളുടെ കാര്യമാണ് മേൽ പ്രസ്താവിച്ചത്.പുതു തലമുറയിലെ ഒട്ടുമിക്ക മക്കളുടെ പ്രവർത്തനങ്ങളും കണ്ടുപിടുത്തങ്ങളും ഏറെ ആശാവഹമാണ്.അവർ സമൂഹത്തിലും നാട്ടിലും ലോകത്തിലും മാറ്റങ്ങൾ കൊണ്ടുവരിക തന്നെ ചെയ്യും.നാളത്തെ ഭരണചക്രം തിരിക്കേണ്ട ഇവർ തന്റെ കയ്യൊപ്പു ചാർത്തുക തന്നെ ചെയ്യും. ഏവർക്കും ശിശുദിനാശംസകൾ……
ഇന്ന് ശിശുദിനം. പ്രിയപ്പെട്ട വായനക്കാർക്ക് ശിശുദിനആശംസകൾ

Related Posts

Leave a Reply

Your email address will not be published. Required fields are marked *