അന്ധവിശ്വാസങ്ങൾ കാറ്റിൽ പറത്തി അദ്ധ്യാപകന്റെ ശാസ്ത്രയാത്ര

ജിജു മലയിൻകീഴ്
തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ജോലിയിൽ നിന്നും വിരമിച്ച ഒരു പ്രഥമാദ്ധ്യാപകന്റെ ശാസ്ത്ര യാത്ര ശ്രദ്ധേയമാകുന്നു. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ ദിനേഷ് കുമാർ തെക്കുമ്പാട് ആണ് ഈ ശാസ്ത്ര അദ്ധ്യാപകൻ.

രാജ്യത്തിന്റെഎഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആഗസ്ത് 15 ന് മഞ്ചേശ്വരത്തിൽ നിന്നാരംഭിച്ച ശാസ്ത്ര പരീക്ഷണ കേരള യാത്ര കേരളത്തിലെ 14 ജില്ലകളിലൂടെ 75 ൽ പരം വിദ്യാലയങ്ങളിൽ ക്ലാസ് നയിച്ച് നവബർ 14 ന് തിരുവനന്തപുരത്ത് പട്ടം ഗവ:ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സമാപിക്കുകയാണ്.
ശാസ്ത്ര പരീക്ഷണങ്ങൾ പൊതുയിടങ്ങളിലേക്ക് മാറുമ്പോഴുള്ള ജനകീയ സ്വീകാര്യത മനസ്സിലാക്കിയ കാലം മുതൽ ദിനേഷ് കുമാർ ശാസ്ത്ര പരീക്ഷണ കളരി എന്ന പേരിൽ സ്‌കൂളിനകത്തും പുറത്തും ശാസ്ത്ര പരീക്ഷണ ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. തന്റെ മുന്നിൽ വരുന്ന കുട്ടികളിൽ പഠനം രസകരവും വിജ്ഞാനപ്രദവുമാക്കാൻ 30 വർഷം മുൻപ് തുടങ്ങിയതാണ് ഈ രീതി. അതിന് നല്ല പ്രതികരണം കുട്ടികളിൽ നിന്ന് മാത്രമല്ല രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ചതോടെയാണിതിന് ജനകീയ മുഖം കൈവന്നത്.
നിലവിലുള്ള ചില പൊള്ളത്തരങ്ങൾക്കും അശാസ്ത്രീയതയ്ക്കുമെതിരായ ഒരു വലിയ ആയുധമായി പൊതുയിടങ്ങളിലേക്ക് ശാസ്ത്ര പരീക്ഷണങ്ങളെ മാറ്റാൻ ഇദ്ദേഹത്തിന് സാധിച്ചു.

എൽ പി ക്ലാസു മുതൽ ഹയർ സെക്കന്ററി ക്ലാസ് വരെയുള്ള കുട്ടികൾക്കാവശ്യമായ പരീക്ഷണങ്ങൾ പുതുമയാർന്ന രീതിയിൽ തയ്യാറാക്കാനും അത് ആസ്വാദ്യകരവും അനുഭവേദ്യവും അന്വേഷണാത്മകവുമാകുന്ന തരത്തിൽ അവതരിപ്പിക്കാനുമുള്ള ഇദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്.
പരീക്ഷണങ്ങൾക്ക് ചെലവു കുറഞ്ഞരീതി
ചിലവു കുറഞ്ഞ രീതിയിലുള്ള പഠനോപകരണങ്ങൾ തയ്യാറാക്കുകയും അവ സൂക്ഷിച്ചുവയ്്ക്കുകയും ചെയ്യുക വഴി വർഷങ്ങൾക്കു മുൻപ് തന്നെ വീട്ടിൽ ഒരു ശാസ്ത്ര ഗാലറി ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
2021 മെയ്യ് 31 ന് കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ നിന്ന് പ്രധാന അദ്ധ്യാപകനായി വിരമിച്ചതിനു ശേഷമാണ് ശാസ്ത്ര പരീക്ഷണ കേരള യാത്ര എന്ന ആശയം ഇദ്ദേഹത്തിന്റെ മനസ്സിലെത്തിയത്.
മതേതരത്വവും ശാസ്ത്രബോധവും മാനവികതയും ചോർന്നു പോകുന്ന ഈ വർത്തമാന കാലത്ത് യുക്തിചിന്തയുടെ വെള്ളിവെളിച്ചത്തിലേക്ക് കേരളത്തെ നയിക്കാനാണ് ശാസ്ത്രത്തിന്റെ കൈത്തിരി ഉയർത്തി പിടിച്ചു കൊണ്ടുള്ള ഈ ജൈത്രയാത്രയെന്ന് ദിനേഷ് കുമാർ തെക്കുമ്പാടൻ ട്രൂത്ത് ലൈവിനോട് പറഞ്ഞു.


ശാസ്ത്രീയ മനോഭാവവും മനുഷ്യസ്‌നേഹവും അന്വേഷണശീലവും സാമാന്യ ബോധമാക്കി മാറ്റി കേരളത്തിലങ്ങോളമിങ്ങോളമുള്ള കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഏറെ കൗതു്കപരവും വിജ്ഞാനപ്രദവുമാണ് ഈ ശാസ്ത്ര കേരള യാത്രയെന്നും അദ്ദേഹം പറഞ്ഞു. ഏതൊന്നിനുപിന്നിലും ഒരു കാരണമുണ്ടെന്നും ആ കാരണം അന്വേഷിച്ചാൽ എത്തിച്ചേരുന്നത് ഏതെങ്കിലും ഒരു ശാസ്ത്രാശയത്തിലായിരിക്കുമെന്നും,എന്തിലും ഏതിലും ശാസ്ത്രത്തിന്റെ കൈകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ ശാസ്ത്ര പരീക്ഷണ ക്ലാസിലൂടെയും കുട്ടികളും പൊതുജനങ്ങളും തിരിച്ചറിയുന്നു.
ശൂന്യതയിൽ നിന്ന് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. അതുപോലെ കൈയ്യിലിരിക്കുന്ന ഒരു വസ്തുവിനെ ആർക്കും അപ്രത്യക്ഷമാക്കാനും കഴിയില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി നാം കാണുന്നുവെങ്കിൽ അതിന് മാജിക് എന്ന പേരാണ് കൊടുക്കേണ്ടത് . വായുവിൽ നിന്ന് പൂവ് എടുക്കുന്ന ആളെ നാം മാജിക്കുകാരൻ എന്നു വിളിക്കുമ്പോൾ പിന്നെ എന്തിനാണ് ശൂന്യതയിൽ നിന്ന് മാലയും ഭസ്മവും എടുക്കുന്ന ആൾക്ക് അമാനുഷിക പരിവേഷം നൽകുന്നത് എന്നാണ് ശാസ്ത്ര പരീക്ഷണ ക്ലാസിലൂടെ ഈ അദ്ധ്യാപകൻ ചോദിക്കുന്നത്.

നേടിയ അറിവുകൾ നൂതന സന്ദർഭങ്ങളിൽ പ്രയോഗിക്കുമ്പോഴാണ് ശരിയായ പഠിപ്പ് ആകുന്നതെന്നും, ശാസ്ത്ര ചിന്ത ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും അത് കൂടെയുണ്ടാകണമെന്നും ക്ലാസിലൂടെ ഇദ്ദേഹം ഓർമപ്പെടുത്തുന്നു. അറിവിനോടൊപ്പം തിരിച്ചറിവ് ഇല്ലാതെ പോകുമ്പോഴും ശരിയായ ശാസ്ത്ര ചിന്തയുടെ അഭാവവുമാണ് മനുഷ്യനിൽ മൃഗീയവാസനകൾ ഉണ്ടാക്കുന്നത്.കടന്നു വന്ന എല്ലാ ജില്ലകളിലും വീണ്ടും ചെന്നെത്താനും, പുതിയ വിദ്യാലയങ്ങളിലേക്ക് പോകാനുമുള്ള വിളികൾ ഇപ്പോൾ ഇദ്ദേഹത്തിന് വന്നു കൊണ്ടിരിക്കുകയാണ്.

കൊറോണക്കാലത്ത് വീട് ഒരു വിദ്യാലയമായി മാറിയപ്പോൾ സർക്കാർ നിർദ്ദേശിച്ച ഹോം ലാബ് എന്ന ആശയത്തിന് ഏറെ പ്രാധാന്യം നൽകിയാണ് പരീക്ഷണ ക്ലാസ് അവസാനിപ്പിക്കുന്നത്.
യാതൊരു തരത്തിലുള്ള സാമ്പത്തികവും വാങ്ങാതെ തികച്ചും സേവനം മാത്രമായി നടത്തുന്ന ഈ യാത്ര ഒരു ഒറ്റയാൾ പട്ടാളമായി കേരളചരിത്രത്തിലെ ഒരു വേറിട്ട പ്രവർത്തനമായിമാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ദിനേഷ് കുമാർ തെക്കുമ്പാടന് യാത്രക്ക് ഊർജ്ജം പകരുന്നത്.
പുതിയകാഴ്ചകളും അനുഭവങ്ങളും വിശേഷങ്ങളുമായി ശാസ്ത്ര പരീക്ഷണവണ്ടി ഇനിയും അടുത്ത വിദ്യാലയത്തെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഇത് കാലം ആവശ്യപ്പെട്ടതാണ്. ഈ ശാസ്ത്ര പരീക്ഷണ യാത്രയെ ഒരു അദധ്യാപകന്റെ ശാസ്ത്രാന്വേഷണ പരീക്ഷണ യാത്രയെന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്.