FILM BIRIYANI KERALA Main Banner TOP NEWS

ഐഎഫ്എഫ്കെ ഡിസംബർ 9 മുതൽ; രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) ഡെലിഗേറ്റ് റജിസ്ട്രേഷൻ നവംബർ 11ന് രാവിലെ 10ന് ആരംഭിക്കും.
www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് റജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും റജിസ്ട്രേഷൻ നടത്താം.
എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ രാജ്യാന്തര മത്സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, അന്തരിച്ച ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രശസ്ത ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം’ സമ്മാനിക്കും. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ സിനിമയെ മാധ്യമമായി ഉപയോഗിക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന പുരസ്‌കാരത്തിൽ അഞ്ച് ലക്ഷം രൂപ നൽകും.
രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങൾ മാറ്റുരയ്ക്കും. ഇറാനിൽ നിന്നുള്ള ‘ഹൂപോജെ/ ഷെയ്ൻ ബേ സർ’ (സംവിധാനം: മെഹ്ദി ഗസൻഫാരി), കെർ (ടാൻ പിർസെലിമോഗ്ലു, തുർക്കി ഗ്രീസ്, ഫ്രാൻസ്) കൻസേൺഡ് സിറ്റിസൺ (ഇദാന് ഹാഗുവൽ, ഇസ്രയേൽ), കോർഡിയലി യുവേഴ്സ് / കോർഡിയൽമെന്റ് റ്റിയൂസ് (ഐമർ ലബകി, ബ്രസീൽ), ആലം (ഫിറാസ് ഖൗറി തുനീസിയ, പലസ്തീൻ, ഫ്രാൻസ്, സൗദി അറേബ്യ, ഖത്തർ), കൺവീനിയൻസ് സ്റ്റോർ / പ്രോഡുക്റ്റി 4 (മൈക്കൽ ബൊറോഡിൻ റഷ്യ, സ്ലൊവേനിയ, തുർക്കി), ഉട്ടാമ (അലജാന്ദ്രോ ലോയ്സ ഗ്രിസ്റ്റ്; ബൊളീവിയ, ഉറുഗ്വേ, ഫ്രാൻസ്), മെമ്മറിലാൻഡ് / മിയെൻ (കിം ക്യൂ ബട്ട്; വിയറ്റ്നാം, ജർമനി), ടഗ് ഓഫ് വാർ/ വുത എൻ കുവുതെ (അമിൽ ശിവ്ജി ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഖത്തർ, ജർമനി), ക്ലോണ്ടികെ (മേരിന എർ ഗോർബച്ച്, യുക്രെയ്ൻ, തുർക്കി) എന്നീ ചിത്രങ്ങളാണ് മത്സരിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *