കത്ത് വിവാദം; മേയർക്ക് ഹൈക്കോടതിയുടെ നോട്ടീസ്, ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും

കൊച്ചി: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. മേയർക്ക് പറയാനുള്ളത് കേട്ട ശേഷം ഹർജിയിൽ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ആര്യാ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. എൽ ഡി എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തിനെക്കുറിച്ച് അന്വേഷണം വേണമെന്നും ജി എസ് ശ്രീകുമാർ ആവശ്യപ്പെട്ടു. അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്.

കത്ത് വിവാദത്തിൽ മേയറെക്കൂടാതെ കൗൺസിലർ ഡി ആർ അനിലിനും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മേയർക്ക് നോട്ടീസ് അയക്കുന്നതിനെ സർക്കാർ എതിർത്തിരുന്നെങ്കിലും, മേയർക്ക് പറയാനുള്ളത് കേൾക്കണമെന്ന് കോടതി നിർദേശം നൽകുകയായിരുന്നു.
അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം നടക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറി. കോർപറേഷനിൽ കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള പട്ടിക ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ നൽകിയ കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.