വെൻഡ്ആൻഗോയുടെ ആദ്യ വെർച്വൽ ഫുഡ് കോർട്ട് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

ഏഷ്യയിലെ മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം കേരളത്തിലേത്: മന്ത്രി രാജീവ്

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം കേരളത്തിലാണെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഉൽപ്പന്നങ്ങളുമായി ഇന്ത്യയിലേക്ക് വരുന്ന സ്റ്റാർട്ടപ്പുകൾക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കാനും വളരാനും സാധിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാനത്തെ പ്രമുഖ ആഗോള ഐടി കമ്പനികൾ ഇതിന് അടിവരയിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്മാർട്ട് കിയോസ്‌ക് ഉത്പന്നമായ വെർസിക്കിൾസ് ടെക്‌നോളജീസിൻറെ വെർച്വൽ ഫുഡ് കോർട്ടായ വെൻഡ്ആൻഗോയുടെ ആദ്യ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈയിടെ നടന്ന ഡിഫൻസ് എക്‌സ്‌പോയിൽ ഇന്ത്യൻ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷനുമായി (ഐഇഎസ്എ) നടത്തിയ ആശയവിനിമയത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ തുടക്കത്തിൽ ബ്രോഷറുകളും പോസ്റ്റർമാറ്ററുകളും ഔപചാരികമായി സമർപ്പിക്കുമ്പോൾ കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഉടനടി കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു ഇടം കേരളമാണെന്ന് വെളിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
കേരളത്തിലെ ഐടി മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കൊച്ചിയിൽ കോഗ്‌നിസൻസ് ടെക്‌നോളജീസ് 1.5 ലക്ഷം ചതുരശ്ര അടിയിൽ സ്ഥാപനം തുറന്നു. ടാറ്റ എൽക്‌സിക്ക് കേരളത്തിൽ 50 ശതമാനം തൊഴിലാളികളുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) കാക്കനാട് ഇൻഫോപാർക്കിന് സമീപം 36 ഏക്കർ കാമ്പസ് സ്ഥാപിക്കുകയാണ്.
ഐടി വ്യവസായത്തിനും മറ്റ് മേഖലകൾക്കും സുഗമമായ നടത്തിപ്പിന് ചേർന്ന അന്തരീക്ഷമുള്ള സംസ്ഥാനമായതിനാലാണ് ‘വർക്ക് ഫ്രം കേരള’ എന്ന ആശയം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്ത് സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങളുണ്ട്. അതിനാൽ സ്റ്റാർട്ടപ്പുകളിലും വളരെയധികം സാധ്യതകളുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്ഥാനത്തുടനീളം ഒരു ലക്ഷം എംഎസ്എംഇകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സാമ്പത്തിക വർഷം ‘സംരംഭകത്വ വർഷമായി’ ആചരിക്കുന്നത്. ഏഴ് മാസത്തിനുള്ളിൽ തന്നെ 80,000 കടന്നിരിക്കുന്നു. സാധാരണയായി വാർഷിക ശരാശരി 10,000 ആണ്. അപ്പോൾ ഇത് വലിയ നേട്ടമാണ്. പുതിയ ആശയങ്ങളുമായി വരുന്ന യുവാക്കൾക്ക് കൺസൾട്ടേഷൻ നൽകുന്നതിനായി എല്ലാ ജില്ലയിലും എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് ഒന്നിലധികം റെസ്റ്റോറൻറുകളിൽ നിന്ന് ഒരു ബില്ലിൽ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളിൽ നിന്ന് അവ സ്വീകരിക്കുന്നതിനുമായുള്ള സ്റ്റാർട്ടപ്പ് സംരംഭമാണ് വെൻഡ്ആൻഗോ. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിലാണ് ആദ്യ ഔട്ട്‌ലറ്റ്.
വെൻഡ്ആൻഗോയുടെ കിയോസ്‌ക്കുകൾക്ക് ഒന്നിലധികം കാര്യങ്ങൾ ഓർഡർ ചെയ്യുന്നതിനപ്പുറം സാധ്യതകളുണ്ടെന്നും ഇത് ഒരു കേന്ദ്രീകൃത വെൻഡിംഗ് മാളായി മാറുമെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക പറഞ്ഞു.
തങ്ങളുടെ സംരംഭകത്വ ആശയങ്ങൾക്ക് തുടക്കമിട്ട സംസ്ഥാനത്തിന് എന്തെങ്കിലും തിരികെ നൽകണം എന്ന പ്രേരണയിൽ നിന്നാണ് ഈ സംരംഭം പിറന്നതെന്ന് വെൻഡ്ആൻഗോ സഹസ്ഥാപകൻ കിരൺ കരുണാകരൻ പറഞ്ഞു. ഓരോ വെൻഡ്ആൻഗോ ലൊക്കേഷനിലും കുറഞ്ഞത് അഞ്ച് പേർക്ക് നേരിട്ടും 10 പേർക്ക് അല്ലാതെയും ജോലി നൽകാൻ കഴിയും. എൻജിഒകളുടെ ഉത്പന്നങ്ങളും വീടുകളിൽ ഉണ്ടാക്കുന്ന കേക്കും അച്ചാറും വെൻഡ്ആൻഗോ ഔട്ട്‌ലറ്റുകൾ വഴി വിൽക്കും. മറ്റു സംസ്ഥാനങ്ങളിലും ഔട്ട്‌ലറ്റ് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘മേക്ക് ഇൻ ഇന്ത്യ ആൻഡ് മെയ്ഡ് ഇൻ കേരള’ എന്ന ആശയം സൃഷ്ടിക്കാനാകുമെന്ന് വെർസിക്കിൾസ് ടെക്നോളജീസ് സിഇഒ മനോജ് ദത്തൻ പറഞ്ഞു. കമ്പനിക്ക് വേണ്ടതെല്ലാം തിരുവനന്തപുരത്ത് തന്നെ വികസിപ്പിച്ചെടുത്തതാണെന്നും ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
വെൻഡ്ആൻഗോ ക്രിയേറ്റീവ് ഡയറക്ടർ ഡോ.രേഷ്മ തോമസ് സ്വാഗതം പറഞ്ഞു. വെൻഡ്ആൻഗോ സ്ഥാപകനും സിടിഒയുമായ അനീഷ് സുഹൈൽ, ബിസിസിഐ മുൻ സെക്രട്ടറി എസ്.കെ. നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉപഭോക്താവിന് വിവിധ റെസ്റ്റോറൻറുകളിൽ നിന്ന് സൂപ്പ്, ബിരിയാണി, നൂഡിൽസ്, ഇറ്റാലിയൻ ടേക്ക്ഔട്ട് ഉൾപ്പെടെ ഇഷ്ടമുള്ള എന്തു വിഭവങ്ങളും ഓർഡർ ചെയ്യാം. വെൻഡ്ആൻഗോ പോർട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യാനും അത് എത്തിക്കുന്നതിനുള്ള സമയവും സ്ഥലവും രേഖപ്പെടുത്താനാകും. ഓർഡർ ചെയ്യാനുള്ള സംവിധാനം പേയ്‌മെൻറ് ഗേറ്റ് വേകളുമായി സംയോജിപ്പിച്ചിരിക്കുന്നു. പേയ്‌മെൻറ് ചെയ്തുകഴിഞ്ഞാൽ ഭക്ഷണം ലഭിക്കുന്നതിനായി ഉപഭോക്താവിന് കിയോസ്‌ക് ബോക്‌സ് നമ്പറുള്ള ഒടിപി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.vendngo.in.