എം എം ഹസ്സന്റെ ആത്മകഥ ‘ഓർമ്മചെപ്പിന്റെ ‘രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

ഹസ്സൻ രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങൾ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമെന്ന് എം എ യൂസഫലി

ഷാർജ : രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായി നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തിത്വമാണ് എം എം ഹസ്സനെന്ന് പ്രമുഖ വ്യവസായിയും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല ബന്ധമുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്ന പുതിയ കാലത്താണ് , ഹസ്സൻ വ്യത്യസ്തനാകുന്നതെന്നും യൂസഫലി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ യു ഡി എഫ് കൺവീനർ എം എം ഹസ്സന്റെ ആത്മകഥയായ ‘ഓർമ്മചെപ്പിന്റെ’ രണ്ടാംപതിപ്പ് , പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ എം എ യൂസഫലി.
പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓർമ്മകളും അനുഭവങ്ങളുമാണ് ഓർമ്മച്ചെപ്പ് എന്ന ഈ പുസ്തകത്തിലൂടെ താൻ എഴുതിയതെന്ന് എം എം ഹസ്സൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രവാസികളുമായി എക്കാലത്തും നല്ല സൗഹൃദം നിലനിർത്തിയിരുന്നു. അതിനാൽ കൂടിയാണ് ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തെ ഈ അക്ഷരമണ്ണിൽ പ്രകാശനം ചെയ്യപ്പെടണമെന്ന് ആഗ്രഹിച്ചതെന്നും കേരള ചരിത്രത്തിലെ ആദ്യത്തെ പ്രവാസികാര്യ മന്ത്രി കൂടിയായിരുന്ന എം എം ഹസ്സൻ കൂട്ടിച്ചേർത്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം ആദ്യ കോപി ഏറ്റുവാങ്ങി. ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജയ്ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവിയുമായ എൽവിസ് ചുമ്മാർ പുസ്തകം പരിചയപ്പെടുത്തി. ഇത് സ്നേഹത്തിന്റെ പുസ്തകമാണെന്ന്, അവതാരിക എഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി പത്മനാഭൻ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ തമ്പാൻ, ജയ്ഹിന്ദ് ടി വി ചെയർമാൻ അനിയൻകുട്ടി, ഷാർജ ഗവർമെന്റിലെ പ്രോട്ടോകോൾ ഓഫീസർ ബദർ മുഹമ്മദ് അൽ സാബി , ഇൻകാസ് യുഎഇ പ്രസിഡണ്ട് മഹാദേവൻ വാഴശേരിൽ, കെ എം സി സി പ്രതിനിധിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ടി വി നസീർ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ സ്വാഗതവും എം എം ഹസ്സന്റെ മകൾ നിഷ ഹസ്സൻ നന്ദിയും പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണി , ഉമ്മൻചാണ്ടി, നടൻ മോഹൻലാൽ, ഡോ. ശശി തരൂർ എം പി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി എന്നിവർ പുസ്തകത്തിന് വീഡിയോ വഴി ആശംസകൾ നേർന്നു. ഡിസി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.