വീടിന് പുറത്തിറങ്ങാൻ കൊതിച്ച അമ്മയുമായി മകൻ ചുറ്റിക്കറങ്ങിയത് മൂന്ന് രാജ്യങ്ങളിൽ; യാത്ര അച്ഛന്റെ പഴയ ചേതക് സ്‌കൂട്ടറിൽ

ശിവഗിരി: മാതൃഹൃദയത്തിന്റെ സന്തോഷത്തിനായി ഭാരതവും മൂന്ന് അയൽരാജ്യവും പര്യടനം നടത്തി എല്ലായിടത്തും ക്ഷേത്രദർശനം നടത്തിയും അവിടെ അന്തിയുറങ്ങിയും നാൽപ്പത്തിനാലുകാരനായ മകൻ എഴുപത്തിനാലുകാരിയായ പെറ്റമ്മയുമായി യാത്രാമദ്ധ്യേ ശിവഗിരിയിലെത്തി. ഇവരുടെ സഞ്ചാരമാകട്ടെ മരണമടഞ്ഞ പിതാവിന്റെ ഇരുപത് വർഷത്തിലധികം പഴക്കമുള്ള ചേതക് സ്‌കൂട്ടറിൽ.
മൈസൂർ സ്വദേശിയായ കൃഷ്ണകുമാറാണ് തങ്ങളെ എന്നെന്നേയ്ക്കുമായി വിട്ടു പിരിഞ്ഞ പിതാവ് ദക്ഷിണാ മൂർത്തിയുടെ സ്മരണ നിറയുന്ന സ്‌കൂട്ടറുമായി ഈ യാത്ര തുടരുന്നത്.
പത്തിലധികം അംഗങ്ങളുണ്ടായിരുന്ന കുടുംബത്തിന് വെച്ച് വിളമ്പി വന്ന മാതാവ് പുഡ രത്‌നമ്മയുമായി യാത്ര തുടരുന്നത്. ഇവരുടെ ഏകമകനാണ് കൃഷ്ണകുമാർ. ബാംഗ്ലൂരിലെ ഐ.റ്റി. സ്ഥാപനത്തിൽ ഉന്നത ജോലി ചെയ്തു പോന്ന കൃഷ്ണകുമാർ ഒരുവേള അമ്മയ്ക്കരികിലെത്തി സംഭാഷണ മദ്ധ്യേ അമ്മ ക്ഷേത്രങ്ങളിലൊക്കെ പോകാറില്ലേ എന്ന് ചേദിച്ചപ്പോൾ വീട്ടിലെ അടുക്കള വിട്ട് പുറത്തെങ്ങും പോകാറില്ലെന്നും വീടിനടുത്തുള്ള ക്ഷേത്രദർശനം പോലും തനിക്ക് വിധിച്ചിട്ടില്ലായെന്നുപറയുമ്പോൾ മാതാവിന്റെ മുഖത്തെ ദു:ഖം മകൻ തന്റെ ഹൃദയത്തിലേയ്ക്ക് ഒപ്പിയെടുത്തു.
ജോലി രാജി വച്ച് വീട്ടിലെത്തി. പിന്നീട് അമ്മയുമായി പോകാവുന്നിടത്തൊക്കെ പുറപ്പെട്ടു. ഭാരതമാകെയും മൂന്ന് അയൽ രാജ്യങ്ങളിലും എത്തിയ യാത്ര. അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ പിതാവിന്റെ സ്‌കൂട്ടറിൽ തന്നെ കരുതിയാകും. 2018 ജനുവരി 18 നായിരുന്നു ആദ്യ യാത്ര പുറപ്പെട്ടത്. കന്യാകുമാരിയിൽ നിന്ന് തിരിച്ച് നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ വരെയായി പര്യടനം. നേപ്പാളിൽ 10 ദിവസം താമസിച്ച് ചൈനാ അതിർത്തി പിന്നിട്ട് മൈസൂരിലെത്തി. എത്തിച്ചേർന്നിടത്തൊക്കെയുള്ള ക്ഷേത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചും അവിടെ അന്തിയുറങ്ങിയുമായി തുടർയാത്ര.
രണ്ടാംയാത്രയുടെ തുടക്കം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായി. കോട്ടയം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തിയത്. ശിവഗിരിയിൽ ശാരദാമഠത്തിലും മഹാസമാധിയിലും വൈദികമഠത്തിലുമൊക്കെ ദർശനം നടത്തി പൂർണ്ണ തൃപ്തിയോടെയായി രണ്ട് പതിറ്റാണ്ടിലേറായി പഴക്കമുള്ള ചേതക് സ്‌കൂട്ടറിലെ തുടർയാത്ര.
