CRIME STORY KERALA TOP NEWS

വീണ്ടും ജ്യൂസ് കൊലപാതകം ?
കാമുകൻ നൽകിയ പാനീയം കുടിച്ച വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

നാഗർകോവിൽ: നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) ശനിയാഴ്ച രാത്രി മരിച്ചത്.
കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.
സെപ്തംബർ ഏഴിന് ഒറ്റയ്ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കുമ്‌ബോഴാണ് അഭിത മരിച്ചത്.
സ്ലോപോയ്‌സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്‌നാട് നിദ്രവിള പൊലീസ് കേസെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *