കത്തു വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന്; എസ്പിക്ക് ചുമതല

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്തു വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി അനിൽ കാന്ത് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ മേൽനോട്ടം. കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഈ പരാതി മുഖ്യമന്ത്രി നടപടിയെടുക്കാനായി ഡിജിപിക്ക് കൈമാറുകയായിരുന്നു. അതിനിടെ കോർപ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. ഇന്നു വിളിച്ചു ചേർത്ത അടിയന്തര ജില്ലാ നേതൃയോഗങ്ങളിലാണ് ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിന് തീരുമാനമെടുത്തത്.
മേയറുടെ ഓഫീസിൽ നിന്ന് പ്രചരിക്കുന്ന തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയത്. കത്ത് ആരെങ്കിലും ബോധപൂർവ്വം നിർമ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാൻ പറ്റു. അതുകൊണ്ടു തന്നെ കത്തിന്റെ ഉറവിടം അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കോർപ്പറേഷനിലെ 295 താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ?ഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. നിയമന വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ മുൻ നഗരസഭ കൗൺസിലർ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.കോർപറേഷനിൽ രണ്ടുവർഷത്തിനുള്ളിൽ നടന്ന താൽകാലിക നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാർ പരാതി നൽകിയത്.