കമൽഹാസന്റെ 68ാം പിറന്നാളാണിന്ന്… ആ മഹാനടന്റെ ആദ്യകാല മലയാളചിത്രങ്ങളിലെ മനോഹരഗാനങ്ങളെക്കുറിച്ചാണ് പാട്ടോർമ്മയിൽ സതീഷ് കുമാർ വിശാഖപട്ടണം എഴുതുന്നത്

1963 ൽ പുറത്തിറങ്ങിയ ‘ കണ്ണും കരളും ‘ എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയവായനക്കാർ ഒരുപക്ഷേ ഓർക്കുന്നുണ്ടായിരിക്കും. ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കമൽഹാസനായിരുന്നു ആ ബാലതാരം.ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽഹാസൻ എന്ന നടൻ ശ്രദ്ധേയനാകുന്നത് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘കന്യാകുമാരി ‘ എന്ന മലയാളചിത്രത്തിലെ നായക വേഷത്തോടെയാണ്.
മദ്ധ്യവയസ്സിൽ എത്തിയ താരങ്ങൾ മലയാളസിനിമയിലെ നായകവേഷങ്ങളിൽ പരിലസിക്കുന്ന കാലത്താണ് യുവതലമുറയുടെ പ്രതിനിധിയായി ചുറുചുറുക്കുള്ള കമൽഹാസൻ എന്ന സുന്ദര നടൻ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. തന്റെ അഭിനയക്കളരി മലയാള സിനിമയായിരുന്നുവെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഈ മഹാനടന് എന്നും ഉണ്ടായിരുന്നു. മലയാളത്തിൽനിന്നും തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും പകർന്നാട്ടം നടത്തി വളർന്നു വലുതായ കമൽഹാസൻ എന്ന നടന്റെ അഭിനയമികവുകളെക്കുറിച്ചോ, സിനിമാപരീക്ഷണങ്ങളെക്കുറിച്ചോ ഒന്നും ഈ കുറിപ്പിൽ പ്രതിപാദിക്കുന്നില്ല.
മലയാള സിനിമ ഈ നടന്റെ മുഖശ്രീ മികവിലൂടെ കടന്നുപോയ കാലഘട്ടത്തിലെ ചിത്രങ്ങളിലെ ചില ഗാനങ്ങളെക്കുറിച്ചു മാത്രം ഇവിടെ സൂചിപ്പിക്കട്ടെ .


ഒരു ചെറിയ കാലയളവ് മാത്രമേ കമലഹാസൻ മലയാള സിനിമയിൽ തിളങ്ങി നിന്നുള്ളൂവെങ്കിലും ആ കാലഘട്ടത്തെ സമ്പന്നമാക്കിയ കന്യാകുമാരി, പ്രേമാഭിഷേകം, മദനോത്സവം, ഈറ്റ, ഞാൻ നിന്നെ പ്രേമിക്കുന്നു, കാത്തിരുന്ന നിമിഷം, വിഷ്ണുവിജയം, രാസലീല, സത്യവാൻ സാവിത്രി തുടങ്ങിയ കുറെ ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ഒരു നിധിപോലെ മനസ്സിൽ സൂക്ഷിക്കുന്നു.


‘ചന്ദ്രപ്പളുങ്കുമണിമാല …. ( കന്യാകുമാരി)
‘ മുറുക്കി ചുവന്നതോ
മാരൻ മുത്തി ചുവപ്പിച്ചതോ …..
‘മലയാറ്റൂർ മലഞ്ചെരുവിലെ
പൂമാനേ….. ( ഈറ്റ)
‘നീലവാനച്ചോലയിൽ ….. ‘
‘ദേവി ശ്രീദേവി…. ( പ്രേമാഭിഷേകം)
‘മേലെ പൂമല താഴെ തേനല …….’
‘ മാടപ്രാവേ വാ….. (മദനോത്സവം )
‘നീലാംബുജങ്ങൾ വിടർന്നു ….’
‘ആഷാഢം … ( സത്യവാൻ സാവിത്രി )
‘മനക്കലെ തത്തേ
മറക്കുട തത്തേ….. ‘
‘ഓ… ആയില്യം പാടത്തെ പെണ്ണേ….
‘നിശാസുരഭികൾ വസന്തസേനകൾ ….(രാസലീല)
‘ശാഖാനഗരത്തിൽ
ശശികാന്തം ചൊരിയും …. (കാത്തിരുന്ന നിമിഷം)
‘മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാവില് പൂരം ….(പൊന്നി)
‘കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ …. (ആനന്ദം പരമാനന്ദം) എന്നീ സുന്ദര ഗാനങ്ങളെല്ലാം കമൽഹാസന്റെ ചിത്രങ്ങളിലൂടെയാണ് സംഗീത പ്രേമികളുടെ മനസ്സിലേക്ക് കുടിയേറിയത്.


1954 നവംബർ 7-ന് ജനിച്ച കമൽഹാസന്റെ അറുപത്തിയെട്ടാം പിറന്നാളാണിന്ന്. ഇന്ത്യൻ സിനിമയിൽ അഭിനയത്തിലും നൃത്തത്തിലും സാങ്കേതിക രംഗത്തും എല്ലാ അർത്ഥത്തിലും അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ മഹാനടന് ജന്മദിനാശംസകൾ നേരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *