ഖത്തർ ലോകക്കപ്പിന് മുമ്പ് പുള്ളാവൂർ പുഴയിൽ മെസ്സിയും നെയ്മറും

മെസിയുടെ 30 മീറ്റർ കട്ട്ഔട്ടറിന് സമീപം നെയ്മറിന്റെ 40 മീറ്റർ കട്ട്ഔട്ടർ സ്ഥാപിച്ച് ബ്രസീൽ ആരാധകർ
സി.ഫസൽ ബാബു
മുക്കം: ഖത്തർ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കാൽപ്പന്ത് കളിയാവേശത്തിന് കേരളത്തിൽ കിക്കോഫ്. അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസിയുടെ കൂറ്റൻ കട്ട്ഔട്ടർ സ്ഥാപിച്ച ചാത്തമംഗലം പഞ്ചായത്തിലെ പുള്ളാവൂരിൽ ആവേശം കൊടുമുടിയിലേറ്റി ബ്രസീൽ ആരാധകർ നെയ്മറിന്റെ കൂറ്റൻ കട്ട്ഔട്ടറും സ്ഥാപിച്ചു.
മെസിയുടെ 30 അടി ഉയരമുള്ള കട്ട്ഔട്ടറിന് തൊട്ടടുത്തായാണ് നെയ്മറിന്റെ 40 അടി ഉയരമുള്ള കട്ട്ഔട്ടറും സ്ഥാപിച്ചത്. ഇതോടെ കേരളത്തിലെ കളിയാരവത്തിന്റെ കേന്ദ്രമായി പുള്ളാവൂർ മാറി.

നെയ്മറിന്റെ കട്ട്ഔട്ടറിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് ബ്രസീൽ ആരാധകർ പറയുന്നത്. നാല് വർഷത്തിലൊരിക്കൽ വരുന്ന വിസ്മയത്തിനായി വമ്പൻ ഒരുക്കങ്ങളാണ് ഫുട്‌ബോൾ പ്രേമികൾ നടത്തുന്നത്. എക്കാലത്തെയുമെന്ന പോലെ അർജൻറീനയും ബ്രസീലും തന്നെയാണ് ഏറിയ പങ്ക് കളിയാരാധകരുടെയും ഇഷ്ട ടീമുകൾ.
പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെ കട്ട്ഔട്ടർ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അതിനേക്കാൾ തലപ്പൊക്കത്തിൽ കാനറികളുടെ സുൽത്താൻ നെയ്മറുടെ കട്ട്ഔട്ടർ സ്ഥാപിച്ച് ബ്രസീൽ ആരാധകർ തിരിച്ചടിച്ചിരിക്കുന്നത്.
കട്ട്ഔട്ടർ സ്ഥാപിക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും അർജന്റീന ആരാധകർ സ്ഥാപിക്കുന്നതിനേക്കാളും വലുത് സ്ഥാപിക്കണമെന്നുള്ളതുകൊണ്ടാണ് തങ്ങൾ വൈകിയതെന്ന് ബ്രസീൽ ആരാധകർ പറയുന്നു. നെയ്മറിന്റെ കട്ട്ഔട്ടർ ഉയർത്തുന്നത് കാണാൻ പുള്ളാവൂർ പാലത്തിലും പരിസര പ്രദേശങ്ങളിലുമായി നിരവധി പേരാണ് എത്തിയിരുന്നത്.
മെസിയുടെ കട്ട്ഔട്ടർ സോഷ്യൽ മീഡിയകളിലും ഫുട്‌ബോൾ ടീമുകളുടെ ഓഫീഷ്യൽ പേജുകളിലും വിദേശ മാധ്യമങ്ങളിലും തരംഗമായത് പോലെ നെയ്മറിന്റെ കട്ട്ഔട്ടറും തരംഗമാവുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകരും ഫുട്‌ബോൾ പ്രേമികളും.
പുള്ളാവൂരിലെ ഫുട്‌ബോൾ ആവേശം കാണാൻ കുന്നമംഗലം എം.എൽ.എ പി.ടി.എ റഹീമും എത്തിയിരുന്നു. കളിയുടെ കാര്യത്തിൽ ഏറെ വീറും വാശിയും ഉണ്ടെങ്കിലും സൗഹൃദത്തിന്റെ കാര്യത്തിൽ പുള്ളാവൂർകാർ ഒറ്റക്കെട്ടാണെന്നും എം.എൽ.എ പറഞ്ഞു. ഒരുമിച്ച് കളി കാണുന്നതിനായി ഗ്രൗണ്ടിൽ സ്‌ക്രീൻ സ്ഥാപിക്കുന്നത് ഉൾപ്പെടെ നാടൊന്നാകെ ലോകകപ്പിനായി വമ്പൻ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബ്രസീൽ ആരാധകർ പറഞ്ഞു.