വി സിമാർക്ക് ഇന്ന് നിർണായകം: ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ചാൻസലർ കൂടിയായ ഗവർണർ നൽകിയ ഷോക്കോസ് നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും.
സ്ഥാനമൊഴിഞ്ഞ കേരള സർവകലാശാല വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള മാത്രമാണ് നോട്ടീസിന് വിശദീകരണം നൽകിയത്.വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് മറുപടി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ മറ്റ് വി സിമാർ വിശദീകരണം നൽകില്ല എന്നാണ് അറിയുന്നത്.
സാങ്കേതിക സർവകലാശാലാ വി.സി നിയമനം ചട്ടപ്രകാരമല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് . കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, കാലിക്കറ്റ്, മലയാളം, സാങ്കേതിക സർവകലാശാല വിസിമാർക്കാണ് നോട്ടീസ് നൽകിയത്. മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെങ്കിലും നേരിട്ട് വിശദീകരണം നൽകാൻ നവംബർ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ അതിനുശേഷമായിരിക്കും ഗവർണറുടെ തുടർ നടപടി ഉണ്ടാവുക.
അതേസമയം, ഗവർണർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് എട്ടു വൈസ് ചാൻസലർമാർ നൽകിയ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഗവർണർ അടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
ചട്ടങ്ങൾ പാലിച്ചു നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർവകലാശാല മുൻ വി.സി ഡോ.വി.പി. മഹാദേവൻ പിളള, എം.ജി സർവകലാശാല വി.സി ഡോ. സാബു തോമസ്, കുസാറ്റ് വി.സി ഡോ. കെ.എൻ. മധുസൂദനൻ, കുഫോസ് വി.സി ഡോ. കെ. റിജി ജോൺ, കാലടി സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ, കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, മലയാളം സർവകലാശാലാ വി.സി ഡോ. വി. അനിൽകുമാർ, കണ്ണൂർ സർവകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് ഹർജികൾ നൽകിയത്.