മതമൈത്രിയുടെ സന്ദേശവുമായി പരുമല പദയാത്രികർക്ക് കുടിവെളളവും ഭക്ഷണവും നൽകി മുസ്ലിം യുവജന ഫെഡറേഷൻ പ്രവർത്തകർ

മാങ്കാംകുഴി:മത സാഹോദര്യത്തിന്റെ സന്ദേശവുമായി കേരള മുസ്ലിം യുവജന ഫെഡറേഷൻ (കെ എം വൈ എഫ്) പ്രവർത്തകർ പരുമല തീർത്ഥാടന പദയാത്രികർക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തു. കേരള മുസ്ലിം യുവജന ഫെഡറേഷൻ വെട്ടിയാർ യൂണിറ്റിലെ പ്രവർത്തകരാണ് പദയാത്രികർക്ക് ആശ്വാസമായി രംഗത്ത് വന്നത്. കെ എം വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ അലിഫ് എസ് ഹുസൈൻ, മുഹമ്മദ് ഷാൻ, ഹാഫിസ് എം ഹക്കീം എന്നിവർ നേതൃത്വം നൽകി.

ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്നുള്ള സന്ദേശമാണ് കേരള മുസ്ലീം യുവജന ഫെഡറേഷൻ പ്രവർത്തകർ നല്കുന്നതെന്ന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ഫേസ്ബുബുക്കിൽ കുറിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴിയെ ഫോണിൽ അഭിനന്ദിക്കുകയും ചെയ്തു.
പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാം ഓർമപ്പെരുന്നാളിനു മുന്നോടിയായുള്ള തീർത്ഥാടന വാരാഘോഷത്തിന്റെ ഉദ്ഘാടനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആണ് ഒക്ടോബർ 26ന് നിർവഹിച്ചത്.