കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ

എൻ. ബഷീർ മാസ്റ്റർ
സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകൻ
മലയാളപ്പെരുമ @ 66
ചോര തിളയ്ക്കുന്ന ഉദാത്ത മാതൃകകൾ സംഭാവന ചെയ്ത നമ്മുടെ നാട്. സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന, ജനാധിപത്യവും മതേതരത്വവും കൈമുതലായുള്ള, വിദ്യാഭ്യാസ-ആരോഗ്യ-ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ കുതിച്ചു ചാട്ടം നടത്തിയ ദൈവത്തിന്റെ സ്വന്തം നാട്. മാറി മാറി വരുന്ന ഭരണനേതൃത്വം ഒന്നിനൊന്ന് മികച്ച പദ്ധതികളുമായി ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന നമ്മുടെ കേരളം. ഇന്ത്യയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് കേരളത്തെ കണ്ടു പഠിക്കണമെന്ന് നിഷ്‌കർഷിക്കാരുള്ള കേന്ദ്ര സർക്കാരുകളുടെ പ്രശംസനീയ വാക്കുകൾ.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങൾ കൈകോർത്തുകൊണ്ട് രണ്ടു മഹാപ്രളയങ്ങളെ അതിജീവിച്ച കേരളം. കൊറോണ വൈറസിനെ ഒരു പരിധി വരെ പടിക്കു പുറത്താക്കിയ കേരളം. ലോകത്തുടനീളം നിറസാന്നിധ്യവുമായി മലയാളി സമൂഹം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക – സാഹിത്യ രംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കേരളം.

പരശുരാമൻ മഴു എറിഞ്ഞുണ്ടായതാണ് കേരളമെന്ന് ഐതിഹ്യം… കേരവൃക്ഷത്തിന്റെ നാട് (കേരം നാളികേരം എന്നും അളം പ്രദേശമെന്നും) എന്നതാണ് കേരളം എന്ന പേർ വരാൻ കാരണം എന്ന് വാദിക്കുന്നവരുണ്ട്. ഈ രണ്ട് കാര്യങ്ങൾക്കും ചരിത്രപരമായ തെളിവുകൾ ഇല്ല.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് വിവിധ രാജാക്കന്മാർക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മദ്രാസ് സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്നാട്) ഒരു ജില്ലയായിരുന്ന മലബാർ പിന്നീട് തിരു-കൊച്ചിയോടു ചേർത്തതോടെ 1956 നവംബർ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം നിലവിൽ വന്നു. മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഐക്യകേരളം.
പൗരാണികമായ ചരിത്രവും ദീർഘകാലത്തെ വിദേശ വ്യാപാരബന്ധവും കലാശാസ്ത്രരംഗങ്ങളിലെ പാരമ്പര്യവും കേരളത്തിന് അവകാശപ്പെടാനുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം സാമൂഹികനീതി, ആരോഗ്യ നിലവാരം, ലിംഗസമത്വം, ക്രമസമാധാന നില, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉയർന്ന നിലയിലാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണ്.സസ്യശ്യാമളവും ജലസമൃദ്ധവുമായ കേരളത്തെ മഴയുടെ സ്വന്തം നാടായി വിശേഷിപ്പിച്ചാൽ തെറ്റില്ല. മികച്ച കാലാവസ്ഥയും ഗതാഗതസൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കേരളത്തെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടമാക്കുന്നു. മതമൈത്രിക്കു പണ്ടേ പ്രശസ്തമായ കേരളം വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. ഉയർന്ന രാഷ്ട്രീയ ബോധവും മാധ്യമങ്ങൾക്കുള്ള സ്വാധീനതയും സംസ്‌കാര സ്വാംശീകരണശേഷിയും കേരളത്തെ ഇന്ത്യയിലെ സവിശേഷ ഭൂവിഭാഗങ്ങളിലൊന്നായി നില നിർത്തുന്നു.
1947 ൽ സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീനതയിൽ നിന്നും സ്വതന്ത്രമായ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടതിൻറെ ഫലമായി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിച്ച് കേരളം രൂപീകൃതമായപ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ( ആദ്യം രൂപം കൊണ്ടത് 14 സംസ്ഥാനങ്ങളായിരുന്നു)ഏറ്റവും ചെറുതായിരുന്നെങ്കിലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിൽ തന്നെയായിരുന്നു കേരളം. ഫസൽ അലി തലവനും സർദാർ കെ.എം.പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ് എന്നിവർ അംഗങ്ങളുമായ സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവത്കരിക്കുന്നത്.1953 ൽ ആണ്.1955ൽ കേന്ദ്ര ഗവണ്മെന്റിനു കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ കേരള സംസ്ഥാന രൂപീകരണത്തിനും ശുപാർശ ഉണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്ന് മാസം കഴിഞ്ഞു ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയപ്പോൾ തിരുവതാംകൂറിലെ ചില താലൂക്കുകളും ചെങ്കോട്ട താലൂക്കിൻറെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോട് ചേർക്കപ്പെടുകയും ശേഷിച്ച തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തോട് മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോട് താലൂക്കും ചേർക്കപ്പെട്ടു. തന്മൂലം കന്യാകുമാരി കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെ മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്തു.
ആയിരക്കണക്കിനു വർഷം മുമ്പു തന്നെ കേരളത്തിൽ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങൾ കഴിഞ്ഞാൽ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകൾ നൽകുന്നത് മഹാശിലാസ്മാരകങ്ങൾ ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകൾ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 – എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളിൽ നിന്നാണ് മഹാശിലാവശിഷ്ടങ്ങൾ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതിൽ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
കേരളത്തിലെ ആവാസകേന്ദ്രങ്ങൾ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്. പ്രാചീന തമിഴ് സാഹിത്യകൃതികൾ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതൽ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ-ജൈന മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയർന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രിസ്തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ൽ കാനായിലെ തോമസിന്റെ നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ നിന്ന് ഏഴു ഗോത്രങ്ങളിൽപ്പെട്ട 400 ക്രൈസ്തവർ എത്തിയതോടെ ക്രിസ്തുമതം പ്രബലമാകാൻ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തിൽ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്ലാം മതവും എത്തിച്ചേർന്നു.
തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കൾ പൊതുവേ പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാൻ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളർന്നു വന്ന സാമൂഹികശക്തികൾക്കായപ്പോൾ കേരളം നൂറ്റാണ്ടുകൾ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങൾക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടൽ ഉണ്ടായി.
സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്ത്രമുന്നേറ്റവും വ്യാപാര വളർച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിർഭാവവുമെല്ലാം ചേർന്ന ചരിത്രമാണത്.തിരു -കൊച്ചി – മലബാർ വാണിരുന്ന കാലത്തെക്കുറിച്ചും മാർത്താണ്ഡവർമ്മ, പഴശ്ശിരാജ, സാമൂതിരി തുടങ്ങി നിരവധി രാജാക്കാന്മാരുടെ ധീര ഭരണ പാഠവത്തെക്കുറിച്ചെല്ലാം പ്രതിപാദിക്കേണ്ടതുണ്ട്.നവോത്ഥാന നായകന്മാർ, സ്വാതന്ത്ര്യ സമര നേതാക്കന്മാർ മിഷനറിമാർ ഇവരുടെയൊക്കെ ദേശസ്‌നേഹത്തിന്റയും ത്യാഗത്തിന്റെയും കഥയും ദേശപ്പെരുമയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
1957 ഫെബ്രുവരി 28 നു നടന്ന കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാടിൻറെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി പി എം, സി പി ഐ, മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, ജനദാദൾ, ആർ എസ് പി, ബി ജെ പി, ബി എസ് പി, എൻ സി പി, ആർ എം പി, ഐ എൻ എൽ തുടങ്ങി ദേശീയ തലത്തിലെയും സംസ്ഥാന തലത്തിലെയും മിക്ക രാഷ്ട്രീയ പാർട്ടികളും സംഘടനാ പ്രവർത്തനം നടത്തുന്നു.കേരളത്തിലെ രാഷ്ട്രീയ രംഗത്തെ പ്രവണതയിൽ നിന്നു മനസ്സിലാകുന്നത് ഭരണസംവിധാനം മാറി മാറി വരുന്ന രീതിയാണ്.ഇ എം സി നെ തുടർന്ന് പട്ടം താണുപിള്ള, ആർ ശങ്കർ, സി അച്ചുതമേനോൻ, കെ കരുണാകരൻ, എ കെ ആന്റണി, പി കെ വാസുദേവൻ നായർ, സി എച്ച് മുഹമ്മദ് കോയ,ഇ കെ നായനാർ, ഉമ്മൻ ചാണ്ടി, വി എസ് അച്ചുതാനന്ദൻ, പിണറായി വിജയൻ എന്നിവർ മുഖ്യമന്ത്രിമാരായി. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിമാരായത് കെ കരുണാകരനും ഇ കെ നായനാരുമാണ്.1980 മുതൽ രണ്ടു മുന്നണികൾ (എൽഡിഫ്, യുഡിഫ്) തമ്മിലാണ് മത്സരം.2021 ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഭരണത്തുടർച്ചയുണ്ടായത്.എൽ ഡി എഫിനാണ് ഈ അവസരം ലഭ്യമായത്.

യുനെസ്‌കോ പൈതൃക കലാരൂപമായി അംഗീകരിച്ച കൂടിയാട്ടം കേരളത്തിലെ പ്രാദേശിക കലാരൂപങ്ങളിൽപ്പെട്ടതാണ്. പുരാണ ഇതിഹാസങ്ങളെ ഇതിവൃത്തമാക്കിയിട്ടുള്ള നൃത്ത – നാടക കലാരൂപമാണ് കഥകളി. കഥകളിയുടെ പ്രശസ്തമായ മറ്റൊരു രൂപമാണ് കേരള നടനം.കൂത്ത്, മോഹിനിയാട്ടം, തുള്ളൽ, തിറയാട്ടം, പടയണി, തെയ്യം തുടങ്ങിയവയും കേരളത്തിലെ കലാരൂപങ്ങളാണ്. തിറയാട്ടം എന്നത് കേരളത്തിലെ ഏറ്റവും മികച്ച നാടോടി കലാരൂപങ്ങളിൽ ഒന്നാണ്. ഓണക്കാലത്ത് ദക്ഷിണമലബാറിൽ കാണുന്ന കലാരൂപമാണ് കുമ്മാട്ടിക്കളി. ഒപ്പന, ദഫ് മുട്ട്, അറബനമുട്ട് എന്നിവ കേരളത്തിലെ ഇസ്ലാം മതവിഭാഗത്തിന്റെ കലാരൂപമാണ്. തിരുവാതിരക്കളി, കൈകൊട്ടിക്കളി ഹിന്ദു സമൂഹത്തിന്റെ കലാരൂപമാണ്. കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ പ്രാചീനമായ കലാരൂപമാണ് മാർഗംകളി.കോൽക്കളി എല്ലാ വിഭാഗക്കാരുടെ ഇടയിലും കാണപ്പെടുന്നു.കലകൾ കൊണ്ട് സമ്പന്നമാണ് കേരളം.
ദക്ഷിണേന്ത്യൻ സംഗീത രംഗത്തെ താളങ്ങളും രാഗങ്ങളും കൊണ്ട് പ്രഭലമായ കർണാടക സംഗീതം കേരളത്തിലെ സംഗീത രംഗത്തും വേരുറപ്പിച്ചതു കാണാം. പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവും സംഗീതജ്ഞനുമായ സ്വാതിതിരുനാൾ രാമവർമ്മയാണ് കേരളത്തിൽ കർണാടക സംഗീതം ജനപ്രിയമാക്കിയത്. മാത്രമല്ല കേരളത്തിനു സോപാനം എന്ന സ്വന്തമായ സംഗീത രൂപവുമുണ്ട്. ചെണ്ട ഉപയോഗിക്കുന്ന മേളവും കേരളത്തിന്റെ പരമ്പരാഗത സംഗീതത്തിൽ ഉൾപ്പെടുന്നു. സിനിമാ സംഗീത രംഗത്തും കേരളത്തിൽ വലിയ വേരോട്ടമുണ്ട് . കെ. ജെ. യേശുദാസ് ആണ് മലയാളത്തിലെ ഏറ്റവും പ്രശസ്തരായ പാട്ടുകാരിൽ ഒരാൾ.ഗായികാ-ഗായകന്മാരിൽ നിരവധി പേരെ ഇനിയും പരാമർശിക്കേണ്ടതുണ്ട്.
മലയാളം സാഹിത്യം വളരെ പ്രാചീനമാണ്, പതിനാലാം നൂറ്റാണ്ടിലെ കവികളായ മാധവ പണിക്കർ, ശങ്കര പണിക്കർ, രാമ പണിക്കർ എന്നിവരുടെ കവിതകളാണ് ആധുനിക മലയാളത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണു കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. കലക്കത്തു കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും പ്രാചീന കവിത്രയങ്ങളുടെ സംഭാവനയാണ്. ആധുനിക കവിത്രയങ്ങളായ കുമാരനാശാൻ, വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ എന്നിവരാണ് വേദാന്തങ്ങൾ മാത്രമായിരുന്ന മലയാള സാഹിത്യത്തെ പുതിയ മേഖലകളിലേക്ക് കൊണ്ടുവന്നത്.
ചങ്ങമ്പുഴ,ഇടപ്പളി രാഘവൻപിള്ള എന്നീ കവികളും മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്ക് എത്തിച്ചു. പിന്നീട് ബുക്കർ പ്രൈസ് വിജയിയായ അരുന്ധതി റോയി, കമലാദാസ്, പോലെയുള്ളവർ മലയാള സാഹിത്യത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചു. മലയാളി നോവലിസ്റ്റുകളും കഥാകൃത്തുകളും മലയാള സാഹിത്യത്തിനു വലിയ സംഭാവനകൾ നൽകി. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, ഉറൂബ്, ഒ വി വിജയൻ, ടി പദ്മനാഭൻ, സേതു, പെരുമ്പടവം ശ്രീധരൻ, കോവിലൻ, എം. മുകുന്ദൻ, കാക്കനാടൻ, ആനന്ദ്, വൈക്കം മുഹമ്മദ് ബഷീർ, പോൾ സക്കറിയ എന്നിവരുടെ സംഭാവനകൾ അമൂല്യമാണ്.ജി ശങ്കരക്കുറുപ്പും എസ് കെ പൊറ്റക്കാടും തകഴി ശിവശങ്കരപ്പിള്ളയും എം ടി വാസുദേവൻ നായരും ഒ എൻ വി കുറുപ്പും അക്കിത്തം അച്ചുതൻ നമ്പൂതിരിയും പോലെ മികവുറ്റ സാഹിത്യകാരന്മാർ ജ്ഞാനപീഠം കയറിയവരാണ്.സാഹിത്യ രംഗത്ത് നിസ്തുലമായ സംഭവാന നൽകിയവരുടെ പേരുകൾ പ്രതിപാദിക്കാൻ പേജുകൾ ധാരാളം വേണം.
കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു മുഴുവൻ പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്‌കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളർന്നു വികസിച്ചതും ആവിഷ്‌കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും മതനിരപേക്ഷമായ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങൾ. റംസാൻ, ബക്രീദ്, മുഹറം, മിലാദി ഷരീഫ് തുടങ്ങിയവ മുസ്ലീങ്ങളുടെയും, ക്രിസ്മസ്, ഈസ്റ്റർ എന്നിവ ക്രൈസ്തവരുടെയും. ഓണക്കാലം സർക്കാർ കേരളത്തിലുടനീളം ഓണാഘോഷമായി കൊണ്ടാടുന്നു. ഇവയ്ക്കു പുറമെ മൂന്നു മതങ്ങളുടെയും ദേവാലയങ്ങളിൽ വ്യത്യസ്തമായ ഉത്സവങ്ങൾ നടക്കുന്നു. അടൂർ ഗജമേള, അർത്തുങ്കൽ പെരുന്നാൾ, അന്താരാഷ്ട്ര പാരാഗ്ലൈഡിങ്ങ് ഫെസ്റ്റിവൽ, ആനയൂട്ട്, ആനന്ദപ്പള്ളി മരമടി, ആറന്മുള വള്ളം കളി, ആറാട്ടുപുഴ പൂരം, ആറ്റുവേല മഹോത്സവം, ആറ്റുകാൽ പൊങ്കാല, ഉത്രാളിക്കാവ് പൂരം, ഏഴരപ്പൊന്നാന എഴുന്നള്ളത്ത്, എടത്വാ പെരുന്നാൾ,അപ്പവാണിഭ നേർച്ച ഓച്ചിറക്കളി, കല്പാത്തി രഥോത്സവം, തിരുവണ്ണൂരിലെ ശൂര സംഹാര മഹോത്സവം ( ശൂരമ്പട), കോഴിക്കളിയാട്ടം, കടലുണ്ടി വാവുത്സവം,കടമ്മനിട്ട പടയണി, കുറ്റിക്കോൽ തമ്പുരാട്ടി തെയ്യം, കൊട്ടിയൂർ ഉത്സവം, കൊടുങ്ങല്ലൂർ ഭരണി, കാഞ്ഞിരമറ്റം കൊടിക്കുത്ത്, കാനത്തൂർ നാൽവർ ഭൂതസ്ഥാനം, ഗുരുവായൂർ ഉത്സവം, ചമ്പക്കുളം വള്ളം കളി, ചിനക്കത്തൂർ പൂരം, ചെട്ടിക്കുളങ്ങര ഭരണി, തിരുനക്കര ആറാട്ട്, തൈപ്പൂയ മഹോത്സവം, കൂർക്കഞ്ചേരി, തൈപ്പൂയ മഹോത്സവം, ഹരിപ്പാട്, തൃപ്പൂണിത്തുറ അത്തച്ചമയം, തൃശ്ശൂർ പൂരം, പട്ടാമ്പി നേർച്ച, പരിയാനംപറ്റ പൂരം, പരുമല പെരുനാൾ, പായിപ്പാട് വള്ളം കളി, പാരിപ്പള്ളി ഗജമേള, പുലിക്കളി, പെരുന്തിട്ട തറവാട് കൊറ്റംകുഴി, വള്ളിയൂർക്കാവ് ഉത്സവം, വിഷു, വൈക്കത്തഷ്ടമി ഉത്സവം, നീലമ്പേരൂർ പടയണി, നെന്മാറ വല്ലങ്ങി വേല, നെഹ്റു ട്രോഫി വള്ളം കളി, മണർകാട് പെരുനാൾ, മലയാറ്റൂർ പെരുനാൾ, മലനട കെട്ടുകാഴ്ച, മച്ചാട്ട് മാമാങ്കം.കലയും സംസ്‌കാരവും
നൂറ്റാണ്ടുകൾ പഴക്കമുള്ള കലാ-സാംസ്‌കാരിക പൈതൃകമുണ്ട് കേരളത്തിന്. നാടൻ കലകളും അനുഷ്ഠാന കലകളും ക്ഷേത്ര കലകളും മുതൽ ആധുനിക കലാരൂപങ്ങൾ വരെ കേരളീയ സാംസ്‌കാരിക ജീവിതത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നു.
തനതായ കായികസംസ്‌കാരം നൂറ്റാണ്ടുകൾക്കു മുമ്പേ കേരളം വളർത്തിയെടുത്തിരുന്നു. നാടൻ കളികളും, ആയോധനകലകളും, ആധുനിക കായിക വിനോദങ്ങളുമെല്ലാം ചേർന്നതാണ് കേരളത്തിന്റെ കായികരംഗം. കളരിപ്പയറ്റാണ് കേരളത്തിന്റെ തനത് കായികകല. നാടൻ കളികളാൽ സമ്പന്നമായിരുന്നു ഒരിക്കൽ കേരളീയ ഗ്രാമങ്ങൾ. ആധുനിക ജീവിതശൈലിയും കായിക വിനോദങ്ങളും നാടൻ കളികൾ പലതിനെയും ലുപ്തപ്രചാരമാക്കിയിട്ടുണ്ടിപ്പോൾ. നാട്ടുവിനോദങ്ങളുടെ ഭാഗമാണ് വള്ളം കളിയും.
ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ് തുടങ്ങിയ ആധുനിക കായിക വിനോദങ്ങളിൽ ഇന്ത്യയിലെ വൻശക്തികളിലൊന്നാണ് കേരളം. പി.ടി. ഉഷ, എം ഡി വൽസമ്മ, ഷൈനി എബ്രഹാം, റോസക്കുട്ടി, ബീനമോൾ, അഞ്ചു ബോബി ജോർജ്, ടി സി യോഹന്നാൻ, ജിമ്മി ജോർജ്, ഐ എം വിജയൻ, വി പി സത്യൻ സി വി പാപ്പച്ചൻ, എസ് ശ്രീശാന്ത് തുടങ്ങി നിരവധി പേർ കേരളത്തിന്റെ സംഭാവനയാണ്.
ഇന്ത്യക്കകത്തും പുറത്തും പ്രശസ്തരായ നിരവധി രാഷ്ട്രീയ-സാമൂഹ്യ-ഭരണ കർത്താക്കളെ സംഭാവന ചെയ്യാൻ ഈ മലയാളനാടിന് സാധിച്ചിട്ടുണ്ട്.ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ ആർ നാരായണൻ, സിങ്കപ്പൂർ പ്രസിഡന്റായിരുന്ന ദേവൻ നായർ, കേന്ദ്ര കാബിനറ്റ് മന്ത്രിയും നയതന്ത്രജ്ഞനുമായിരുന്ന വി കെ കൃഷ്ണമേനോൻ,രാജ്യസഭാ ചെയർമാനായിരുന്ന പി ജെ കുര്യൻ, പി സി തങ്കപ്പൻ ആചാരി, പി സി അലക്‌സാണ്ടർ, പി വി ചെറിയാൻ, ജോൺ മത്തായി, കെ പി എസ് മേനോൻ, വി പി മേനോൻ, എൻ ആർ പിള്ള, എം കെ വെള്ളോടി, ടി എൻ ശേഷൻ, കെ എം ചന്ദ്രശേഖരൻ, പി ജെ തോമസ്, ടി കെ എ നായർ, പി എം നായർ, അന്ന മൽഹോത്ര, ക്രിസ്റ്റി ഫെർണാണ്ടസ്, കെ എൻ ദീക്ഷിത്, നിരുപമ റാവു, ഹോർമിസ് തരകൻ, എസ് എസ് എൻ മൂർത്തി, ശശി തരൂർ എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരായവരും കേന്ദ്ര മന്ത്രിരായവരും നിരവധിയാണ്.ഇന്ത്യൻ രാഷ്ട്രീയത്തിൽ നേതൃപദവിയിൽ എത്തിയ എ കെ ജി, പി കൃഷ്ണപ്പിള്ള, അഴീക്കോടൻ രാഘവൻ, പ്രകാശ് കാരാട്ട്, എം ജി ആർ, ജാനകി രാമചന്ദ്രൻ, എ കെ ആന്റണി, കെ കരുണാകരൻ, എം പി വീരേന്ദ്രകുമാർ, ഒ രാജഗോപാൽ, പി എസ് ശ്രീധരപ്പിള്ള, തുടങ്ങിയവരിൽ ഒതുങ്ങുന്നില്ല പട്ടിക.പത്മവിഭൂഷൻ, പത്മഭൂഷൻ, പത്മശ്രീ നേടിയവരുടെ പട്ടികയും ഇവിടെ പ്രതിപാദിക്കേണ്ടതാണെന്നറിയാം.
വിനോദസഞ്ചാരികൾക്കു പ്രിയങ്കരമായ ”ദൈവത്തിന്റെ സ്വന്തം നാടാ”ണ് കേരളം. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീർത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികൾക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. തേക്കടി,മൂന്നാർ, നെല്ലിയാമ്പതി, പൊന്മുടി, അട്ടപ്പാടി, വയനാട്, കക്കയം,തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വർക്കല, മാരാരി, ആലപ്പുഴ, വിഴിഞ്ഞം, ബേക്കൽ, കാപ്പാട്, ബേപ്പൂർ, ചൊവ്വര, മുഴുപ്പിലങ്ങാട്, ശംഖുമുഖം, ചെറായി ബീച്ചുകളും, പെരിയാർ, ആറളം, ഇടുക്കി, ചിന്നാർ, ചിമ്മിനി, ഇരവികുളം, നെയ്യാർ വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായൽ മേഖലയും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. ഹിന്ദു-മുസ്ലിം – കൃസ്ത്യൻ വിഭാഗക്കാരുടെ നിരവധി തീർത്ഥാടന കേന്ദ്രങ്ങളും കേരളത്തിലുണ്ട്. ശബരിമല ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിർണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യൻ വൈദ്യ സമ്പ്രദായമായ ആയുർവേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.
അറുപത്തി ആറ് വർഷങ്ങൾ പിന്നിട്ട ഐക്യകേരളത്തെ വിലയിരുത്തുമ്പോൾ ദാരിദ്ര നിർമ്മാർജനവും പരിസ്ഥിതി സംരക്ഷണവുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളായി കാണുന്നത്. തീരദേശ – മലയോര മേഖലകളുൾപ്പെടെ വലിയൊരു ശതമാനം അനുഭവിക്കുന്ന ദാരിദ്രവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വികസന കേരളത്തിന്റെ നേർക്കുള്ള ചോദ്യചിഹ്നങ്ങളാണ്.സമത്വ കേരളത്തിൽ ഉള്ളവനും ഇല്ലാത്തവനുമിടയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വരുമാനത്തിലെ അന്തരം പഴയ ജന്മി-കുടിയാൻ കാലത്തേക്കുള്ള തിരിച്ചു പോക്കാണോ എന്നത് ഭയമുളവാക്കുന്നു. അഴിമതി പോലെത്തന്നെ സാമ്പത്തിക അസന്തുലിതാവസ്ഥയും നവകേരളത്തിന്റെ ശക്തി ക്ഷയിപ്പിച്ചു കൊണ്ടിരിക്കുന്നു. കേരളം നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളി ഉത്പാദന മേഖലയിലെ തകർച്ചയാണ്.വികൃതമായ വികസന കാഴ്ചപ്പാടുകൾ കാർഷിക പരമ്പരാഗത വ്യവസായ മേഖലകളെ തകർക്കുന്നതായി കാണുന്നു.സാംസ്‌കാരിക ഔന്നിത്യത്തിൽ നിന്നുള്ള പിറകോട്ടടിയാണ് മറ്റൊരു വെല്ലുവിളി. സർവ്വകലാശാലകളുടെ വഴിവിട്ട പ്രവർത്തനങ്ങളും വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയും ഭരണഘടനാ സ്ഥാപനങ്ങളെ താറടിച്ചു കാണിക്കാനുള്ള ഗൂഢാലോചനകളും ആശങ്ക പടർത്തുന്നു.വിദ്യാഭ്യാസകച്ചവടത്തിലൂടെ സാമൂഹിക അനീതി ശക്തമായി മറ നീക്കി പുറത്തു വരുന്നു.ഇത് സാർവത്രിക വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടിനെ തുരങ്കം വെക്കുകയും വിദ്യാർത്ഥികളെ പല തട്ടുകളായി ഭിന്നിപ്പിക്കുകയും ചെയ്യുന്നു. നിക്ഷേപങ്ങൾ വരാതിരിക്കുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്യുന്നതും ഒരു വെല്ലുവിളിയാണ്. വിഭവ സൗകര്യങ്ങളാൽ അനുഗ്രഹീതമായ കേരളത്തിന് എന്തുകൊണ്ട് അതിന് കഴിയാതെ പോകുന്നു എന്ന ചോദ്യത്തിന് 66 വർഷങ്ങൾ പിന്നിടുമ്പോഴും ഉത്തരം ലഭിക്കുന്നില്ല.മലയാളിയുടെ ബുദ്ധിയും ഊർജവും ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും വികസനക്കുതിപ്പ് നടത്തുമ്പോൾ ഇവിടെ അവർ അവഗണിക്കപ്പെടുന്നു.തൊഴിൽ നേടുന്നതിനോ സംരഭങ്ങൾ തുടങ്ങുന്നതിനോ പറ്റിയ സ്ഥലമല്ല കേരളമെന്ന ദുഷ്‌പ്പേരു മാറ്റി ആത്മധൈര്യവും പിന്തുണയും ഉറപ്പുവരുത്താനാകണം.നിയമത്തിന്റെ നൂലാമാലകളും അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും തടസമാകാത്ത രീതിയിലായിരിക്കണം പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടത്.
വള്ളത്തോളിന്റെ വരികൾക്ക് അപവാദമൊരുക്കുന്ന പ്രവർത്തികളാണ് ഈയിടെ കേരളക്കരയിൽ കാണുന്നത്. ഉന്നത സ്ഥാനീയർ പരസ്പരം പോർവിളിക്കുന്നു. സാമൂദായിക സൗഹാർദ്ദത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള മുദ്രാ ഗീതങ്ങളും അസഹ്ഷ്ണുത പരത്തുന്ന തരത്തിലുള്ള പ്രതിപ്രവർത്തനവും നടമാടുന്നു.രാഷ്ട്രീയ സംഘട്ടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കൂടി വരുന്നു.പോലീസിൽ നിന്ന് സമയബന്ധിതമായി നീതി ലഭിക്കാത്തതിനാൽ ജനങ്ങൾ നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നു.നരബലിയും ദുർമന്ത്രവാദവും കേരളത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടു പോകുന്നു. സ്ത്രീ സുരക്ഷക്കു പകരം സ്ത്രീപീഠനം നിത്യസംഭവമായിരിക്കുന്നു.പ്രളയഫണ്ട് വഴി മാറ്റി ചിലവാക്കുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് വാങ്ങിയ ആരോഗ്യ പരിപാലനവസതുക്കളിൽ അഴിമതി കണ്ടെത്തുകയും ചെയ്തിരിക്കുന്നു. കേരളപ്പെരുമക്ക് നാണക്കേടായ ഇത്തരം സംഭവങ്ങൾക്കു നേരെ നമുക്കു കണ്ണടയ്ക്കുക വയ്യ.
ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ് അധികാരത്തിലേറിയവർ തൊഴിലില്ലായ്മാ പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ടു പോകുന്നു.സ്വജനപക്ഷപാദം മുഖമുദ്രയായി മാറുകയും പുതിയ തസ്തികകൾ സൃഷ്ടിച്ച് തനിക്കു വേണ്ടപ്പെട്ടവരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. തെരുവുനായ ശല്യത്തിനും റോഡിൽ കുഴിയടക്കുന്നതിനും കോടതി നിർദ്ദേശവുമായി വരുന്നു.വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനങ്ങൾ നാടൊഴിയുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭരണസ്തംഭനം മൂലം തുടർവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ അയൽ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുന്നു.പൊതു വിദ്യാഭ്യാസ രംഗത്ത് ഖാദർ കമ്മീഷൻ കൊണ്ടുവന്ന അപ്രായോഗികമായപരിഷ്‌കാരങ്ങൾ ഉൾക്കൊള്ളാൻ വിദ്യാഭ്യാസ രംഗത്തുള്ളവർക്കാവുന്നില്ല. സ്വർണക്കളളക്കടത്തുകാരും ഭൂമാഫിയയും ഹവാല പണമിടപാടുകാരും അരങ്ങുവാഴുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിയ നമ്മുടെ നാട് ലഹരി മാഫിയയുടെ കൃഷിയിടമായിരിക്കുന്നു. വ്യവസായ രംഗത്തേക്കുള്ള മൂലധന നിക്ഷേപം കുറഞ്ഞു വരുന്നു. ഐക്യരൂപ്യമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോകുന്നതിൽ പ്രതിപക്ഷം പരാജയപ്പെടുന്നു.ഇരുകൂട്ടർക്കുമിടയിൽ നിന്ന് വല്ല നേട്ടവും ലഭ്യമാകുമോ എന്ന് മറ്റുള്ളവർ നോക്കുന്നു.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാവസായിക ശാസത്ര സാങ്കേതിക മേഖലകളിൽ ഒട്ടേറെ ഉയരങ്ങൾ കീഴടക്കിയ നമ്മുടെ നാട് ഇനിയും മുന്നേറുവാനും മറ്റ് സംസ്ഥാനങ്ങളുടെ മുന്നിൽ തലയെടുത്ത് നിൽക്കുവാനും നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം. ലോകമെമ്പാടുമുള്ള എല്ലാ മലയാളി സഹോദരങ്ങൾക്കും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കേരളപ്പിറവി ദിനാംശസകൾ നേരുന്നു.