മാസ്റ്റർ തേജസിനോടൊപ്പം സംവാദ സദസ്

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലോകവിവരങ്ങൾ പറയുന്ന കൗമാരക്കാരൻ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്‌സിന് അർഹനായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ തേജസുമായി പൂവാർ അരുമാനൂർ എം വി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ സംവാദം നടത്തി.
അരുമാനൂർ ദേവദാരു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഓർമ്മശക്തി കൊണ്ട് വിസ്മയം തീർത്ത തേജസ് നാനൂറോളം മലയാള ചലച്ചിത്രങ്ങളുടെ പേര് ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞ് തുടങ്ങി കേരളത്തിലെ 44 നദികൾ, 18 പുരാണങ്ങൾ, 118 മൂലകങ്ങൾ എന്നിവയടക്കം അനേകം കാര്യങ്ങൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.
മാധ്യമ പ്രവർത്തകനായ വേണു പരമേശ്വർ നേതൃത്വം കൊടുത്ത ഈ പരിപാടിയിൽ ലോക റിക്കാർഡിലേയ്ക്കുള്ള പ്രയത്‌നങ്ങളെപ്പറ്റിയുള്ള വിശദീകരണവും പ്രചോദനം പകർന്നു. സാന്ത്വന സിദ്ധ ആശുപതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. സാംദേവ്, സാന്ത്വന ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസ് മാനേജിംഗ് ഡയറക്ടർ ആർ.എ. രാജ് കുമാർ , എസ്.രാജേന്ദ്രൻ ഐ.പി.എസ്, റവ: റെയ്‌നോൾഡ് റ്റി എശയ്യ ,പ്രവീൺ പ്രദ്യോദ്, ഷിനു .വി.എസ്, നിർമ്മൽ പി രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
