മമ്മൂട്ടിക്ക് മുമ്പേ മധുവിന് കൊടുക്കേണ്ടതായിരുന്നില്ലേ? യേശുദാസിനെ തഴഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് കൊടുത്തതും ശരിയായില്ല

എംകെ സാനുവും ലീലാവതിയും ഒഴിവായിപ്പോയതിലും പരാതി
കേരള പുരസ്‌കാരം: വേദനയോടെയുള്ള പരാതിയുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ
തിരുവനന്തപുരം: കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടവേളയിൽ വേദനയോടെയുള്ള പരാതിയുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ രംഗത്ത്.
ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ രൂപം:
വേദനയോടെയുള്ള പരാതിയാണ്.ആദ്യത്തെ കേരള പുരസ്‌കാരങ്ങൾ ഇന്ന് പ്രഖാപിക്കപ്പെട്ടിരിക്കുന്നു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണിവ.
കേരള ജ്യോതി , കേരള പ്രഭ, കേരളശ്രീ എന്നിങ്ങനെ മൂന്നിനം പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. കേരളജ്യോതി പുരസ്‌കാരം എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്കാണ് (സാഹിത്യം). ഓംചേരി എൻ.എൻ. പിള്ള (കല,നാടകം, സാമൂഹ്യ സേവനം,പബ്ലിക് സർവീസ്), ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം), നടൻ മമ്മൂട്ടി (കല), എന്നിവർ കേരളപ്രഭ പുരസ്‌കാരത്തിനും ഡോ.ബിജു (ശാസ്ത്രം) ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല), കാനായി കുഞ്ഞുരാമൻ (കല), കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ( സാമൂഹ്യ സേവനം, വ്യവസായം ) , എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യസേവനം), വൈക്കം വിജയലക്ഷ്മി(കല) എന്നിവർ
കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി. പേരിനോട് ചേർത്തു കൊടുത്തിട്ടുള്ള മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഇവർക്കെല്ലാം പുരസ്‌കാരങ്ങൾ നൽകിയിരിക്കുന്നത്.
ഇനി പരാതിയിലേക്ക് കടക്കാം.
കലയിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് ഈ പുരസ്‌കാരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്കാണ്. കാനായി കുഞ്ഞുരാമനേക്കാൾ മുമ്‌ബേ എന്തുകൊണ്ടും 97 വയസ്സുകാരനായ നമ്പൂതിരി ഇതർഹിക്കുന്നുണ്ട്. അദ്ദേഹം ആഗ്രഹിക്കുന്നില്ലെങ്കിലും.



നടനം എന്ന കലയിൽ മമ്മൂട്ടിക്ക് മുമ്പേ നടൻ മധു ഇതർഹിക്കുന്നു എന്നും ഞാൻ കരുതുന്നു. വൈക്കം വിജയലക്ഷ്മിക്കു മുമ്പ് സംഗീതത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് യേശുദാസ് അർഹനാവേണ്ടതാണ്. എം.കെ. സാനുവും എം.ലീലാവതിയും ഒഴിവാക്കപ്പെട്ടതിലും പരാതിയുണ്ട്; വേദനയുണ്ട്. അടൂർ ഗോപാലകൃഷ്ണൻ അവാർഡ് നിർണയ സമിതിയിൽ ഒതുക്കപ്പെടേണ്ടയാളുമായിരുന്നില്ല.
ശ്രദ്ധേയമായ രീതിയിൽ തുടക്കം കുറിക്കേണ്ടിയിരുന്ന ഈ പുരസ്‌കാരങ്ങൾ കുറെക്കൂടി ശ്രദ്ധയോടെ ആവാമായിരുന്നു. ഇപ്പോൾ പരിഗണിക്കപ്പെട്ട പലരേയും വരുംവർഷങ്ങളിൽ പരിഗണിച്ചാലും മതിയായിരുന്നു. തുടക്കത്തിലെ ഈ കല്ലുകടി സാംസ്‌കാരിക കേരളം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നു.