പുരസ്‌കാരമല്ല വേണ്ടത്,
എന്റെ ശില്പങ്ങൾ സംരക്ഷിക്കാൻ നടപടിയുണ്ടാവട്ടെ…

കഷ്ടപ്പെട്ട് ചെയ്ത പാർക്കുകൾ സർക്കാർ നശിപ്പിച്ചു; ശിൽപ്പങ്ങൾ സംരക്ഷിക്കുന്നില്ല, കേരള ശ്രീ പുരസ്‌കാരം വേണ്ടെന്ന് കാനായി കുഞ്ഞിരാമൻ

കാസർകോട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശിൽപ്പി കാനായി കുഞ്ഞിരാമൻ.
ശിൽപ്പങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെ ശംഖുമുഖത്തെയും വേളിയിലെയും പാർക്കുകൾ നശിപ്പിച്ചു. കുറച്ചുനാൾക്കുമുൻപ് ശംഖുമുഖത്ത് ഒരു ഹെലികോപ്ടർ കൊണ്ടുവന്ന് വച്ച് അവിടം വികൃമാക്കി. ഇക്കാര്യം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായില്ല. വേളിയിലും സമാനമായ അവസ്ഥയാണ്. വളരെ കഷ്ടപ്പെട്ട് ചെയ്ത ടൂറിസ്റ്റ് വില്ലേജ് വികൃമാക്കി. കണ്ണൂർ പയ്യാമ്ബലത്തെ പാർക്കും അവഗണിക്കപ്പെട്ട് കിടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പാർക്ക് അവഗണിക്കപ്പെട്ട നിലയിലാണെന്നും കാനായി കുഞ്ഞിരാമൻ ആരോപിച്ചു.
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാരിന്റെ പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന ആദ്യത്തെ പരമോന്നത പുരസ്‌കാരങ്ങളാണ് കേരള പുരസ്‌കാരങ്ങൾ. കല വിഭാഗത്തിലാണ് കാനായി കുഞ്ഞിരാമൻ കേരള ശ്രീ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്.

പ്രാഥമിക പരിശോധനാസമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാസമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ച ശേഷമാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിന് നാമനിർദ്ദേശം നൽകിയത്.