ഗ്രീഷ്മ ബി.എ റാങ്കുകാരി, ഹൊറർ സിനിമകളുടെ ആരാധിക

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മ ആർ. നായർ പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമാണ്. തമിഴ്‌നാട്ടിലെ മുസ്‌ലിം ആർട്‌സ് കോളജിൽനിന്നു ബി.എ ഇംഗ്ലിഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമകളുടെ ആരാധികയുമാണ്. പൊലീസ് അന്വേഷണത്തെയും ഗ്രീഷ്മ അസാമാന്യ ധൈര്യത്തോടെയാണ് നേരിട്ടത്. ഒന്നിലധികം തവണ മൊഴിയെടുത്തപ്പോഴും പൊലീസിന് പോലും ആദ്യം ഇവരിൽ സംശയം തോന്നിയില്ല. തുടർന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ ഇന്നലെ വിളിപ്പിക്കുകയായിരുന്നു. അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഗ്രീഷ്മക്ക് പിടിച്ചുനിൽക്കാനായില്ല. പിന്നെ എല്ലാം ഏറ്റുപറയുകയായിരുന്നു.
ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം തെളിയും മുമ്പ് ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന രാമവർമൻചിറയിലെ നാട്ടുകാരും എതിരായതോടെ ഉടനടി പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പുണ്ടാകാനിടയില്ല. ഗ്രീഷ്മയുടെ വീടിനുനേർക്ക് ഇതിനിടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. എം.എ വിദ്യാർഥിനിയാണ് ഗ്രീഷ്മ. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതിൽ പരാജയപ്പെട്ടതിലൂടെ കൊലപാതകത്തിലേക്ക് തിരിയുകയായിരുന്നു.