വത്സൻ നെല്ലിക്കോടിന്റെ പ്രളയം പറഞ്ഞ കഥ പ്രകാശനം ചെയ്തു

കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള
കോഴിക്കോട് : ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു ലക്ഷം ആളുകളിൽ 441 പേർ ധീരമായി കുറ്റം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ഇലന്തൂർ നരബലിയെ പരാമർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയ കണക്കെടുത്താൽ കുറ്റം ചെയ്യുന്നവർ ലക്ഷത്തിൽ 200 ആണെങ്കിൽ നമ്മുടെ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയാണ്. ഇലന്തൂർ നരബലി പോലെ ഇത്രയും ക്രൂരമായൊരു സംഭവം 20 വർഷത്തെ ക്രൈം പരിശോധിച്ചാൽ ഇന്ത്യയിലൊരിടത്തും സംഭവിച്ചിട്ടില്ല.
പ്രശസ്ത സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് രചിച്ച ‘പ്രളയം പറഞ്ഞ കഥ ‘ നോവലിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘ഇന്ത്യ നരേന്ദ്ര മോദിയിലൂടെ ‘ എന്ന ബൃഹത്ഗ്രന്ഥം രചിച്ച വത്സൻ നെല്ലിക്കോട് ഭാരതം മുഴുവൻ അറിയപ്പെടേണ്ട എഴുത്തുകാരനാണെന്നും അങ്ങനെ സംഭവിക്കാതെ പോയത് ഗ്രന്ഥം മലയാളത്തിലായതിനാലാണെന്നും പുസ്തകം ഹിന്ദിയിലേക്കോ ഇംഗ്ലീഷിലേക്കോ പരിഭാഷപ്പെടുത്തണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

20 18 ൽ കേരളത്തെ പിടിച്ചു കുലുക്കിയ അന്ത സംഘർഷങ്ങളെ ആത്മാവിലേക്കേറ്റു വാങ്ങിയ ഒരു നോവലാണ് ‘പ്രളയം പറഞ്ഞ കഥ ‘ യെന്നു ഗുരുവായൂരപ്പൻ കോളേജിലെ മലയാള ഗവേഷണ വിഭാഗം മേധാവിയും പ്രശസ്ത സാഹിത്യവിമർശകനുമായ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു. ദുരന്തത്തിന്റെ ആവിഷ്‌ക്കാര സന്ദർഭത്തിൽ അതിന്റെ നടുക്കങ്ങളെ ഏറ്റുവാങ്ങിക്കൊണ്ടു അങ്ങേയറ്റം പരീക്ഷണാത്മകവും വ്യത്യസ്തവുമായ ആഖ്യാന രീതി സ്വാംശീകരിച്ചുകൊണ്ടാണ് വത്സേട്ടൻ ഈ നോവൽ രചിച്ചിരിക്കുന്നത്.
സാഹിത്യകാരൻ പി.ആർ. നാഥൻ അദ്ധ്യക്ഷനായിരുന്നു. ആറന്മുള രാജയോഗ മെഡിറ്റേഷൻ സെന്ററിലെ ആചാര്യ രാജയോഗിനി ഗീത, എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ സ് ചെയർമാൻ ഡോ.കെ.മൊയ്തു, ഡോ.വി.എൻ. സന്തോഷ് കുമാർ, പി.പി. ജിഷ സംസാരിച്ചു. നോവലിസ്റ്റ് വത്സൻ നെല്ലിക്കോട് മറുപടി പ്രസംഗം നടത്തി.
