ശ്രേഷ്ഠൻ യോഗി തന്നെ (ഭഗവത് ഗീത ധ്യാനയോഗം ശ്ലോകം 47
വ്യാഖ്യാനം: വത്സൻ നെല്ലിക്കോട്

ശ്രേഷ്ഠൻ യോഗി തന്നെ (ഭഗവത് ഗീത ധ്യാനയോഗം ശ്ലോകം 47
വ്യാഖ്യാനം: വത്സൻ നെല്ലിക്കോട്

മനസ്സിന്റെ ആദ്ധ്യാത്മികമായ കേന്ദ്രീയ പ്രക്രിയ ധ്യാനത്തിനു മുമ്പെ നടക്കേണ്ട ഒരു സംഗതി യാണ്. അതായത് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ ആദ്യം ശീലിക്കണം. ഗുരുവിന്റെ നാവിൽ നിന്നു സത്യം ആദ്യം ശ്രവിക്കണം. ഏതെങ്കിലും വ്യക്തിയിൽ നിന്നോ ഗ്രന്ഥത്തിൽ നിന്നോ നേടിയതായാൽ ‘ ശ്രവണം ‘ ആകില്ല. ഗുരുവിൽ നിന്നു തന്നെ നേരിട്ടു കേൾക്കണം. പിന്നീടത് മനനം ചെയ്യണം. ഗുരു പറഞ്ഞു തന്ന സത്യത്തെക്കുറിച്ചു വീണ്ടും വീണ്ടും വിചാരിച്ചു കൊണ്ടിരിക്കുന്നതാണു മനനം. അടുത്ത താണു നിദിദ്ധ്യാസനം. മനസ്സ് ബ്രഹ്മത്തിൽ ഉറപ്പിച്ചു കൊണ്ടുള്ള തീവ്രമായ തപസ്സ് തന്നെയാണ് നിദിദ്ധ്യാസനം. എന്നാൽ തപസ്സ്, ധ്വാനം എന്നൊന്നും പൂർണ്ണമായി നിദിദ്ധ്യാസനത്തെക്കുറിച്ചു പറയാനാവില്ല. ധ്യാനവും തപസ്സുമൊക്കെ നിദിദ്ധ്യാസനത്തിൽ നിന്നു തുടർന്നുണ്ടാകേണ്ടതാണ്. അതിനോടു സാമ്യമുള്ള തുകൊണ്ടു ഈ ഇരിപ്പിനു നിദിദ്ധ്യാസനം എന്നു പറയുന്നുവെന്നു മാത്രം. ധ്യാന വസ്തുവിൽ അല്ലെങ്കിൽ ഈശ്വരനിൽ മനസ്സ് സമ്പൂർണ്ണമായി ഉറപ്പിക്കുന്നതാണു നിദിദ്ധ്യാസനം.
ഇവിടെ പറയാൻ പോകുന്ന വിഷയം ഇതല്ല. എന്നാൽ പറയുന്ന വിഷയവുമായി ഇവ അഭേദ്യമാം വിധം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ സൂചനകൾ ആവശ്യമായതിനാലാണ്. സൂചന കളില്ലാതെ അതു പറയാനാവില്ല.
പതഞ്ജലി മഹർഷി ധ്യാനം അഭ്യസിക്കേണ്ടത് എങ്ങനെയെന്നു നിർദ്ദേശിച്ചിട്ടുണ്ട്. അഷ്ടാംഗയോഗമാണത്. ഇവിടെ ധ്യാന രീതിയെപ്പറ്റിയല്ല പറയുന്നത് എന്നതിനാൽ ആ ഭാഗത്തേക്കു കടക്കുന്നില്ല.
ഹഠയോഗം എന്നത് വ്യായാമ പദ്ധതിയാണ്. യോഗ വ്യായാമ പദ്ധതിയല്ല. പതഞ്ജലിയുടെ ലളിതമായ ആസനമുറകൾ സ്വീകരിച്ചു രൂപപ്പെടുത്തിയ വ്യായാമ മുറകളാണിത്. ധ്യാനത്തിനുള്ള പതഞ്ജലിയുടെ ലളിതമായ ആസനങ്ങൾ രാജയോഗാസനങ്ങളാണ്. ധ്യാനത്തിനു എങ്ങനെ ഇരിക്കണം എന്നതാണത്. സുഖകരമായി ഇരിക്കാനുള്ള ആസനങ്ങളാണത്. ഇരുന്നു ധ്യാനിക്കാനുള്ള ആസനങ്ങളാണവ. ഇരിക്കുമ്പോൾ നട്ടെല്ല് , കഴുത്ത്, തല ഇത്രയും ലം ബമായി നേരെ നിവർന്നു ഇരിക്കണം. ‘സത്യത്തിൽ നിന്നു അണുവിട വ്യതിചലിക്കാതിരിക്കുക, മന്ത്രം ഉരുവിടുക, ബ്രഹ്മചര്യം നിഷ്‌കൃഷ്ടമായി പാലിക്കുക ‘ ഇത്രയും യോഗ സാധനക്ക് അത്യന്താപേക്ഷിതമാണെന്നു ലണ്ടനിലെ രാമകൃഷ്ണ വേദാന്ത കേന്ദ്രത്തിന്റെ സ്ഥാപകനും അദ്ധ്യക്ഷനുമായിരുന്ന സ്വാമി ഘനാനന്ദ – (1898 – 1969) രേഖപ്പെട്ടത്തിയിട്ടുണ്ട്.
കാഷായ വസ്ത്രവും ഭസ്മ ലേപനവും രുദ്രാക്ഷ ഹാരവും കമണ്ഡലവുമൊക്കെയണിഞ്ഞു നടക്കുന്ന ഒരാളെ കണ്ടാൽ സന്യാസിയെന്നു കരുതുന്നു. അത് സന്യാസത്തിന്റെ ബാഹ്യചിഹ്നങ്ങൾ മാത്രമാണ്. വേഷഭൂഷാധികൾ കണ്ട് അത് സന്യാസിയാണെന്നുറപ്പിക്കാൻ പറ്റുകയില്ല. ഭൗതിക സുഖങ്ങൾ ത്യജിക്കുന്നത് അഭ്യാസവും വൈരാഗ്യവും വന്നുചേരുമ്പോളാണ്. വസ്തു വിചാര പ്രധാനമാണു സന്യാസം. മനസ്സിനെ സമനില ശീലിപ്പിച്ചു കൊണ്ടുള്ള കർമ്മയോഗം കൂടിയാകുമ്പോൾ പരമമായ സത്യനിഷ്ഠയിലേക്കു എത്തിച്ചേരുന്നു. വേഷം കണ്ടു സന്യാസിയെന്നു കരുതുന്നത് പോലെയാണു യോഗി , തപസ്വി, ജ്ഞാനി, കർമി എന്നൊക്കെ പറയുന്നതു o തെറ്റിധരിച്ചിരിക്കുന്നത്. ഈ പദങ്ങൾ പരമമായ ബ്രഹ്മനിഷ്ഠ പാലിച്ച ആൾ എന്നർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. പര്യായപദങ്ങളായും പറയാറുണ്ട്. എന്നാൽ ഈ ഓരോ പദങ്ങളും വ്യത്യസ്തമായ ആദ്ധ്യാത്മിക അവസ്ഥയെയാണു പ്രതിനിധാനം ചെയ്യുന്നത് എന്നറിയണം. ഒരാളുടെ ജീവിത കാലത്തിനിടക്ക് യുവാവ്, ഭർത്താവ് , അച്ഛൻ, മുത്തച്ഛൻ. എന്നൊക്കെയുള്ള അവസ്ഥകളിലൂടെയാണ് അയാൾ ജീവിതകാലം പൂർത്തീകരിക്കുന്ന തെങ്കിലും ഏതവസ്ഥയിലും ഇയാൾ മനുഷ്യൻ തന്നെയാണ്. ഓരോ അവസ്ഥയിലും സ്വഭാവത്തിലും രൂപത്തിലും ചിന്തയിലും മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. അതുപോലെയാണു യോഗി , തപസ്വി, ജ്ഞാനി, കർമി എന്നീ പദങ്ങളും സ്വാമി എന്ന പദവും സന്യാസി എന്ന പൊതു സംജ്ഞയിൽ വരുന്നത്.
ഈ വിളിപ്പേരുകൾ തമ്മിൽ സാരമായ വ്യത്യാസങ്ങളുണ്ടെങ്കിലും സമമായാണ് പരിഗണിക്കപ്പെടുന്നത് , സത്യാന്വേഷി എന്ന ചുരുക്കപ്പേരിൽ . പരമമായ ബ്രഹ്മനിഷ്ഠ പാലിച്ച വൃക്തികൾ എന്ന നിലക്കും ഈ നാമങ്ങൾ ഉപയോഗിക്കുന്നുണ്ട്.
യോഗ സാധന ലൗകിക ജീവിതം നയിക്കുന്ന ഏവർക്കും വേണ്ടിയാണ് ഭഗവാൻ നിഷ്‌കർഷിച്ചിട്ടുള്ളത്. പതഞ്ജലി മഹർഷി യോഗത്തിനു വേണ്ടിയുള്ള അഷ്ടാംഗയോഗം തയാറാക്കിയതും യോഗ മനഷ്യർക്കു വേണ്ടി എന്നുള്ളതിനാലാണ്. ആ യോഗ സാധന തന്നെയാണ് വ്യായാമത്തിനു വേണ്ടിയുള്ള പദ്ധതികളായി പിന്നീടു രൂപപ്പെട്ടതെന്നും കരുതേണ്ടതുണ്ട്. ബുദ്ധി യോഗയാണു യോഗാസനം എന്നതും അതിനുള്ള ദൃഷ്ടാന്തം. കർതൃ ഭാവവും ഭോക്തൃ ഭാവവും വെടിയുമ്പോളാണു കാമക്രോധ മദമാത്സര്യങ്ങൾ അകലുന്നതും ചിത്തശുദ്ധി ക്കിടയാകുന്നതും എന്നതിനാൽ ലൗകിക ജീവിതം സുഖകരമാകുന്നു. യോഗമാർഗ്ഗത്തിലേക്കു കടന്ന ആൾക്ക് വിനാശമുണ്ടാകുമെന്നും വിചാരിക്കേണ്ടതില്ല. യഥാർത്ഥ യോഗ സിദ്ധി വരുമ്പോൾ ആ വിചാര മേ ഉണ്ടാകുന്നതല്ല.
ഈശ്വര ബുദ്ധിയെ ആശ്രയിച്ചു ചിത്തത്തെ സമനില ശീലിപ്പിക്കുന്ന ആളാണു യാഗി. സിദ്ധാന്തപരമായി മാത്രം വസ്തു ബോധം നേടിയ ആളാണു ജ്ഞാനി. ഭൗതിക കാമങ്ങളോടു കൂടി തപസ്സും വ്രതാനുഷ്ടാനങ്ങളും സ്വീകരിക്കുന്ന ആളാണു തപസ്വി . ഇവരിൽ ഏറ്റവും ശ്രേഷ്ഠൻ യോഗി തന്നെ. സത്യം കണ്ട ഗുരുവാക്യത്തിലും ശാസ്ത്ര നിർണ്ണയത്തിലും സംശയമില്ലാതെ തീവ്രമായി വിശ്വസിച്ചു ആത്മ ഭാവനയോടെ സർവ്വ കർമ്മങ്ങളും ഈശ്വരാരാധനയായി ചെയ്യുന്നവനാരോ അവനാണു യോഗിയെന്നും ഈ ഭാവന ദൃഡമായാൽ ക്രമേണ സർവ്വത്ര സമദർശനമെന്ന ഈശ്വരാനുഭൂതി ലഭ്യമാകുമെന്നും അവൻ ശ്രേഷ്ഠനായ യോഗിയാണെന്നും ഭഗവത് ഗീത ധ്യാനയോഗം ശ്ലോകം 47 ൽ ഭഗവാൻ കൃഷ്ണൻ പറയുന്നു.