ആരാധിക (കവിത) ഗീത. എസ്

ഇവിടെയെൻ വേദനകളുറയുന്നു ചിന്തകൾ
മറയുന്നു ബോധമകലുന്നു
ഇവിടെയിത്തിരുമുമ്പിലെത്തുമ്പൊഴെൻ
കരൾ കവിയുന്നു കൺകൾ നിറയുന്നു
ഒരു പിടി വരങ്ങൾ ചോദിച്ചു വാങ്ങാൻ കൈയിൽ
നിറയെ അനുഗ്രഹം വാങ്ങാൻ
കൊതിയോടെ ഞാനെന്നുമെത്തുന്നു എന്നുമീ
വെറുംകൈയുമായ് മടങ്ങുന്നു
യദുകുല വരാംഗികളെ നിദ്രയിലലട്ടുന്ന
കനിവോലുമാ മിഴികൾ മുന്നിൽ
കനവിന്റെ പൊൻ മഞ്ചമേറുന്ന ഞാനെന്തു
പറയുവാൻ എന്തു ചോദിക്കാൻ
ഇമകൾ അടയാതെ ഉടൽ ഇളകാതെ നിൻ കണ്ണിൽ
ഇളകുന്ന പീതാംബരത്തിൽ

കപട സ്മിതത്തിൽ മുടിച്ചാർത്തിൽ മോഹദക്കുളിർ
മെയ്യിൽ മുഗ്ധ പാദത്തിൽ
മതി വരാതേ നോക്കിനിൽക്കേ പ്രപഞ്ചങ്ങൾ
പുതിയ കണ്ണീരായി വീഴ്കെ
അറിവുകൾ മറന്നു മോഹങ്ങൾ മറന്നു ഞാൻ
ഇനി വരം എന്ത് ചോദിയ്ക്കാൻ
ഒരു വരം മാത്രം എൻ
അഞ്ജലീ ഹസ്തങ്ങൾ
ഒരു വരം മാത്രം കൊതിപ്പൂ
ഒരു വരം മാത്രം എൻ അന്തരാത്മാവെന്നും
ഒടുവിലായ് വീണ്ടും കൊതിപ്പൂ
നിറയും മിഴിക്കോണിൽ ജാഗ്രത് സുഷുപ്തിയിൽ
ഒരു ദൃശ്യമേ പൂത്തു നിൽപ്പൂ
തരളിത കരം കോർത്ത വനമാല കുളിരോടെ
തിരുമാറിൽ നീ അണിയുമെങ്കിൽ
മമ സുപ്ത മോഹങ്ങൾ നിൻ മുളം കുഴലിലെ
സ്വരരാഗ സുധയാകുമെങ്കിൽ
മതി അത്ര മാത്രം ഈ ഭക്തിയും സ്വത്വവും
പല കുറി നമിച്ചു നിൽക്കുന്നേൻ
മതി അത്ര മാത്രം ഈ സുന്ദരപദത്തിലെൻ
ജനി മൃതികൾ കാഴ്ചവയ്ക്കുന്നേൻ